ബെംഗളൂരു എയർപോട്ടിലേക്കുള്ള യാത്ര ഇനി തടസമില്ലാതെ; സദാഹള്ളി ജംഗ്ഷനിൽ അടിപ്പാത, 30 കോടി ചിലവ്!
ബെംഗളൂരു: ഏറെക്കാലമായി നഗര നിവാസികൾ ഉന്നയിക്കുന്ന ഒരു സുപ്രധാന പ്രശ്‌നത്തിന് പരിഹാരവുമായി ദേശീയപാത അതോറിറ്റി. കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള ബെല്ലാരി റോഡിന്റെ പ്രധാന പാതയിലെ അവസാന ട്രാഫിക് സിഗ്നൽ ഒഴിവാക്കാൻ ഒരുങ്ങുകയാണ് ഇപ്പോൾ എൻഎച്ച്എഐ. ഇതിന്റെ ഭാഗമായി സദാഹള്ളി ജംഗ്ഷനിൽ 750 മീറ്റർ നീളമുള്ള ആറ് വരി അടിപ്പാത നിർമ്മിക്കുവാനാണ് തീരുമാനം.
ഈ അടിപ്പാത പൂർത്തിയാവുന്നതോടെ വിമാനത്താവളത്തിലേക്കുള്ള യാത്രക്കാർക്ക് തടസങ്ങളില്ലാത്ത ഗതാഗതം സാധ്യമാകുമെന്നാണ് പ്രതീക്ഷ. എന്നാൽ പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വരും. ഏകദേശം രണ്ട് വർഷത്തോളം സദാഹള്ളി ജംഗ്ഷനിലൂടെയുള്ള ഗതാഗതം വഴിതിരിച്ചുവിടും.

ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതിന് മുൻപ്, വാഹനത്തിരക്ക് കൈകാര്യം ചെയ്യുന്നതിനായി എൻഎച്ച്എഐ നിലവിലുള്ള സർവീസ് റോഡുകൾ വീതികൂട്ടുമെന്നാണ് അറിയിച്ചിരിക്കുന്നത്. സദാഹള്ളിയിലെയും സമീപ ഗ്രാമങ്ങളിലെയും താമസക്കാർക്ക് നഗരത്തിലേക്ക് എളുപ്പത്തിൽ എത്താൻ സഹായിക്കുന്ന ഒരു പുതിയ കോൺക്രീറ്റ് സ്ലാബും പദ്ധതിയുടെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്.
സദാഹള്ളി ജംഗ്ഷനിൽ അടിപ്പാത നിർമ്മിക്കാൻ നേരത്തെയും ശ്രമങ്ങൾ നടന്നിരുന്നു. ഒരു പതിറ്റാണ്ട് മുൻപ് ഈ ട്രാഫിക് സിഗ്നൽ നിർത്തലാക്കാൻ എൻഎച്ച്എഐ പദ്ധതികൾ നിർദ്ദേശിച്ചിരുന്നു. തുടക്കത്തിൽ ഒരു മേൽപ്പാലമാണ് വിഭാവനം ചെയ്‌തത്. എന്നാൽ അത് പിന്നീട് അടിപ്പാതയാക്കി മാറ്റി. ദീർഘനാളത്തെ കാലതാമസങ്ങൾക്കുശേഷം, 2019ൽ എൻഎച്ച്എഐ അടിപ്പാത പദ്ധതി ഏറ്റെടുക്കുകയും ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജോലികൾ ആരംഭിക്കുകയും ചെയ്‌തിരുന്നു.
