ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്റെ വധം; 6 പേര്‍ അറസ്റ്റില്‍, നിരവധി വാഹനങ്ങള്‍ ഇന്നും തകര്‍ത്തു
ബെംഗളൂരു: ശിവമോഗയില്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്‍ ഹര്‍ഷ കൊല്ലപ്പെട്ട കേസില്‍ ആറ് പേര്‍ അറസ്റ്റില്‍. എല്ലാവര്‍ക്കും ക്രമിനല്‍ പശ്ചാത്തലമുണ്ടെന്ന് പോലീസ്. അതേസമയം, 12 പേരെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുത്തു. ഖാസിഫ്, നദീം, അഫ്‌സിഫുല്ല ഖാന്‍, റിഹാന്‍ ശെരീഫ്, നിഹാന്‍, അബ്ദുല്‍ അഫ്‌നാന്‍ എന്നിവരാണ് അറസ്റ്റിലായത്. എല്ലാ പ്രതികളും 22 വയസില്‍ താഴെയുള്ളവരാണ്. ശിവമോഗ സ്വദേശികളാണ്. മൂന്ന് പേര്‍ കൊലപാതക കേസില്‍ നേരത്തെ ഉള്‍പ്പെട്ടവരാണ്. എന്തിനാണ് ഹര്‍ഷയെ കൊലപ്പെടുത്തിയത് എന്നത് സംബന്ധിച്ച് വ്യക്തമായ വിവംര ലഭിച്ചിട്ടില്ല. ഇക്കാര്യം അന്വേഷിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു.
ശിവമോഗയില്‍ കര്‍ഫ്യൂ വെള്ളിയാഴ്ച വരെ നീട്ടി. സംഘര്‍ഷാവസ്ഥയ്ക്ക് അയവ് വന്നിട്ടില്ലാത്തതിനാലാണ് കര്‍ഫ്യൂ നീട്ടിയത്. ഞായറാഴ്ച രാത്രിയാണ് ഹര്‍ഷയെ കാറിലെത്തിയ ഒരു സംഘം കുത്തിക്കൊന്നത്. ഹര്‍ഷക്ക് നേരത്തെ ഭീഷണിയുണ്ടായിരുന്നുവെന്നും പോലീസ് പറയുന്നു. എന്നാല്‍ ഭീഷണിയുള്ളതായി ഹര്‍ഷ പറഞ്ഞിട്ടില്ല എന്നാണ് സഹോദരി പ്രതികരിച്ചത്. നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസമുണ്ട്. ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ നീതി ലഭ്യമാക്കുമെന്നാണ് കരുതുന്നതെന്നും ഹര്‍ഷയുടെ സഹോദരി അശ്വനി പറഞ്ഞു.

അതേസമയം, ഹര്‍ഷയുടെ കൊലപാതകത്തിന് നിലവില്‍ കര്‍ണാടകയില്‍ നടക്കുന്ന ഹിജാബ് വിവാദവുമായി ബന്ധമില്ല എന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ എല്ലാ വശവും പരിശോധിക്കുന്നുണ്ടെന്ന് ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞു. ഹിജാബ് സമരത്തിന് പിന്നിലുള്ള സംഘടനകളെ നിരീക്ഷിക്കുന്നുണ്ട്. അവര്‍ക്ക് കൊലപാതകത്തില്‍ പങ്കുണ്ടോ എന്ന് അന്വേഷിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ശിവമോഗയില്‍ കല്ലേറും സംഘര്‍ഷവുമുണ്ടാക്കിയവര്‍ക്കെതിരെയും നടപടിയെടുക്കുമെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.
വിലാപ യാത്രയ്ക്ക് അനുമതി നല്‍കിയത് ഉചിതമായില്ല എന്ന അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. വിലാപ യാത്രയ്ക്കിടെയാണ് വീടുകള്‍, പള്ളികള്‍, കടകള്‍ എന്നിവക്കെതിരെ ആക്രമണമുണ്ടായത്. നൂറോളം വാഹനങ്ങള്‍ കത്തിക്കുകയും ചെയ്തു. കൊലപാതകത്തിന് പിന്നില്‍ വന്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ദേശീയ അന്വേഷണ ഏജന്‍സി പരിശോധിക്കണമെന്നും മന്ത്രി കെഎസ് ഈശ്വരപ്പ, കേന്ദ്രമന്ത്രി ശോഭ കരണ്‍ദ്‌ലജെ എന്നിവര്‍ ആവശ്യപ്പെട്ടു. ഹിജാബ് വിവാദവും ഹര്‍ഷയുടെ കൊലപാതകവും ബന്ധമുണ്ട് എന്നാണ് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷ് ആരോപിച്ചത്. ജിഹാദികളാണ് കൊലപാതകം നടത്തിയതെന്നും അദ്ദേഹം പറയുന്നു.
2020ല്‍ ഹര്‍ഷ ഒരു ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് കൊലപാതകം നടന്നതെന്ന് പോലീസ് സംശയിക്കുന്നു. 2020 ഡിസംബറിലുണ്ടായ കലാപം ഉള്‍പ്പെടെയുള്ള കേസുകളില്‍ ഹര്‍ഷ പ്രതിയാണ് എന്ന് പോലീസ് രേഖകള്‍ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ഹര്‍ഷയുടെ വിലാപ യാത്രയ്ക്കിടെ തിങ്കളാഴ്ച വ്യാപക സംഘര്‍ഷമാണ് ശിവമോഗയിലുണ്ടായത്. നിരോധനാജ്ഞ നിലനില്‍ക്കുന്നതിനിടെ ചൊവ്വാഴ്ചയും ചില വാഹനങ്ങള്‍ അഗ്നിക്കിരയാക്കപ്പെട്ടുവെന്ന് എഡിജിപി സി പ്രതാപ് റെഡ്ഡി പറഞ്ഞു.












Click it and Unblock the Notifications