'ബംഗ്ലാദേശി നുഴഞ്ഞുകയറ്റം വെല്ലുവിളി'; എന്തുകൊണ്ട് ബിജെപി എന്ന ചോദ്യത്തിന് ചമ്പായി സോറന്റെ മറുപടി ഇങ്ങനെ
ന്യൂഡൽഹി: ഏറെനാളായി തുടരുന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് കൊണ്ട് ബിജെപി പ്രവേശനം സ്ഥിരീകരിച്ച് ജാർഖണ്ഡ് മുൻ മുഖ്യമന്ത്രിയും മുതിർന്ന ജെഎംഎം നേതാവുമായ ചമ്പായി സോറൻ. എന്തുകൊണ്ട് താൻ ബിജെപി തിരഞ്ഞെടുത്തു എന്ന ചോദ്യത്തിനുള്ള വ്യക്തമായ ഉത്തരവും ചമ്പായി സോറൻ നൽകുകയുണ്ടായി. തന്റെ സമൂഹ മാധ്യമ അക്കൗണ്ടിലൂടെയുമാണ് മുതിർന്ന നേതാവ് ഈ കാര്യത്തിൽ സ്ഥിരീകരണം നടത്തിയത്.
ബംഗ്ലാദേശി നുഴഞ്ഞുകയറ്റ വിഷയത്തിൽ ഉൾപ്പെടെ ഊന്നിക്കൊണ്ടായിരുന്നു സോറന്റെ പ്രതികരണം. മോദിയിലും അമിത് ഷായിലും താൻ വിശ്വാസം അർപ്പിക്കുന്നുണ്ടെന്നും സോറൻ പറഞ്ഞു. സന്യാസം സ്വീകരിക്കണം എന്ന തന്റെ ആവശ്യം ജനങ്ങൾ തള്ളി കളഞ്ഞുവെന്നും, ജാർഖണ്ഡിലെ ജനങ്ങളുടെ അഭിപ്രായമറിഞ്ഞുവെന്നും സോറൻ എക്‌സ് പോസ്‌റ്റിലൂടെ വ്യക്തമാക്കി.

തന്നെക്കാൾ മുതിർന്ന നേതാക്കൾ ആരോഗ്യപരമായ കാരണങ്ങളാൽ പാർട്ടിയിൽ നിന്ന് വിട്ട് നിൽക്കുന്ന സാഹചര്യത്തിൽ തനിക്ക് തന്റെ വേദന അറിയിക്കാൻ കഴിയുന്ന ഒരിടം പാർട്ടിക്കുള്ളിൽ ഇല്ലാതായെന്ന് അദ്ദേഹം പറയുന്നു. 2000ൽ ബീഹാറിൽ നിന്ന് വേർപെടുത്തിയ ജാർഖണ്ഡിലെ സന്താൽ പർഗാന മേഖലയിൽ ബംഗ്ലാദേശി നുഴഞ്ഞുകയറ്റം വലിയ വെല്ലുവിളിയായി മാറിയെന്നും സോറൻ പറയുകയുണ്ടായി.
'കാടിനും ഭൂമിക്കും വെള്ളത്തിനും വേണ്ടിയുള്ള പോരാട്ടത്തിൽ ബ്രിട്ടീഷുകാരുടെ അടിമത്തം ഒരിക്കലും അംഗീകരിക്കാത്ത ധീരന്മാരുടെ പിൻഗാമികളുടെ ഭൂമിയാണ് ഇന്ന് നുഴഞ്ഞുകയറ്റക്കാർ കൈവശപ്പെടുത്തുന്നത് എന്നതിനേക്കാൾ ദൗർഭാഗ്യകരമായ മറ്റെന്തുണ്ട്. അവർ കാരണം ഫൂൽ-ജാനോയെപ്പോലുള്ള ധീരരായ സ്ത്രീകളെ മാതൃകയായി കാണുന്ന നമ്മുടെ അമ്മമാരുടെയും സഹോദരിമാരുടെയും പെൺമക്കളുടെയും അന്തസ് അപകടത്തിലാണ്' സോറൻ എക്‌സിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.
'ആദിവാസികൾക്കും നാട്ടുകാർക്കും സാമ്പത്തികമായും സാമൂഹികമായും ദ്രോഹമുണ്ടാക്കുന്ന ഈ നുഴഞ്ഞുകയറ്റക്കാരെ തടഞ്ഞില്ലെങ്കിൽ, സന്താൽ പർഗാനയിലെ നമ്മുടെ സമൂഹത്തിന്റെ നിലനിൽപ്പ് തന്നെ അപകടത്തിലാകും. പാകൂർ, രാജ്‌മഹൽ ഉൾപ്പെടെയുള്ള പല പ്രദേശങ്ങളിലും അവരുടെ എണ്ണം ആദിവാസികളേക്കാൾ കൂടുതലാണ്. രാഷ്ട്രീയത്തിന് അതീതമായി, ഈ വിഷയം ഉന്നയിക്കണം എങ്കിൽ മാത്രമേ ആദിവാസികൾക്ക് നിലനിൽപ്പ് ഉണ്ടാവൂ' സോറൻ തുടർന്നു.
ബിജെപി മാത്രമാണ് ഇക്കാര്യത്തിൽ ഗൗരവമായി നടപടികൾ സ്വീകരിക്കുന്നുള്ളൂ എന്ന് പറഞ്ഞ സോറൻ മറ്റ് പാർട്ടികൾ വിഷയം അവഗണിക്കുകയാണ് എന്നും ചൂണ്ടിക്കാട്ടി. 'അതിനാൽ ആദിവാസികളുടെ സ്വത്വവും അസ്‌തിത്വവും സംരക്ഷിക്കാനുള്ള ഈ പോരാട്ടത്തിൽ, ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെയും ആഭ്യന്തരമന്ത്രി ശ്രീ അമിത് ഷാ ജിയുടെയും നേതൃത്വത്തിൽ വിശ്വാസം പ്രകടിപ്പിച്ച് ഭാരതീയ ജനതാ പാർട്ടിയിൽ ചേരാൻ ഞാൻ തീരുമാനിച്ചു.' എന്നാണ് സോറൻ പറഞ്ഞു വയ്ക്കുന്നത്.
അതേസമയം, ആഗസ്‌റ്റ് മുപ്പതിന് നടക്കുന്ന ചടങ്ങിലാവും ചമ്പായ് സോറൻ ബിജെപിയിൽ അംഗത്വം സ്വീകരിക്കുക. ഈ വർഷം ജനുവരിയിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഹേമന്ത് സോറൻ അറസ്‌റ്റിലായതിന് പിന്നാലെ രാജി വച്ചതോടെ ജാർഖണ്ഡ് മുഖ്യമന്ത്രിയായി അദ്ദേഹം സേവനം അനുഷ്‌ഠിച്ചിരുന്നു. എന്നാൽ നാല് മാസങ്ങൾക്ക് ശേഷം ഹേമന്ത് സോറന്റെ മടങ്ങി വരവിനായി അദ്ദേഹത്തിന് പടിയിറങ്ങേണ്ടി വരികയായിരുന്നു.












Click it and Unblock the Notifications