ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ആശുപത്രിയിൽ; തലയ്ക്ക് സാരമായ പരിക്ക്, ചിത്രങ്ങൾ പങ്കുവച്ച് തൃണമൂൽ
കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ആശുപത്രിയിൽ. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതോടെയാണ് മമതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് പാർട്ടി എക്‌സ് പോസ്‌റ്റിലൂടെ അറിയിച്ചു. നെറ്റിയിൽ ആഴത്തിലുള്ള മുറിവേറ്റ് മുഖത്ത് രക്തവുമായി ആശുപത്രി കിടക്കയിൽ കിടക്കുന്ന മമത ബാനർജിയുടെ ചിത്രവും തൃണമൂൽ കോൺഗ്രസ് ഇതിനോടൊപ്പം പങ്കിട്ടിട്ടുണ്ട്.
വീട്ടിൽ കുഴഞ്ഞ് വീണ് പരിക്കേൽക്കുകയായിരുന്നു എന്നാണ് ലഭ്യമായ വിവരം. അപകടം നടന്നയുടൻ മമതയെ കൊൽക്കത്തയിലെ എസ്എസ്‌കെഎം ആശുപത്രിയിലേക്ക് കൊണ്ടുപോവുകയുമായിരുന്നുവെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു. മമതയെ ബാനർജിയുടെ പരിക്കുമായി ബന്ധപ്പെട്ട വിവരം പാർട്ടിയുടെ ഔദ്യോഗിക എക്‌സ് പോസ്‌റ്റിൽ കുറിച്ചിരുന്നു. കൂടെ മൂന്ന് ചിത്രങ്ങളും പങ്കുവച്ചു.

നിലവിൽ അവരുടെ ആരോഗ്യ സ്ഥിതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ ഒന്നും ലഭ്യമായിട്ടില്ല. സംസ്ഥാനത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണം ശക്തമായി പുരോഗമിക്കുന്ന വേളയിലാണ് ടിഎംസി അധ്യക്ഷനും മുഖ്യമന്ത്രിയുമായ മമതയ്ക്ക് പരിക്കേൽക്കുന്നത്. ബിജെപിയുമായി നേരിട്ട് ഏറ്റുമുട്ടുന്ന മമതയ്ക്ക് നീണ്ട വിശ്രമം ആവശ്യമായി വന്നാൽ അത് തൃണമൂലിന് വലിയ തിരിച്ചടിയാകും എന്നുറപ്പാണ്.
നേരത്തെ കഴിഞ്ഞ വർഷം ജൂണിൽ മോശം കാലാവസ്ഥയെ തുടർന്ന് സിലിഗുരിക്ക് സമീപമുള്ള സെവോക്ക് എയർബേസിൽ ഹെലികോപ്റ്റർ അടിയന്തരമായി ഇറക്കേണ്ടി വന്നതിനെ തുടർന്ന് മമത ബാനർജിയുടെ കാലിന് പരിക്കേറ്റിരുന്നു. ഇതിന് പിന്നാലെ സെപ്റ്റംബറിൽ, സ്പെയിനിൽ യാത്ര ചെയ്യുന്നതിനിടെ മമതയുടെ ഇടതു കാലിന് വീണ്ടും പരിക്കേറ്റിരുന്നു.
അതേസമയം. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെ വാർത്തയോട് പ്രതികരിച്ചുകൊണ്ട്, നിരവധി രാഷ്ട്രീയക്കാരും പ്രതിപക്ഷ പാർട്ടികളിൽ നിന്നുള്ള നേതാക്കളും മമത വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ചു. കൂടാതെ ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻഖർ ഉൾപ്പെടെയുള്ളവർ മമതയുടെ സുഖവിവരം തേടിയെന്നും തൃണമൂൽ അറിയിച്ചു.












Click it and Unblock the Notifications