സിജെപി, ഇടത് പാർട്ടികൾ സംഘടിപ്പിക്കുന്ന പ്രതിഷേധങ്ങളിൽ വിദ്യാർത്ഥികൾക്ക് വിലക്ക്; യു ടേണടിച്ച് തമിഴ്‌നാട്
ചെന്നൈ: ഇടതുപക്ഷ പാർട്ടികളും കോക്രോച്ച് ജനത പാർട്ടിയും സംഘടിപ്പിക്കുന്ന പ്രതിഷേധങ്ങളിൽ വിദ്യാർഥികൾ പങ്കെടുക്കുന്നത് തടയാൻ വിദ്യാഭ്യാസ വകുപ്പുകൾക്ക് നൽകിയ വിവാദ ഉത്തരവ് പിൻവലിച്ച് തമിഴ്‌നാട് സർക്കാർ. ശക്തമായ പ്രതിഷേധം ഉയർന്നതിനെ തുടർന്ന് ഓഗസ്‌റ്റ് 14ന് പുറപ്പെടുവിച്ച ഉത്തരവ് ബുധനാഴ്‌ചയാണ് പിൻവലിച്ചത്.
വിവാദ ഉത്തരവിനെതിരെ കോക്രോച്ച് ജനത പാർട്ടി രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. പാർട്ടിയുടെ ദേശീയ സഹകൺവീനർ സൗരവ് ദാസ് ഉത്തരവിനെ ഭരണഘടനാവിരുദ്ധവും യുക്തിരഹിതവും വിവേചനരഹിതവുമായ നടപടിയെന്ന് വിശേഷിപ്പിച്ചു. അതേസമയം ബിജെപി ഉത്തരവിനെ പിന്തുണച്ചു. കോക്രോച്ച് ജനത പാർട്ടിയെയും ഇടതുപക്ഷ സംഘടനകളെയും അശാന്തിയുടെ ഏജന്റുമാരെന്ന് ബിജെപി നേതാവ് വിനോജ് പി സെൽവം വിശേഷിപ്പിക്കുകയും ചെയ്‌തിരുന്നു.

നിലവിൽ പിൻവലിച്ച ഉത്തരവിൽ ഇടതുപക്ഷ പാർട്ടികളും കോക്രോച്ച് ജനത പാർട്ടിയും നടത്തുന്ന പ്രതിഷേധങ്ങളിലും പ്രക്ഷോഭങ്ങളിലും പങ്കെടുക്കാനുള്ള വിദ്യാർഥികളുടെയും യുവാക്കളുടെയും താൽപര്യം തടയാൻ ഏകോപിതമായ നടപടികൾ സ്വീകരിക്കണമെന്ന് സർക്കാർ നിർദ്ദേശിച്ചിരുന്നു. ഡൽഹിയിലെ ജന്തർ മന്തറിൽ നടന്ന സമീപകാല വിദ്യാർഥി പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയതും ഈ സംഘടനയായിരുന്നു.
ഇടതുപക്ഷ പാർട്ടികൾ ജൂണിൽ തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരിക്കാൻ വിജയ്‌യുടെ നേതൃത്വത്തിലുള്ള പാർട്ടിക്ക് ഉപാധികളില്ലാത്ത പുറം പിന്തുണ നൽകിയിരുന്നു എന്നതാണ് ഇതിൽ ശ്രദ്ധേയമായ കാര്യം. നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി വിജയ്‌യുടെ ടിവികെ മാറിയെങ്കിലും ഭൂരിപക്ഷം നേടാനായിരുന്നില്ല.
തുടർന്ന് വിശ്വാസവോട്ടെടുപ്പിൽ വിജയിക്കാൻ കോൺഗ്രസ്, വിസികെ തുടങ്ങിയ ചെറുകക്ഷികളുടെ പിന്തുണ ആവശ്യമായി വന്നു. അവിടെയാണ് ഇടത് പാർട്ടികൾ വിജയ്ക്ക് പിന്തുണ നൽകിയത്. അതേസമയം, ഏറ്റവും അടിയന്തരമായി നടപ്പാക്കേണ്ടതെന്ന് രേഖപ്പെടുത്തിയ ഉത്തരവിൽ സ്‌കൂളുകളും കോളജുകളും സ്വീകരിച്ച നടപടികളുടെ റിപ്പോർട്ട് ഓഗസ്‌റ്റ് 20നകം സർക്കാരിന് സമർപ്പിക്കണമെന്നും നിർദേശിച്ചിരുന്നു.