എന്നാൽ ഇതിന്റെ രൂപകൽപ്പനയിലെ പിഴവുകൾ ചൂണ്ടിക്കാട്ടി പിന്നീട് പ്രവൃത്തികൾ പൂർണമായി നിലച്ചു പോവുകയായിരുന്നു. എന്നാൽ നഗരം വളരുന്നത് കണക്കിലെടുത്ത് എൻഎച്ച്എഐ ആസ്ഥാനത്തിന്റെ അനുമതിയോടെ പദ്ധതി പുനരുജ്ജീവിപ്പിച്ചിരിക്കുകയാണ്. 35 കോടി രൂപയുടെ ഈ പദ്ധതിയ്ക്ക് വേണ്ടി കരാർ നൽകിയിട്ടുണ്ട്, ഫെബ്രുവരി മാസത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു: "സദാഹള്ളി ജംഗ്ഷനിലെ ട്രാഫിക് വഴിതിരിച്ചുവിടാൻ അനുമതി തേടി ട്രാഫിക് പോലീസിന് കത്തെഴുതിയിട്ടുണ്ട്. നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാനും സമയപരിധി പാലിക്കാനും കരാറുകാരന് നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. പ്രധാന പാതയിലാണ് നിർമ്മാണം നടക്കുന്നത് എന്നതിനാൽ ഗതാഗത നിയന്ത്രണം അത്യാവശ്യമാണ്. വഴിതിരിച്ചുവിടുന്നതിന് മുൻപ് ഇരുവശത്തുമുള്ള നിലവിലുള്ള രണ്ട് വരി സർവീസ് റോഡുകൾ വീതികൂട്ടും. വീതികൂട്ടൽ പൂർത്തിയായാൽ ട്രാഫിക് പൂർണ്ണമായും വഴിതിരിച്ചുവിടും."
ഹെബ്ബാളിനും സദാഹള്ളി ജംഗ്ഷനും ഇടയിലുള്ള 22 കിലോമീറ്റർ ദൂരത്തിൽ, പ്രധാന പാതയിൽ നിലവിൽ ട്രാഫിക് സിഗ്നലുകളില്ല. വിമാനത്താവളത്തിലേക്കുള്ള വാഹനങ്ങൾ എലിവേറ്റഡ് ഇടനാഴികളും മേൽപ്പാലങ്ങളും ഉപയോഗിക്കുന്നു. ഈ പാതയിൽ സദാഹള്ളി മാത്രമാണ് നിലവിൽ ട്രാഫിക് സിഗ്നലുള്ള ഏക ജംഗ്ഷൻ. അത്കൊണ്ട് തന്നെ ഇവിടെ എപ്പോഴും ഗതാഗത കുരുക്ക് പതിവായിരുന്നു.
നിരവധി പാർപ്പിട സമുച്ചയങ്ങളിൽ നിന്നും ഗ്രാമങ്ങളിൽ നിന്നുമുള്ള വാഹനയാത്രക്കാർ ദേവനഹള്ളിയിലേക്കും നഗരത്തിലേക്കും യാത്ര ചെയ്യാൻ ഈ ജംഗ്ഷൻ ഉപയോഗിക്കുന്നത് കൊണ്ട് കൂടിയായിരുന്നു ഇത്. അതിനിടെ സദാഹള്ളി, ചൗദനഹള്ളി, ചന്നഹള്ളി, ഗാദനഹള്ളി, സമീപ പ്രദേശങ്ങളിലെ നിവാസികൾ പദ്ധതിയിൽ തങ്ങളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
ബെല്ലാരി റോഡിലെ അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കുന്നതിന്റെ ഭാഗമായി യെലഹങ്ക എയർഫോഴ്‌സ് സ്‌റ്റേഷന് സമീപം എൻഎച്ച്എഐ 1 കിലോമീറ്റർ നീളമുള്ള സർവീസ് റോഡ് കൂടി നിർമ്മിക്കുന്നുണ്ട്. ഹെബ്ബാളിനും ട്രംപെറ്റ് ഇന്റർചേഞ്ചിനും ഇടയിലുള്ള ഈ ഭാഗം ഒഴികെ മറ്റ് സ്ഥലങ്ങളിൽ ഹൈവേയിൽ ഇതിനകം സർവീസ് റോഡുകൾ നിലവിലുണ്ട്.
ബെംഗളൂരു നഗരത്തിൽ നിന്ന് മറ്റിടങ്ങളിലേക്കും, തിരിച്ച് നഗരത്തിലേക്കും വരുന്ന യാത്രക്കാർ ഇതുവരെ നേരിട്ട പ്രതിസന്ധിയായിരുന്നു സദാഹള്ളിയിലെ ട്രാഫിക് സിഗ്നൽ. നിരവധി തവണ ഇതുമായി ബന്ധപ്പെട്ട വിമർശനങ്ങൾ ഉയർന്നതുമാണ്. ഒടുവിൽ ഒരു പതിറ്റാണ്ടിന് ശേഷം നിലച്ചുപോയ പഴയ പദ്ധതിക്ക് ശാപമോക്ഷം ലഭിച്ചതിന്റെ ആശ്വാസത്തിലാണ് യാത്രക്കാർ.












Click it and Unblock the Notifications