ബെംഗളൂരുവിന്റെ തലവര തന്നെ മാറും; ഗതാഗത കുരുക്ക് കുറയ്ക്കാൻ പദ്ധതികൾ, 3000 കോടി ഇറക്കും..!
ബെംഗളൂരു: നഗരത്തിലെ പ്രധാന പ്രവേശന, പുറത്തുപോകൽ കവാടങ്ങളിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാൻ പുതിയ അടിസ്ഥാന സൗകര്യ പദ്ധതികൾ പ്രഖ്യാപിച്ച് കർണാടക സർക്കാർ. ഉപമുഖ്യമന്ത്രിയും ബെംഗളൂരു വികസന മന്ത്രിയുമായ ഡികെ. ശിവകുമാർ, തിരക്കേറിയ പാതകളിൽ തുരങ്കപ്പാതകൾ, മേൽപ്പാലങ്ങൾ, ഇരുനില ഇടനാഴികൾ എന്നിവ കൊണ്ടുവരുമെന്നാണ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്.
നിയമസഭയിൽ അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ട ചർച്ചയ്ക്ക് മറുപടി നൽകിയ ശിവകുമാർ, ദീർഘകാലം മുടങ്ങിക്കിടന്ന ഈജിപുര മേൽപ്പാലം 4-5 മാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്നറിയിക്കുകയും ചെയ്‌തു. കരാറുകാർക്ക് നൽകാനുണ്ടായിരുന്ന 25 കോടി രൂപയുടെ കുടിശ്ശിക തീർത്തതായും അദ്ദേഹം കൂട്ടിച്ചേർത്തു.

നെലമംഗലയിലെ ഗതാഗതക്കുരുക്ക് സംബന്ധിച്ച ആശങ്കകൾക്ക് മറുപടിയായി ശിവകുമാർ പുതിയ റോഡ് പദ്ധതിയും പ്രഖ്യാപിച്ചു: നെലമംഗല-സൊണ്ടെക്കൊപ്പ, തവരെക്കെരെ-ബിഡദി എന്നിവിടങ്ങളിൽ പുതിയ റോഡ് നിർമ്മിച്ച് തിരക്ക് കുറയ്ക്കും. 2006-ൽ വിജ്ഞാപനം ഇറക്കിയിട്ടും തുടർനടപടിയുണ്ടായില്ല. ഈ പദ്ധതി ബിഎംആർഡിഎ വഴിയാകും നടപ്പാക്കുക.
മഴവെള്ളച്ചാലുകളോട് ചേർന്ന് 300 കിലോമീറ്റർ റോഡ് വികസിപ്പിക്കാൻ 3000 കോടി രൂപയുടെ പദ്ധതിക്ക് സർക്കാർ രൂപം നൽകിയെന്നും മന്ത്രി പറഞ്ഞു. ഇതിന്റെ ആദ്യഘട്ടത്തിന്റെ ഭാഗമായി 300 കോടി രൂപ അനുവദിച്ചതായും മന്ത്രി അറിയിച്ചു. ബെംഗളൂരുവിന്റെ പടിഞ്ഞാറൻ ഭാഗങ്ങളിലെ തിരക്ക് കുറയ്ക്കാൻ ഈ പാതയിൽ ഒരു ഇരുനില മേൽപ്പാലം ഞങ്ങൾ ആസൂത്രണം ചെയ്യുന്നുണ്ട്. 109 കിലോമീറ്റർ എലിവേറ്റഡ് ഇടനാഴിയുടെ പണി ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബനാശങ്കരിയിലെ ബിഎംടിസി ബസ് സ്‌റ്റാൻഡിൽ നിന്ന് മെട്രോ സ്‌റ്റേഷനിലേക്കുള്ള സ്കൈവാക്ക് ഉടൻ ഏറ്റെടുക്കുമെന്നും ശിവകുമാർ ഉറപ്പുനൽകി. നഗരത്തിലെ റോഡുകളുടെ പരിമിതികൾ അദ്ദേഹം ചൂണ്ടിക്കാട്ടി. മറ്റെല്ലാ നഗരങ്ങൾക്കും 16 ശതമാനം പ്രധാന റോഡുകളുള്ളപ്പോൾ, ബെംഗളൂരുവിന് 8 ശതമാനം മാത്രമാണുള്ളത്, ഇത് ഗതാഗതക്കുരുക്കിന് കാരണമാകുന്നുവെന്നാണ് ശിവകുമാർ പറയുന്നത്.
നഗരവാസികൾ ഒന്നടങ്കം കാത്തിരിക്കുന്ന പദ്ധതിയായ ബെംഗളൂരു ബിസിനസ് ഇടനാഴി നിർമ്മിക്കാനുള്ള അഞ്ച് നഷ്‌ടപരിഹാര മാർഗങ്ങൾക്ക് ഫലം കണ്ടുവെന്നും ശിവകുമാർ അറിയിച്ചു. ഇത് പൂർത്തിയാകുമ്പോൾ, പ്രധാന ഗതാഗതം വടക്കൻ, കിഴക്കൻ ബെംഗളൂരു വഴി ചെന്നൈയിലേക്ക് തിരിച്ചുവിട്ട് തിരക്ക് കുറയ്ക്കാൻ സാധിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
അതേസമയം, ബെംഗളൂരു നഗരവാസികളെ സംബന്ധിച്ച് ഏറ്റവും കാര്യമായ പരാതികളിൽ ഒന്നാണ് ഗതാഗത കുരുക്ക്. പലപ്പോഴും നഗരത്തിന് അപവാദമാവുന്നതും ഇത് തന്നെയാണ്. എങ്കിലും പലവിധ ബദൽ മാർഗങ്ങളിലൂടെ അതിനെ ഒരുപരിധിവരെ മറികടക്കാൻ അധികൃതർക്ക് സാധിച്ചിട്ടുണ്ട്. അടുത്തകാലത്തായി എലവേറ്റഡ് ഹൈവേകൾ, ഫ്ലൈഓവറുകൾ, മറ്റ് സംവിധാനങ്ങൾ എന്നിവ കൂടുതലായി നഗരത്തിൽ കൊണ്ട് വന്നിട്ടുണ്ട്.
അതിനോട് കൂട്ടിവായിക്കാൻ കഴിയുന്നതാണ് മന്ത്രി ഡികെ ശിവകുമാറിന്റെ പുതിയ പ്രഖ്യാപനങ്ങളും. പലപ്പോഴും നഗരത്തിലേക്ക് പ്രവേശിക്കാനും പുറത്തേക്ക് കടക്കാനുമുള്ള കവാടങ്ങളിൽ ഉണ്ടാവുന്ന ഗതാഗത കുരുക്കുകൾ നഗരത്തിന്റെ മൊത്തം പ്രവർത്തനത്തെ ബാധിക്കുന്നുണ്ട്. അതിനെ പുതിയ നടപടിയിലൂടെ മറികടക്കാൻ സാധിക്കുമെന്നാണ് കരുതുന്നത്.












Click it and Unblock the Notifications