'ഞായറാഴ്‌ചകളിൽ ഉച്ചഭക്ഷണത്തിന് ബീഫ് ബിരിയാണി'; അലിഗഢ് മുസ്ലീം സർവകലാശാലയിലെ നോട്ടീസ് വിവാദത്തിൽ
വാരണാസി: അലിഗഢ് സർവകലാശായിലെ ഉച്ചഭക്ഷണ മെനുവിൽ ബീഫ് ബിരിയാണി ഉൾപ്പെടുത്തിയ സംഭവത്തിൽ വിവാദം. അലിഗഢ് മുസ്‌ലിം സർവകലാശാലയിലെ സർ ഷാ സുലൈമാൻ ഹാളിൽ ഞായറാഴ്‌ച ഉച്ചഭക്ഷണത്തിന് 'ബീഫ് ബിരിയാണി' വിളമ്പാനുള്ള നോട്ടീസാണ് സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെ വിവാദത്തിന് കാരണമായത്. നിർവധി പേരാണ് സംഭവത്തിൽ സർവകലാശാലയ്ക്ക് എതിരെ പ്രതിഷേധവുമായി രംഗത്ത് വന്നത്.
യൂണിവേഴ്‌സിറ്റിലെ ഉദ്യോഗസ്ഥരാണ് പുതിയ മെനു ഉൾപ്പെടുത്തിക്കൊണ്ടുള്ള നോട്ടീസിന് പിന്നിലെന്നാണ് ചിലർ ഉന്നയിക്കുന്ന ആരോപണം. രണ്ട് അംഗീകൃത വ്യക്തികൾ നൽകിയതായി കരുതപ്പെടുന്ന നോട്ടീസിലാണ് വിവാദം കൊഴുക്കുന്നത്. 'ഞായറാഴ്‌ചത്തെ ഉച്ചഭക്ഷണ മെനുവിൽ മാറ്റം വരുത്തിയിട്ടുണ്ട്. ആവശ്യാനുസരണം ചിക്കൻ ബിരിയാണിക്ക് പകരം ബീഫ് ബിരിയാണി നൽകും' എന്നായിരുന്നു നോട്ടീസിൽ അറിയിച്ചത്.

സംഭവത്തിന് പിന്നാലെ സർവകലാശാല ക്യാമ്പസിന് ഉള്ളിൽ നിന്ന് തന്നെ കടുത്ത പ്രതിഷേധമാണ് ഉയർന്നത്. ഇതിന് പിന്നാലെ നോട്ടീസിലെ ഉള്ളടക്കം വെറുമൊരു ടൈപ്പിംഗ് പിശകാണ് എന്ന വിശദീകരണം നൽകി തടിതപ്പുകയായിരുന്നു അധികൃതർ. ഉത്തരവാദികൾ ആയവർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയെന്നും സർവകലാശാല അറിയിച്ചു.
മനപൂർവമല്ലാത്ത വീഴ്‌ച എന്നാണ് അധികൃതർ ഇതിനെ വിശേഷിപ്പിച്ചത്. 'വിഷയം ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഭക്ഷണ മെനുവിനെക്കുറിച്ച് നോട്ടീസ് നൽകിയതായി ഞങ്ങൾ കണ്ടെത്തി. എന്നാൽ അതിൽ വ്യക്തമായ ടൈപ്പിംഗ് പിശകുകൾ ഉണ്ടായിരുന്നു. ആധികാരികതയിൽ സംശയമുയർത്തുന്ന രീതിയിൽ ഔദ്യോഗിക ഒപ്പുകളില്ലാത്തതിനാൽ നോട്ടീസ് ഉടൻ പിൻവലിച്ചു.' സർവകലാശാല അറിയിച്ചു.
നോട്ടീസ് നൽകിയതിന് ഉത്തരവാദികളെന്ന് ആരോപിക്കപ്പെടുന്ന രണ്ട് മുതിർന്ന വിദ്യാർത്ഥികൾക്ക് എഎംയു അഡ്‌മിനിസ്ട്രേഷൻ നോട്ടീസ് അയച്ചതായും അവരെ സ്ഥാനങ്ങളിൽ നിന്ന് നീക്കം ചെയ്‌തതായും അടുത്ത വൃത്തങ്ങൾ അറിയിച്ചു. സംഭവത്തിൽ മുഹമ്മദ് ഫൈസുള്ള, മുജാസിം അഹമ്മദ് ഭാട്ടി എന്നിവർക്കെതിരെ എഫ്ഐആർ രജിസ്‌റ്റർ ചെയ്‌തതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
സംഭവത്തിൽ ബിജെപി ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികളും കടുത്ത പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്. സംഭവത്തോട് പ്രതികരിച്ച ബിജെപി നേതാവും അലിഗഢ് മുസ്ലീം സർവകലാശാല പൂർവ്വ വിദ്യാർത്ഥിയുമായ നിഷിത് ശർമ്മ, വിഷയം സർവകലാശാല കൈകാര്യം ചെയ്‌ത രീതിയെ വിമർശിക്കുകയും ചെയ്‌തു.
ഇതിൽ സർവകലാശാല ഭരണകൂടത്തിന്റെ പങ്ക് ലജ്ജാകരമാണ്. ചിക്കൻ ബിരിയാണിക്ക് പകരം ബീഫ് ബിരിയാണി നൽകുമെന്ന് കാണിച്ച് സർ ഷാ സുലൈമാൻ ഹാളിൽ നോട്ടീസ് പ്രചരിപ്പിച്ചു. നോട്ടീസ് പരസ്യമായി പ്രദർശിപ്പിച്ചു, അത് മുതിർന്ന ഭക്ഷണ കമ്മിറ്റി അംഗങ്ങളുടെ ഉത്തരവാദിത്തമായിരുന്നു. ഇത് സർവകലാശാലയുടെ വീഴ്‌ചയാണ് കാണിക്കുന്നത്; നിഷിത് ശർമ്മ ആഞ്ഞടിച്ചു.












Click it and Unblock the Notifications