ആഴ്‌ചയിൽ 5 ദിവസം മാത്രം ജോലി; രാജ്യവ്യാപക പണിമുടക്കുമായി ബാങ്ക് ജീവനക്കാർ, ജനുവരി 27ന് സ്‌തംഭിക്കും
ന്യൂഡൽഹി: ബാങ്കിംഗ് മേഖലയിൽ അഞ്ചുദിവസത്തെ പ്രവൃത്തിവാരം നടപ്പാക്കണമെന്നാവശ്യപ്പെട്ട് ബാങ്ക് ജീവനക്കാരുടെ യൂണിയനുകൾ ജനുവരി 27-ന് രാജ്യവ്യാപക പണിമുടക്കിന് ആഹ്വാനം ചെയ്‌തിരിക്കുന്നത്. യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസാണ് (യുഎഫ്ബിയു) ഇതിന് നേതൃത്വം നൽകുന്നത്. ഏറെക്കാലമായി ഈ ആവശ്യം അവർ ഉന്നയിക്കുന്നുണ്ട്.
ഈ പണിമുടക്ക് നടന്നാൽ ജനുവരി 25, 26 തീയതികൾ അവധികളായതിനാൽ പൊതുമേഖലാ ബാങ്കുകളുടെ പ്രവർത്തനം തുടർച്ചയായി മൂന്ന് ദിവസത്തേക്ക് സ്‌തംഭിക്കും എന്നതാണ് പ്രധാനപ്പെട്ട കാര്യം. ഈ സാഹചര്യത്തിൽ എല്ലാവരും ശ്രദ്ധയോടെയാണ് ഈ വാർത്തയെ നോക്കി കാണുന്നത്. നിലവിൽ എല്ലാ മാസത്തിലെയും രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്‌ചകളും ഞായറാഴ്‌ചകളും ജീവനക്കാർക്ക് അവധിയാണെന്ന് പിടിഐ അറിയിച്ചു.

ശേഷിക്കുന്ന രണ്ട് ശനിയാഴ്‌ചകൾ കൂടി അവധിയാക്കാൻ 2024 മാർച്ചിൽ ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനും (ഐബിഎ) യുഎഫ്ബിയുവും തമ്മിൽ ഒപ്പുവെച്ച വേതന കരാറിൽ ധാരണയായിരുന്നുവെന്ന് യൂണിയൻ ചൂണ്ടിക്കാട്ടി. എന്നാൽ അത് പാലിക്കാൻ കൂട്ടാക്കാതെ വന്നതോടെയാണ് ജീവനക്കാരുടെ സംഘടന സമരത്തിന് ഒരുങ്ങുന്നത്.
'ഞങ്ങളുടെ ന്യായമായ ആവശ്യത്തോട് സർക്കാർ പ്രതികരിക്കാത്തത് ഖേദകരമാണ്. തിങ്കൾ മുതൽ വെള്ളി വരെ ദിവസവും 40 മിനിറ്റ് അധികം ജോലി ചെയ്യാൻ സമ്മതിച്ചതിനാൽ, സമയനഷ്‌ടമുണ്ടാവില്ല' എന്നായിരുന്നു യുഎഫ്ബിയു പ്രസ്‌താവനയിൽ പറഞ്ഞത്. എന്നാൽ ഇതിൽ ഒരു തരത്തിലുള്ള പുരോഗതിയും ഉണ്ടായിട്ടില് എന്നതാണ് ലഭ്യമായ വിവരം.
ആർബിഐ, എൽഐസി, ജിഐസി അടക്കമുള്ള സ്ഥാപനങ്ങളിലും ഫോറിൻ എക്സ്ചേഞ്ച്, മണി മാർക്കറ്റുകൾ, സ്‌റ്റോക്ക് എക്സ്ചേഞ്ചുകൾ, കേന്ദ്ര-സംസ്ഥാന സർക്കാർ ഓഫീസുകൾ എന്നിവയും ശനിയാഴ്‌ചകളിൽ പ്രവർത്തിക്കാറില്ല. അതിനാൽ ബാങ്കുകൾക്കും അഞ്ചുദിവസ പ്രവൃത്തിവാരം നടപ്പാക്കാതിരിക്കാൻ ന്യായീകരണമില്ലെന്ന് പ്രസ്‌താവന പറയുന്നു.
രാജ്യത്തെ പൊതുമേഖലാ ബാങ്കുകളിലെയും പഴയ സ്വകാര്യ ബാങ്കുകളിലെയും ജീവനക്കാരെ പ്രതിനിധീകരിക്കുന്ന യുഎഫ്ബിയു രാജ്യത്തെ ഒൻപത് ബാങ്ക് യൂണിയനുകളുടെ ഫെഡറേഷനാണ്. ഇവരുടെ ഇതുമായി ബന്ധപ്പെട്ട കാമ്പയിൻ വളരെയധികം സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കെപ്പെടുന്നുണ്ട്. നിരവധി പേരാണ് ഇത് ഏറ്റെടുത്തിരിക്കുന്നത്.
നേരത്തെ സമാനമായ ആവശ്യം ഉന്നയിച്ച് ബാങ്ക് ജീവനക്കാരുടെ സംഘടന ജനുവരി 5 മുതൽ എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും യൂണിയൻ ധർണകൾ ആസൂത്രണം ചെയ്‌തിട്ടുണ്ട്. തുടർന്ന് ജനുവരി 13ന് പത്രസമ്മേളനം നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. ആവശ്യങ്ങൾക്ക് പരിഹാരം ലഭിച്ചില്ലെങ്കിൽ, ജനുവരി മൂന്നാം വാരത്തിൽ രാജ്യവ്യാപകമായി പണിമുടക്ക് നടത്തുമെന്നും വ്യക്തമാക്കിയിരുന്നു. ഇപ്പോഴാണ് പണിമുടക്ക് തീയതി പ്രഖ്യാപിച്ചത്.












Click it and Unblock the Notifications