ബെംഗളൂരു ബിസിനസ് കോറിഡോർ പദ്ധതി; അതിവേഗം പുരോഗമിക്കുന്നു, ഭൂമിയേറ്റെടുക്കൽ നടപടി തുടങ്ങി!
ബെംഗളൂരു: നഗരം കാത്തിരിക്കുന്ന പെരിഫറൽ റിംഗ് റോഡ് അഥവാ ബിസിനസ് കോറിഡോർ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കൽ നടപടികൾക്ക് ബെംഗളൂരു ഡെവലപ്‌മെന്റ് അതോറിറ്റി (ബിഡിഎ) വേഗത കൂട്ടിയിരിക്കുകയാണ്. ഭൂവുടമകളിൽ നിന്ന് സമ്മതപത്രങ്ങൾ ലഭിച്ചതോടെയാണ് ഇത്. ഒത്തുതീർപ്പിന് തയ്യാറുള്ള ഭൂവുടമകൾക്കായി ഏക്കറിന് നൽകുന്ന നഷ്‌ടപരിഹാര തുക, ടിഡിആർ ഓപ്ഷനുകൾ എന്നിവ സംബന്ധിച്ച ഗ്രാമം തിരിച്ചുള്ള വിവരങ്ങൾ അധികൃതർ പ്രസിദ്ധീകരിച്ചു. വിശദാംശങ്ങൾ ബെംഗളൂരു ബിസിനസ് കോറിഡോർ വെബ്‌സൈറ്റിൽ ലഭ്യമാണ്.
പിആർആർ-1 പദ്ധതിക്കായി ഏറ്റെടുക്കുന്നതിൽ അധികവും കൃഷിഭൂമിയാണെങ്കിലും, ടിഡിആർ കണക്കാക്കുന്നത് നഗരഭൂമിയുടെ സ്ക്വയർ അടി മൂല്യം അടിസ്ഥാനമാക്കിയാണ്. ഏറ്റെടുത്ത ഭൂമിക്ക് പകരമായി ഭൂമി ആവശ്യപ്പെടുന്നവർക്ക് റെസിഡൻഷ്യൽ പ്ലോട്ടിന്റെ വലുപ്പം 60:40 അനുപാതത്തിൽ പരിമിതപ്പെടുത്തിയിട്ടില്ല.

ഇത് ഭൂമിയുടെ മാർഗനിർദ്ദേശക മൂല്യത്തെ ആശ്രയിക്കും. ഉയർന്ന മാർഗ്ഗനിർദ്ദേശക മൂല്യമുള്ള പ്രദേശങ്ങളിൽ, ഏറ്റെടുത്ത ഭൂമിയുടെ 40 ശതമാനത്തിലധികം വിസ്‌തീർണ്ണമുള്ള പ്ലോട്ടുകൾ ഉടമകൾക്ക് ലഭിച്ചേക്കാം. ഒത്തുതീർപ്പ് നഷ്‌ടപരിഹാര തുകകൾക്ക് വേഗത്തിൽ അംഗീകാരം നൽകാൻ ബിഡിഎ കമ്മീഷണർ മണിവണ്ണൻ നാല് ഡെപ്യൂട്ടി കമ്മീഷണർമാരെ (ഭൂമി ഏറ്റെടുക്കൽ) നിയമിച്ചു.
5 നഷ്‌ടപരിഹാര ഓപ്ഷനുകളിൽ നിന്ന് തിരഞ്ഞെടുക്കാൻ ഭൂവുടമകൾക്ക് ഔദ്യോഗിക സംവിധാനങ്ങൾ വഴി ബന്ധപ്പെടാവുന്നതാണ്. രേഖകൾ സമർപ്പിച്ച് 15 ദിവസത്തിനകം ഭൂവുടമകൾക്ക് പണമായോ താൽക്കാലിക ടിഡിആർ എലിജിബിലിറ്റി സർട്ടിഫിക്കറ്റായോ റെസിഡൻഷ്യൽ/കൊമേർഷ്യൽ ഭൂമി സർട്ടിഫിക്കറ്റുകളായോ നഷ്‌ടപരിഹാരം ലഭിക്കുമെന്ന് BDA വൃത്തങ്ങൾ അറിയിച്ചു.
