വായ്പ തരാം പക്ഷേ കിടക്ക പങ്കിടണം, കര്‍ഷകന്റെ ഭാര്യക്ക് ബാങ്ക് മാനേജരുടെ നിര്‍ദേശം, പറഞ്ഞ് കുടുങ്ങി
വായ്പ തരാന്‍ കിടക്ക പങ്കിടണമെന്ന് ബാങ്ക് മാനേജര്‍
മുംബൈ: വിളകള്‍ക്ക് വേണ്ടിയുള്ള വായ്പ ചോദിച്ചെത്തിയ കര്‍ഷകന്റെ ഭാര്യ ബാങ്ക് മാനേജരുടെ ആവശ്യം കേട്ട് ഞെട്ടിയിരിക്കുകയാണ്. വായ്പ അനുവദിക്കാം പകരം താനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്നാണ് ഇയാള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ബുല്‍ദാന ജില്ലയിലെ സെന്‍ട്രല്‍ ബാങ്കിലാണ് സംഭവം നടന്നത്. ഭര്‍ത്താവിനൊപ്പമാണ് എത്തിയതെങ്കിലും ഒരു മടിയും കൂടാതെയാണ് ബാങ്ക് മാനേജര്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. എന്തായാലും പോലീസ് ഇപ്പോള്‍ മാനേജരെ തിരഞ്ഞ് നടപ്പാണ്. അറസ്റ്റിലാവുമെന്ന് ഉറപ്പായിട്ടുണ്ട്. ഭര്‍ത്താവിനൊപ്പം ബാങ്കിലെത്തിയ ഇവര്‍ കര്‍ഷക വായ്പയ്ക്ക് വേണ്ടി അപേക്ഷിച്ചിരുന്നു. ഇതിന് ശേഷമാണ് നാടകീയ സംഭവങ്ങള്‍ ഉണ്ടായത്.

ബ്രാഞ്ച് മാനേജര്‍ രാജേഷ് ഹിവാസെ ഈ സ്ത്രീയുടെ വിശദാംശങ്ങള്‍ പ്രത്യേകം തിരഞ്ഞെടുക്കുകയും ഇവരെ വിളിക്കുകയും ചെയ്തു. അശ്ലീല സംഭാഷണമാണ് ഇയാള്‍ നടത്തിയത്. തുടര്‍ന്ന് കൂടെ കിടക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ യുവതി വഴങ്ങിയില്ല. തുടര്‍ന്ന് ബാങ്കിലെ പ്യൂണിനെ ഇവരുടെ വീട്ടിലേക്ക് അയക്കുകയും തന്റെ ആഗ്രഹത്തിന് വഴങ്ങാന്‍ ആവശ്യപ്പെടുകയുമായിരുന്നു. വായ്പ മാനേജര്‍ പാസാക്കി തരുമെന്നും സ്‌പെഷ്യല്‍ പാക്കേജില്‍ ഉള്‍പ്പെടുത്തുകയും ചെയ്യാമെന്ന് ഇയാള്‍ പ്യൂണ്‍ വഴി അറിയിക്കുകയും ചെയ്തു. പക്ഷേ ഇത് ലഭിക്കണമെങ്കില്‍ താന്‍ പറയുന്ന കാര്യങ്ങള്‍ നടത്തി തരണമെന്നും ഇയാള്‍ ആവശ്യപ്പെടുകയായിരുന്നു.
അതേസമയം യുവതി ഈ സംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്യുകയും പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. യുവതിയുടെ പരാതിയില്‍ മാനേജര്‍ക്കെതിരെയും പ്യൂണിനെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. അതേസമയം മാനേജര്‍ ഒളിവിലാണെന്ന് സൂചനയുണ്ട്. ഇവരെ പിടിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കിയതായി പോലീസ് പറഞ്ഞു. ഇയാള്‍ ജോലി ചെയ്യുന്ന ബാങ്കും രാജേഷ് ഹിവാസെയ്‌ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.












Click it and Unblock the Notifications