ബെംഗളൂരു ബിസിനസ് കോറിഡോർ; വിമാനത്താവളത്തെ ബന്ധിപ്പിക്കുന്ന 23 കി. മീ റോഡിന് മുൻഗണന നൽകും
ബെംഗളൂരു: മുൻപ് പെരിഫെറൽ റിംഗ് റോഡ് എന്നറിയപ്പെട്ടിരുന്ന ബെംഗളൂരു ബിസിനസ് കോറിഡോറിന്റെ (ബിബിസി) 23 കിലോമീറ്റർ ഭാഗത്തിന് മുൻഗണന നൽകാൻ ഒരുങ്ങി ബെംഗളൂരു ഡെവലപ്‌മെന്റ് അതോറിറ്റി (ബിഡിഎ). മുൻപ് പെരിഫറൽ റിംഗ് റോഡ് എന്നറിയപ്പെട്ട ഈ പാതയ്ക്കായുള്ള സിവിൽ ജോലികൾക്ക് മാർച്ചോടെ ടെൻഡർ ക്ഷണിക്കും.
തുമകൂരു-ബല്ലാരി റോഡുകളെ ബന്ധിപ്പിക്കുന്ന 73 കിലോമീറ്റർ റോഡിന്റെ പ്രധാന ഭാഗമാണിത്. നിർമ്മാണം വേഗത്തിലും ഭൂമിയേറ്റെടുക്കൽ സുഗമമാക്കാനുമായി പദ്ധതിയെ മൂന്ന് പാക്കേജുകളായി അധികൃതർ തരം തിരിച്ചിട്ടുണ്ട്. കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തെയും (കെഐഎ) നൈസ് റോഡിനെയും ബന്ധിപ്പിക്കുന്ന ഈ 23 കിലോമീറ്റർ പാതയിൽ മികച്ച ടോൾ വരുമാനവും കാര്യമായ ഗതാഗതവും പ്രതീക്ഷിക്കുന്നു.

'പദ്ധതിയുടെ വിശദമായ പ്രോജക്റ്റ് റിപ്പോർട്ട് (ഡിപിആർ) തയ്യാറാണ്. ഫെബ്രുവരിയിലോ മാർച്ചിലോ ആദ്യ ഘട്ട ടെൻഡറുകൾ ക്ഷണിക്കും. ശേഷിക്കുന്ന ഭാഗങ്ങൾ ഭൂമിയേറ്റെടുക്കൽ പുരോഗതി അനുസരിച്ചായിരിക്കും' എന്നാണ് ബെംഗളൂരു ബിസിനസ് കോറിഡോർ പദ്ധതിയുടെ ചെയർപേഴ്‌സൺ എൽ കെ അതീഖിനെ ഉദ്ധരിച്ച് ഡെക്കാൻ ഹെറാൾഡ് റിപ്പോർട്ട് ചെയ്യുന്നത്.
ഹോസൂർ റോഡ്-ഓൾഡ് മദ്രാസ് റോഡ് 29 കിലോമീറ്റർ ലിങ്കും, ഓൾഡ് മദ്രാസ് റോഡ്-ബല്ലാരി റോഡ് 18 കിലോമീറ്റർ ലിങ്കുമാണ് ബിബിസിയുടെ ശേഷിക്കുന്ന രണ്ട് ഭാഗങ്ങൾ. ഹോസൂർ റോഡിലും തുമകൂരു റോഡിലുമുള്ള 4-5 കിലോമീറ്റർ ദൂരത്തിൽ നൈസ് റോഡുമായുള്ള വൈ ആകൃതിയിലുള്ള സംയോജനവും പദ്ധതിയിലുണ്ട്.
'ഭൂമി ഏറ്റെടുക്കലിൽ പുരോഗതിയുണ്ടായി. ഏകദേശം 500 കർഷകർ ഇതിനകം തന്നെ ഭൂമി ഏറ്റെടുക്കലിനു സമ്മതം നൽകി, നൂറ് ഏക്കറോളം ഭൂമി ഏറ്റെടുത്തു. ടെൻഡറുകൾക്ക് മുൻപ് 50 ശതമാനം ഭൂമിയും, കരാർ നൽകുമ്പോഴേക്കും 80 ശതമാനം ഭൂമിയും കൈവശപ്പെടുത്താനാണ് ലക്ഷ്യം' എന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
എന്നാൽ പടിഞ്ഞാറൻ ബെംഗളൂരുവിൽ ഭൂമി ഏറ്റെടുക്കാൻ ബിഡിഎക്ക് ഇതുവരെ കാര്യമായി സാധിച്ചിട്ടില്ല എന്നതാണ് പദ്ധതി നേരിടുന്ന പ്രധാന വെല്ലുവിളി. മാത്രമല്ല കിഴക്കൻ മേഖലയിലെ ഭൂവുടമകളിൽ നിന്ന് ആവട്ടെ പദ്ധതിക്ക് എതിരെ ശക്തമായ എതിർപ്പുണ്ട്. 2013-ലെ നിയമപ്രകാരമുള്ള നഷ്‌ടപരിഹാരമാണ് അവർ ഉന്നയിക്കുന്ന പ്രധാന ആവശ്യം.
സർക്കാർ വാഗ്‌ദാനം ചെയ്യുന്ന നഷ്‌ടപരിഹാര പാക്കേജുകൾ കമ്പോള വിലയേക്കാൾ കുറവാണെന്ന് ആരോപിച്ച് അതൃപ്‌തരാണ് നിലവിൽ ഭൂവുടമകൾ. എന്നാൽ ഇവരെ അനുനയിപ്പിക്കാൻ ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ ഒരു യോഗം വിളിച്ചു ചേർത്തിട്ടുണ്ട്. ഫെബ്രുവരി 2-ന് രാവിലെ 11.30-ന് ഹൈ ഗ്രൗണ്ട്സിലെ യുആർ ഭവൻ കോംപ്ലക്‌സിലാണ് യോഗം ചേരുക.
74 കിലോമീറ്റർ ദൈർഘ്യം വരുന്ന പദ്ധതി മുൻപ് പെരിഫറൽ റിംഗ് റോഡ് പ്രോജക്റ്റ് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. പദ്ധതിക്ക് ആകെ 2560 ഏക്കർ ഭൂമി ആവശ്യമുണ്ട്. ഇതിൽ ഏകദേശം 140 ഏക്കർ ഭൂമി തർക്കങ്ങളിലാണ്. കർഷകരാണ് നഷ്‌ടപരിഹാര തുകയുടെ പേരിൽ ഭൂമി ഏറ്റെടുക്കലിന് തടസം നിൽക്കുന്നത്.












Click it and Unblock the Notifications