പെരിഫെറൽ റിംഗ് റോഡ് ഫേസ് 1-ൽ ഉൾപ്പെട്ട ഗ്രാമങ്ങളിലെ ഭൂവുടമകൾക്ക് നഷ്‌ടപരിഹാര വിവരങ്ങൾ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്. പഴയതും പുതിയതുമായ നഷ്‌ടപരിഹാര നിരക്കുകളും ഓപ്ഷനുകളും ഇവിടെ കാണാം. ഗ്രാമം തിരിച്ചും ഹോബ്ലി തിരിച്ചുമുള്ള വിവരങ്ങൾ എളുപ്പത്തിൽ പരിശോധിക്കാം.
കിംവദന്തികൾ വിശ്വസിക്കരുതെന്നും ഔദ്യോഗിക വെബ്‌സൈറ്റിലോ ബന്ധപ്പെട്ട അധികാരികളിൽ നിന്നോ ലഭ്യമായ വിവരങ്ങളെ മാത്രം ആശ്രയിക്കണമെന്നും ഭൂവുടമകളോടും പൊതുജനങ്ങളോടും ബിഡിഎ ഉദ്യോഗസ്ഥർ അഭ്യർത്ഥിച്ചു. ഇതുമായി ബന്ധപ്പെട്ട് ധാരാളം വ്യാജ വാർത്തകൾ പ്രചരിക്കുന്ന പശ്ചാത്തലത്തിലാണ് നടപടി.
പാർപ്പിട, വാണിജ്യ ഭൂമികൾക്കുള്ള നഷ്‌ടപരിഹാര നിരക്കുകൾ
ഏറ്റെടുക്കുന്ന ഭൂമിക്കുള്ള നഷ്‌ടപരിഹാരം ഏക്കറിന് 2.50 കോടി മുതൽ 15.60 കോടി രൂപ വരെയായി നിശ്ചയിച്ചിട്ടുണ്ട്. വാണിജ്യ ഫ്ലാറ്റുകൾക്ക്, ചതുരശ്ര അടിക്ക് ഏകദേശം 8385 രൂപയായി നിരക്ക് നിശ്ചയിച്ചു. റെസിഡൻഷ്യൽ ഫ്ലാറ്റുകൾക്കുള്ള നഷ്‌ടപരിഹാരം ഭൂമിയുടെ വിജ്ഞാപനം ചെയ്‌ത മാർഗനിർദ്ദേശ മൂല്യത്തെ അടിസ്ഥാനമാക്കി, യോഗ്യതയുള്ളവരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നിശ്ചയിച്ച നിരക്കുകൾക്ക് അനുസൃതമായി നിർണയിക്കും.
ബെംഗളൂരു ബിസിനസ് കോറിഡോർ
74 കിലോമീറ്റർ ദൈർഘ്യം വരുന്ന പദ്ധതി മുൻപ് പെരിഫറൽ റിംഗ് റോഡ് പ്രോജക്റ്റ് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. പദ്ധതിക്ക് ആകെ 2560 ഏക്കർ ഭൂമി ആവശ്യമുണ്ട്. ഇതിൽ ഏകദേശം 140 ഏക്കർ ഭൂമി തർക്കങ്ങളിലാണ്. ഇതിന് പിന്നാലെയാണ് ഇപ്പോൾ കർഷകർ പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. ഇതോടെ പദ്ധതിയുടെ തുടർ പ്രവർത്തനങ്ങൾ നിലയ്ക്കുമോ എന്നാണ് ആശങ്ക.
ആകെ 117 കിലോമീറ്റർ ദൈർഘ്യത്തിലാണ് ബെംഗളൂരു ബിസിനസ് കോറിഡോർ ഒരുങ്ങുന്നത്. ആക്‌സസ് - കൺട്രോൾഡ് എക്‌സ്പ്രസ് വേ നിലവിൽ ഭൂമി ഏറ്റെടുക്കൽ ഘട്ടത്തിലാണ്. 2026 മാർച്ചോടെ സിവിൽ വർക്ക് ടെൻഡറുകൾ ആരംഭിക്കുമെന്നാണ് പ്രതീക്ഷ. നിർദ്ദിഷ്‌ട കോറിഡോർ തുമകുരു റോഡ് (എൻഎച്ച്-4), ബല്ലാരി റോഡ്, ഓൾഡ് മദ്രാസ് റോഡ്, സർജാപൂർ റോഡ്, ഹൊസൂർ റോഡ്എന്നിങ്ങനെയുള്ള പാതകളുമായി ബന്ധിപ്പിക്കാനാണ് നീക്കം.












Click it and Unblock the Notifications