അക്ബറും സീതയും അങ്ങോട്ട് മാറിയിരി; ഇനി സിംഹങ്ങളുടെ പേര് സൂരജും തനയയും, ശുപാർശയുമായി ബംഗാൾ
കൊൽക്കത്ത: ഏറെ വിവാദങ്ങൾക്ക് വഴിയൊരുക്കിയ സിലിഗുരിയിലെ സിംഹങ്ങളുടെ പേരുമായി ബന്ധപ്പെട്ട വിഷയത്തിൽ പുത്തൻ നീക്കവുമായി ബംഗാൾ സർക്കാർ. നേരത്തെ അക്ബർ, സീത എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്ന സിംഹങ്ങളുടെ പേരുകൾ മാറ്റാനും പുതിയ പേരുകൾ അറിയിച്ചുകൊണ്ടും ബംഗാൾ ശുപാർശ നൽകി.
അക്ബറിന് സൂരജ് എന്നും പെണ്‍ സിംഹമായ സീതയ്ക്ക് തനായ എന്നുമാണ് നൽകിയിരിക്കുന്ന പുതിയ പേരുകൾ. വിഷയം ചൂണ്ടിക്കാട്ടിയുള്ള ശുപാര്‍ശ കേന്ദ്ര മൃഗശാല അതോറിറ്റിക്ക് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ കൈമാറിയിട്ടുണ്ട്. ഇനി അവിടെ നിന്നുള്ള അംഗീകാരം ലഭിച്ചാലുടൻ ഇവയുടെ പേരുകൾ ഔദ്യോഗികമായി മാറ്റിയേക്കും.

എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം കേന്ദ്ര മൃഗശാല അതോറിറ്റിയുടേത് ആയിരിക്കും. നിലവിലെ സാഹചര്യത്തിൽ വിവാദങ്ങൾ ഉള്ളതിനാൽ സിംഹങ്ങളുടെ പേരുകളിൽ ബംഗാൾ നൽകിയ ശുപാർശ തള്ളിക്കൊണ്ട് ഡിജിറ്റൽ പേരുകൾ നൽകാനുള്ള അധികാരവും മൃഗശാല അതോറിറ്റിക്കുണ്ട്. അതിനാൽ എന്താവും അവരുടെ തീരുമാനം എന്നാണ് ഉറ്റുനോക്കുന്നത്.
നേരത്തെ സിംഹങ്ങൾക്ക് അക്ബർ എന്നും സീതയെന്നും പേര് നൽകിയതിനെ കൽക്കട്ട ഹൈക്കോടതി രൂക്ഷമായ ഭാഷയിൽ വിമർശിച്ചിരുന്നു. സിംഹങ്ങളുടെ പേര് ചൂണ്ടിക്കാട്ടി വിഎച്ച്പിയാണ് കോടതിയെ സമീപിച്ചത്. ഇതിന് പിന്നാലെയായിരുന്നു കോടതിയുടെ വിമർശനം. ദൈവങ്ങളുടെയും മറ്റും പേരുകൾ മൃഗങ്ങൾക്ക് ഇടുന്നത് ശരിയല്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.
തുടർന്ന് നിലവിൽ ഇട്ടിരിക്കുന്ന പേരുകൾ മാറ്റണമെന്നും കൽക്കട്ട ഹൈക്കോടതി അഭിപ്രായം അറിയിച്ചിരുന്നു. ഇതോടെയാണ് പേരുമാറ്റാൻ ബംഗാൾ സർക്കാർ നിർബന്ധിതരായത്. തുടർന്നാണ് പുതിയ പേരുകൾ ചൂണ്ടിക്കാട്ടി കേന്ദ്ര മൃഗശാല അതോറിറ്റിക്ക് അവർ ശുപാർശ നൽകിയത്.
അതേസമയം, അക്ബറിനെ സീതയ്‌ക്കൊപ്പം പാർപ്പിക്കുന്നത് ഹിന്ദുമതത്തെ അപമാനിക്കുന്നതിന് തുല്യമാണെന്നായിരുന്നു വിഎച്ച്പിയുടെ വാദം. സിംഹത്തിന്റെ പേര് മാറ്റണമെന്നും സംഘടന ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഫെബ്രുവരി 13ന് സിംഹങ്ങൾ ഇവിടേക്ക് എത്തുന്നതിന് മുമ്പ് തന്നെ ഈ പേരിട്ടിരുന്നതായി വനംവകുപ്പ് അധികൃതർ പറഞ്ഞു. എന്നാൽ ഹൈക്കോടതി നിലപാട് കർശനമാക്കിയതോടെ വനംവകുപ്പ് വഴങ്ങുകയായിരുന്നു.
ഭാവിയിൽ സുവോളജിക്കൽ പാർക്കിലെ ഒരു മൃഗത്തിനും ഒരു മതത്തിന്റെയും ദേവന്മാരുടെയും ദേവതകളുടെയും പേര് നൽകരുതെന്ന് വിഎച്ച്പി ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. നിലവിൽ വിവാദത്തിന് കാരണമായ അക്ബർ 7 വയസുള്ള പൂർണ്ണവളർച്ചയെത്തിയ ആൺ സിംഹമാണ്, അതിന്റെ ഇണ സീതയാവട്ടെ 5 വയസുള്ള സിംഹവുമാണ്.












Click it and Unblock the Notifications