ബെംഗളൂരു-ചെന്നൈ എക്‌സ്പ്രസ് വേ വൈകുന്നു; കാരണമാവുന്നത് തമിഴ്‌നാട്? യാത്രാ സമയം 5 മണിക്കൂർ കുറയും!
ബെംഗളൂരു: ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ഉറ്റുനോക്കുന്ന പദ്ധതിയാണ് ബെംഗളൂരു-ചെന്നൈ എക്‌സ്പ്രസ് വേ. ഇതിന്റെ ഉദ്ഘാടനം 2027 വരെ വൈകിയേക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ. മൂന്ന് സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന ഈ നിർമ്മാണ പദ്ധതിക്ക് പലവിധ വെല്ലുവിളികൾ നേരിടുന്നതാണ് കാലതാമസത്തിന് പ്രധാന കാരണം. എല്ലാ സംസ്ഥാനങ്ങളിലും പ്രവർത്തനങ്ങളിൽ ഒരുപോലെ വേഗത നിലനിർത്താൻ അധികാരികൾക്ക് സാധിക്കാതെ വന്നതോടെയാണ് വൈകുന്നത്.
മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, 263 കിലോമീറ്റർ ദൈർഘ്യമുള്ള ഈ ഇടനാഴിയുടെ നിർമ്മാണം തടസമില്ലാതെ പൂർത്തിയാക്കാൻ തമിഴ്‌നാട്ടിലെ പ്രശ്‌നങ്ങളിൽ അടിയന്തിര നടപടികൾ ആവശ്യമാണ്. നിലവിൽ എക്‌സ്പ്രസ് വേയുടെ നിർമ്മാണ പുരോഗതി സംസ്ഥാനങ്ങൾക്കനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു.

കർണാടകയിലെ 72 കിലോമീറ്റർ ദൈർഘ്യമുള്ള ഹോസ്കോട്ടെ മുതൽ കെജിഎഫ് വരെയുള്ള ഭാഗം 100 ശതമാനം പൂർത്തിയാക്കി ഏകദേശം ഒരു വർഷത്തോളമായി തുറന്നുകൊടുത്തിട്ടുണ്ട്. ആന്ധ്രാപ്രദേശിൽ 85 കിലോമീറ്റർ ഭാഗത്തിന്റെ 92 ശതമാനം നിർമ്മാണവും പൂർത്തിയായി. അതേസമയം, 106 കിലോമീറ്റർ ദൂരമുള്ള തമിഴ്‌നാട്ടിലെ ഭാഗമാണ് വെറും 80 ശതമാനം മാത്രം പൂർത്തിയാക്കി കാലതാമസത്തിന് കാരണമാവുന്നത്.
യഥാർത്ഥത്തിൽ 2024-ഓടെ ഈ പാതയുടെ നിർമ്മാണം പൂർത്തിയാക്കുവാനായിരുന്നു അധികൃതർ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, പ്രധാനമായും മൂന്ന് കാരണങ്ങളാണ് പദ്ധതിയുടെ വേഗത കുറച്ചത്. വനാനുമതികൾ ലഭിക്കുന്നതിലെ ചുവപ്പുനാട സംബന്ധമായ കാലതാമസം, പാതയ്ക്ക് ആവശ്യമായ ഭൂമി ഏറ്റെടുക്കുന്നതിലെ ബുദ്ധിമുട്ടുകൾ, സാമ്പത്തിക പ്രതിസന്ധികൾ എന്നിവ ഒക്കെയും ഇതിൽ ഉൾപ്പെടുന്നു.
വെല്ലുവിളികളിൽ ഏറെയും തമിഴ്‌നാട്ടിൽ
സാമ്പത്തിക പ്രശ്‌നങ്ങളിൽ ഏറ്റവും വലിയ തടസമായി മാറിയത് തമിഴ്‌നാട്ടിലാണ്. അരക്കോണം-കാഞ്ചീപുരം ഭാഗം നിർമ്മിക്കുന്ന കരാറുകാരന് സാമ്പത്തിക പ്രതിസന്ധി ഉണ്ടായതാണ് പ്രധാന കാരണമായി വിലയിരുത്തുന്നത്. 2025 മെയ് മാസത്തിൽ ഈ ഭാഗത്തെ ജോലികൾ പൂർണമായും നിലച്ചു. ഈ ഭാഗം പൂർത്തിയാക്കാതെ മുഴുവൻ പദ്ധതിയും മുന്നോട്ട് പോകില്ല.
അതേസമയം, ഇതൊരു ഗ്രീൻഫീൽഡ് പദ്ധതിയായതുകൊണ്ട്, പൂർണമായി തുറക്കുന്നതിന് മുമ്പ് മുഴുവൻ എക്‌സ്പ്രസ് വേയും നിർമ്മിച്ചു തീർക്കേണ്ടതുണ്ട്. നിലവിൽ സ്‌തംഭിച്ച ഭാഗത്തിനുള്ള കരാർ റദ്ദാക്കാൻ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ നീങ്ങുകയാണെന്നാണ് വിവരം. വായ്‌പ നൽകിയവർ, ഈ ജോലി ഏറ്റെടുത്ത് പൂർത്തിയാക്കാൻ ഒരു പുതിയ കമ്പനിയെ കണ്ടെത്താനുള്ള ശ്രമങ്ങളിലാണ്.
യാത്രാ സമയം 2 മണിക്കൂറായി കുറയും
നിർമ്മാണം പൂർത്തിയാകുന്നതോടെ ഇതുവഴിയുള്ള യാത്രികർക്ക് വലിയ മാറ്റമാകും ഈ എക്‌സ്പ്രസ് വേ നൽകുന്നത്. നിലവിൽ ഹോസൂർ വഴിയുള്ള പഴയ പാതയിലൂടെ ബെംഗളൂരുവിൽ നിന്ന് ചെന്നൈയിലേക്ക് എത്താൻ ഏകദേശം 6-7 മണിക്കൂറാണ് എടുക്കുന്നത്. പുതിയ പാത യാഥാർത്ഥ്യമാകുമ്പോൾ, യാത്രാസമയം വെറും രണ്ടര മണിക്കൂറിനടുത്തായി കുറയും. ഇത് യാത്രികർക്ക് മികച്ച രീതിയിൽ ഗുണകരമാവും എന്നുറപ്പാണ്.












Click it and Unblock the Notifications