ബെംഗളൂരു ബിസിനസ് കോറിഡോർ ഭൂമി ഏറ്റെടുക്കൽ; കർഷകരും ഭൂവുടമകളും ആശങ്കയുമായി രംഗത്ത്
ബെംഗളൂരു: നഗരവാസികൾ കാത്തിരിക്കുന്ന ബെംഗളൂരു ബിസിനസ് കോറിഡോർ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് കർഷകരും ഭൂവുടമകളും ആശങ്കയുമായി രംഗത്ത്. റോഡ് നിർമാണത്തിന് മാത്രമല്ല, വാണിജ്യ വികസനത്തിനും പദ്ധതിക്കായി എടുത്ത വായ്‌പ തിരിച്ചടയ്ക്കുന്നതിനുമായി കർഷകരുടെ ഭൂമി ഉപയോഗിക്കുന്നുവെന്നാണ് പ്രോജക്റ്റ് റിംഗ് റോഡ് കർഷക, ഭൂവുടമ സംഘടനയുടെ ആരോപണം.
വിഷയത്തിൽ കേന്ദ്രമന്ത്രി എച്ച്ഡി കുമാരസ്വാമി ഇടപെടണമെന്നാണ് സംഘടന ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്നലെ കുമാരസ്വാമിക്ക് നൽകിയ കത്തിലാണ് സംഘടന ബെംഗളൂരു വികസന അതോറിറ്റിയുടെ രേഖകളെ അടിസ്ഥാനമാക്കി അവർ ആരോപണങ്ങൾ ഉന്നയിച്ചത്. നിർദ്ദിഷ്‌ട ബിസിനസ് കോറിഡോറിന് ആദ്യം 100 മീറ്റർ വീതിയുണ്ടാകുമെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ ഇത് 65 മീറ്ററായി കുറയ്ക്കുകയും ശേഷിക്കുന്ന 35 മീറ്റർ ഭാഗം ഏകദേശം 44 കിലോമീറ്റർ ദൂരത്തിൽ വാണിജ്യ ആവശ്യങ്ങൾക്കായി വികസിപ്പിക്കാനുമാണ് നീക്കമെന്നാണ് സംഘടന പറയുന്നത്.

2025 ഒക്ടോബർ ആറിന് ബെംഗളൂരു വികസന അതോറിറ്റി നൽകിയ കത്തിൽ പദ്ധതിയുടെ അധ്യക്ഷൻ എൽകെ അതീഖ് മുന്നോട്ടുവച്ച നിർദേശങ്ങൾ പരാമർശിക്കുന്നുണ്ടെന്നും സംഘടന പറഞ്ഞു. പദ്ധതിക്കായി എടുത്ത വായ്‌പ തിരിച്ചടയ്ക്കുന്നതിന് ഭൂമിയുടെ മൂല്യവർധനയിൽ നിന്നുള്ള വരുമാനവും ഗതാഗതകേന്ദ്രിത വികസനവും ഉപയോഗിക്കാനുള്ള നിർദേശങ്ങളാണ് രേഖയിലുള്ളതെന്നാണ് സംഘടനയുടെ വാദം.
റോഡിന്റെ പ്രധാന ജംഗ്ഷനുകളിൽ 50 മുതൽ 100 ഏക്കർ വരെ അധിക ഭൂമി ഏറ്റെടുക്കാനും നിർദേശമുണ്ടായിരുന്നുവെന്ന് സംഘടന ആരോപിച്ചു. കർഷകർക്ക് നഷ്‌ടപരിഹാരം നൽകിയ ശേഷം ഈ ഭൂമി വികസിപ്പിച്ച് പെട്രോൾ പമ്പുകൾ, ഹോട്ടലുകൾ, റെസ്‌റ്റോറന്റുകൾ, വ്യാപാരകേന്ദ്രങ്ങൾ, വിവരസാങ്കേതിക പാർക്കുകൾ തുടങ്ങിയ വാണിജ്യ ആവശ്യങ്ങൾക്കായി ലേലം ചെയ്യാനാണ് പദ്ധതിയെന്നും സംഘടന പറയുന്നു.
2025 ഒക്ടോബർ 16ന് മന്ത്രിസഭ ഈ നിർദേശത്തിന് അംഗീകാരം നൽകിയെന്നും തൊട്ടടുത്ത ദിവസം സർക്കാർ ഉത്തരവ് പുറത്തിറങ്ങിയെന്നും സംഘടന ചൂണ്ടിക്കാട്ടി. മാസ്‌റ്റർ പ്ലാനിൽ 65 മീറ്റർ വീതിയുള്ള റോഡിനും 35 മീറ്റർ വീതിയുള്ള വാണിജ്യ മേഖലയ്ക്കും അംഗീകാരം നൽകിയതിനൊപ്പം മെച്ചപ്പെടുത്തൽ നികുതി സംബന്ധിച്ച വ്യവസ്ഥകളും ഉൾപ്പെടുത്തിയതായാണ് സംഘടനയുടെ ആരോപണം.
കർഷകരിൽ നിന്ന് നിർബന്ധിതമായി ഏറ്റെടുക്കുന്ന ഭൂമി പിന്നീട് വരുമാനം കണ്ടെത്തുന്നതിനുള്ള മാർഗമായി ഉപയോഗിക്കുന്ന രീതിയാണിതെന്ന് സംഘടന ആരോപിച്ചു. റോഡ് നിർമാണത്തിനായി നിർബന്ധിത ഭൂമി ഏറ്റെടുക്കൽ നടത്തുന്നത് ഒരു കാര്യമാണ്. എന്നാൽ അതേ ഭൂമി വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത് എങ്ങനെ ന്യായീകരിക്കാനാകുമെന്ന ചോദ്യവും സംഘടന ഉയർത്തി. ഏകദേശം 27,000 കോടി രൂപയുടെ പദ്ധതിക്കായി എടുക്കുന്ന വായ്‌പയെയും സംഘടന ചോദ്യം ചെയ്‌തു.
വായ്‌പയ്ക്ക് സംസ്ഥാന സർക്കാർ ഗ്യാരന്റി നൽകുകയും പലിശയുടെ ബാധ്യത ഏറ്റെടുക്കുകയും ചെയ്യുമ്പോൾ തിരിച്ചടവ് ഭൂമി ലേലം, നികുതികൾ, സെസ് തുടങ്ങിയ വരുമാന മാർഗങ്ങളെ ആശ്രയിച്ചായിരിക്കുമെന്നാണ് സംഘടന പറയുന്നത്. പദ്ധതിയുടെ സാമ്പത്തിക ബാധ്യതയും ഭൂമി ഏറ്റെടുക്കലിന്റെ ലക്ഷ്യവും സംബന്ധിച്ച് വ്യക്തത വേണമെന്നാണ് കർഷകരുടെയും ഭൂവുടമകളുടെയും ആവശ്യം.


Click it and Unblock the Notifications
