ബെംഗളൂരു ബിസിനസ് കോറിഡോർ പദ്ധതി; ചിലവ് കുത്തനെ ഉയരും, 3500 കോടി അധികമായി വേണ്ടി വരും..!
ബെംഗളൂരു: നഗരനിവാസികൾ ഒന്നടങ്കം കാത്തിരിക്കുന്ന പദ്ധതിയാണ് പഴയ പെരിഫറൽ റിംഗ് റോഡ് അല്ലെങ്കിൽ ബിസിനസ് കോറിഡോർ. പദ്ധതിയുമായി ബന്ധപ്പെട്ട കാത്തിരിപ്പ് വർഷങ്ങൾ പിന്നിടുകയാണ്. ഇപ്പോഴിതാ ബിസിനസ് കോറിഡോറിന്റെ (ബിബിസി) 73 കിലോമീറ്റർ ഒന്നാം ഘട്ടത്തിന് ഏകദേശം 3500 കോടി രൂപയുടെ അധിക ചിലവുണ്ടാവുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
2022-23ൽ 6800-7000 കോടി രൂപയായിരുന്നത് നിലവിൽ 10,500 കോടി രൂപയായി ഉയർന്നു. പദ്ധതി മുന്നോട്ട് പോകുമ്പോൾ ചിലവ് ഇനിയും വർധിച്ചേക്കാമെന്നാണ് വിലയിരുത്തൽ. മുൻപ് പെരിഫറൽ റിംഗ് റോഡ് (പിആർആർ) എന്നറിയപ്പെട്ടിരുന്ന ബിബിസി പദ്ധതിയുടെ പുതുക്കിയ എസ്‌റ്റിമേറ്റ് പുതിയ രൂപകൽപ്പനകളെയും നിലവിലെ നിരക്കുകളെയും ആശ്രയിച്ചാണ് തയ്യാറാക്കിയിരിക്കുന്നത്.

കഴിഞ്ഞ മൂന്ന് വർഷമായി ഓരോ വർഷവും 8-10 ശതമാനം വർധിക്കുന്ന വാർഷിക നിരക്കുകളും, പ്രധാന രൂപകൽപ്പന മാറ്റങ്ങളുമാണ് ഈ ചിലവ് കുതിച്ചുയരാൻ കാരണമായത്. റോഡിന്റെ വീതി 50 മീറ്ററിൽ നിന്ന് 65 മീറ്ററായി വർധിപ്പിച്ചു. ഇരുവശങ്ങളിലും സർവീസ് റോഡുകൾ ആസൂത്രണം ചെയ്‌തിട്ടുണ്ട്. മുൻപ് മൂന്ന് പ്രധാന ഇന്റർചേഞ്ചുകൾ ഉണ്ടായിരുന്നത് എട്ടായി വർധിപ്പിച്ചതായും, പാക്കേജ് ഒന്നിൽ അഞ്ച് കിലോമീറ്റർ എലവേറ്റഡ് പാത ഉൾപ്പെടെ നിരവധി ഫ്ലൈഓവറുകൾ ചേർത്തതായും അധികൃതർ അറിയിച്ചു.
ദൊഡ്ഡബല്ലാപ്പൂർ റോഡ്, ഹെന്നൂർ റോഡ് (ബൈരതിക്ക് സമീപം), വൈറ്റ്ഫീൽഡ്, സർജാപ്പൂർ എന്നിവിടങ്ങളിലെ പ്രധാന ജംഗ്ഷനുകളിൽ മൾട്ടിപ്പിൾ ക്ലൊവർലീഫ് ഇന്റർചേഞ്ചുകൾ ചേർത്തതും, കൂടുതൽ എലവേറ്റഡ് പാതകൾ നിർമ്മിച്ചതും ഈ ചിലവിന് കാരണമായി. ഒന്നാം ഘട്ടത്തെ 21 കി.മീ, 20 കി.മീ, 30 കി.മീ എന്നിങ്ങനെ മൂന്ന് പാക്കേജുകളായാണ് തിരിച്ചിരിക്കുന്നത്.
ഇതിന് പിന്നാലെ പെരിഫറൽ റിംഗ് റോഡ് റൈത്ത ഹാഗു നിവേശനദാരര സംഘം (കർഷക കൂട്ടായ്‌മകളും ഭൂവുടമകളും) പദ്ധതി ചിലവ് കുത്തനെ ഉയർന്നതിനെതിരെ ആശങ്ക രേഖപ്പെടുത്തി. ആദ്യ പാക്കേജിനായുള്ള സിവിൽ നിർമ്മാണ ചിലവ് ഒരു കിലോമീറ്ററിന് 82 കോടി രൂപയിൽ (100 മീറ്റർ റോഡിന്) നിന്ന് നിലവിലെ ടെണ്ടറിൽ ഏകദേശം 230 കോടി രൂപയായി (65 മീറ്റർ റോഡിന്) വർധിച്ചുവെന്നാണ് ഇവർ ആരോപിക്കുന്നത്.
നിലവിലെ നിരക്കുകൾ 73 കിലോമീറ്റർ പാതയ്ക്ക് മുഴുവൻ ബാധകമാക്കിയാൽ, പദ്ധതി ചിലവ് കുത്തനെ ഉയരുമെന്നും ചിലർ ചൂണ്ടിക്കാണിക്കുന്നു. അതിലൂടെ ഒന്നാം ഘട്ടത്തിനുള്ള മൊത്തം ചിലവ് 180 ശതമാനം വരെ വർധിക്കാൻ ഇടയുണ്ടെന്നാണ് സൂചന. അന്തിമ പാരിസ്ഥിതിക അനുമതിയും വിശദമായ പദ്ധതി റിപ്പോർട്ടും (ഡിപിആർ) ലഭിക്കും മുൻപുള്ള ടെൻഡർ നടപടികളെയും ഒരുവിഭാഗം ചോദ്യം ചെയ്യുന്നുണ്ട്.
വെല്ലുവിളികൾ ഒട്ടേറെ
ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട തർക്കങ്ങളും പാരിസ്ഥിതിക പ്രശ്‌നങ്ങളും ഈ പദ്ധതി നേരിടുന്ന വലിയ വെല്ലുവിളികളാണ്. 2013-ലെ ഭൂരേഖ നിയമപ്രകാരം നഷ്‌ടപരിഹാരം തേടി കർഷകർ രംഗത്തെത്തിയിട്ടുണ്ട്, ഇത് കോടതിയിലും എത്തി. പദ്ധതിക്കായി 2500 ഏക്കറിലധികം ഭൂമി ഏറ്റെടുക്കേണ്ടതുണ്ട്. ഏകദേശം 33,000 മരങ്ങൾ മുറിച്ചുമാറ്റേണ്ടി വരുമെന്നതും പരിശോധനയിലുണ്ട്. ബെംഗളൂരുവിന്റെ വികസനവും ജീവിതനിലവാരവും മെച്ചപ്പെടുത്തുന്ന പദ്ധതി എത്രയും പെട്ടെന്ന് നടപ്പാക്കണമെന്നാണ് ഒരു വിഭാഗത്തിന്റെ അഭിപ്രായം.












Click it and Unblock the Notifications