ജൂണിൽ അഭിഭാഷകൻ സി ബ്രഹ്മ ബാലസുബ്രഹ്മണ്യം നേതൃത്വം നൽകിയ ഒരു സംഘം കോക്രോച്ച് ജനത പാർട്ടി എന്ന പേരിൽ ഒരു പ്രാദേശിക രാഷ്ട്രീയ സംഘടന രജിസ്‌റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. എന്നാൽ ഈ സംഘടനയും മറ്റൊരു വ്യക്തിയുടെ നേതൃത്വത്തിലുള്ള കോക്രോച്ച് ജനത പാർട്ടിയും തമ്മിൽ വ്യത്യാസമുണ്ടെന്ന് ബ്രഹ്മ ബാലസുബ്രഹ്മണ്യം പിന്നീട് വ്യക്തമാക്കിയിരുന്നു.
അടുത്തിടെ ചെന്നൈയിലെ കമ്മ്യൂണിസ്‌റ്റ് പാർട്ടി ഓഫീസിൽ നടന്ന നീറ്റ് വിരുദ്ധ പ്രതിഷേധത്തിനിടെ ടിവികെ മന്ത്രിയെ വിദ്യാർഥികൾ വളയുന്ന സാഹചര്യമുണ്ടായി. പ്രതിഷേധക്കാർ മന്ത്രിയെ ഉപരോധിക്കുന്ന നിലയിലേക്കാണ് കാര്യങ്ങൾ നീങ്ങിയത്. സംഭവത്തെ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിൽ ടിവികെ സർക്കാർ പരാജയപ്പെട്ടുവെന്ന ആക്ഷേപവും ശക്തമായിരുന്നു.
ഒപ്പം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പരീക്ഷകളും വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട വിഷയങ്ങളും ഉയർത്തി യുവാക്കളുടെ നേതൃത്വത്തിൽ പ്രതിഷേധങ്ങൾ വ്യാപിക്കുന്ന സാഹചര്യത്തിൽ കൂടിയാണ് തമിഴ്‌നാട് സർക്കാരിന്റെ വിവാദ നടപടി ഉണ്ടായത്. പരീക്ഷാ ചോദ്യപേപ്പർ ചോർച്ച ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കോക്രോച്ച് ജനത പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന പ്രക്ഷോഭം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ വിദ്യാർഥികൾക്ക് പ്രചോദനമായതായാണ് വിലയിരുത്തൽ.
ഡൽഹിയിലെ ജന്തർ മന്തറിൽ ഒരു മാസത്തോളം നീണ്ട വിദ്യാർഥി പ്രക്ഷോഭം പിന്നീട് ശക്തമായ രാഷ്ട്രീയ സമ്മർദ്ദമായി മാറുകയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജിയിലേക്ക് നയിക്കുകയും ചെയ്‌തിരുന്നു. ജൂലൈ 20ന് പാർലമെന്റിലേക്ക് വിദ്യാർഥികൾ നടത്തിയ മാർച്ചിനിടെ സംഘർഷമുണ്ടായി. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ കണ്ണീർവാതകവും ജലപീരങ്കിയും ഉപയോഗിച്ചിരുന്നു.
തുടർന്ന് ചില പ്രതിഷേധക്കാരുടെ ശരീരത്തിൽ പെല്ലറ്റ് പരിക്കുകളുണ്ടെന്ന തരത്തിലുള്ള ചിത്രങ്ങളും ദൃശ്യങ്ങളും പുറത്തുവന്നു. സംഭവങ്ങൾ പ്രക്ഷോഭത്തിന് കൂടുതൽ ശക്തി നൽകുകയും സമൂഹത്തിന്റെ വിവിധ വിഭാഗങ്ങളിൽനിന്നുള്ള ആളുകൾ ജന്തർ മന്തറിലെ പ്രതിഷേധത്തിൽ പങ്കെടുക്കുകയും ചെയ്‌തു. ഒടുവിൽ ജൂലൈ 30ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവെച്ചിരുന്നു.




Click it and Unblock the Notifications