Get Updates
Get notified of breaking news, exclusive insights, and must-see stories!

ബെംഗളൂരു-ചെന്നൈ എക്‌സ്പ്രസ് വേ; അരക്കോണം-കാഞ്ചീപുരം സ്ട്രെച്ചിനായി പുതിയ ടെൻഡർ, 633.12 കോടി!

ചെന്നൈ: തമിഴ്‌നാട്ടിലെ ബെംഗളൂരു-ചെന്നൈ എക്‌സ്പ്രസ് വേയിലെ പ്രധാനമായും പൂർത്തിയാകാതെ കിടക്കുന്ന ഭാഗങ്ങളിലൊന്നായ 25.5 കിലോമീറ്റർ അരക്കോണം-കാഞ്ചീപുരം പാതയുടെ കാര്യത്തിൽ പുരോഗതി. പദ്ധതി പൂർത്തിയാക്കാൻ ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ പുതിയതായി 633.12 കോടി രൂപയുടെ ടെൻഡർ ക്ഷണിച്ചു.

ആകെ 262 കിലോമീറ്റർ ദൈർഘ്യമുള്ള എക്‌സ്പ്രസ് വേയിൽ 204.5 കിലോമീറ്റർ മുതൽ 230 കിലോമീറ്റർ വരെയുള്ള ഭാഗമാണ് പുതിയ ടെൻഡറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പുതിയ കരാറുകാരന് ബാക്കിയുള്ള നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ 18 മാസത്തെ സമയമാണ് അനുവദിക്കുക. തുടർന്ന് അഞ്ച് വർഷത്തേക്ക് പാതയുടെ പരിപാലന ചുമതലയും കരാറുകാരനുണ്ടാകും.

bengaluru chennai expressway

സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കൺസഷനയർ കമ്പനിയായ ഡിബി ജെയിൻ 2025 മെയ് മാസത്തിൽ നിർമ്മാണം നിർത്തിവയ്ക്കുമ്പോൾ ഈ ഭാഗത്ത് 53 ശതമാനം ഭൗതിക പുരോഗതി കൈവരിച്ചിരുന്നു. 11.03 കിലോമീറ്റർ റോഡ് അപ്പോഴേക്കും പൂർത്തിയാക്കിയിരുന്നു. തുടർന്ന് കരാർ അവസാനിപ്പിക്കുന്നതിനുള്ള നടപടികൾ ദേശീയപാത അതോറിറ്റി നവംബറിൽ ആരംഭിച്ചു.

ഇതിനെതിരെ ഡിബി ജെയിൻ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. 2026 ജനുവരിയിൽ കോടതി നിലവിലെ സ്ഥിതി തുടരാൻ ഉത്തരവിട്ടു. തുടർന്ന് ഓഗസ്‌റ്റ് 20ന് പുറപ്പെടുവിച്ച ഉത്തരവിൽ, പദ്ധതിയുടെ വ്യവസ്ഥകൾ പ്രകാരം ഫ്ലൈ ആഷും അത് കൊണ്ടുപോകുന്നതിനുള്ള ഗതാഗത സൗകര്യവും സൗജന്യമായി ലഭിക്കാൻ ഡിബി ജെയിന് അവകാശമുണ്ടെന്ന് കോടതി വ്യക്തമാക്കി.

ഫ്ലൈ ആഷിനും അതിന്റെ ഗതാഗതത്തിനുമായി ചെലവായ തുക തിരിച്ചുനൽകണമെന്ന കരാറുകാരന്റെ അവകാശവാദത്തിൽ 180.17 കോടി ഉൾപ്പെടെയുള്ള തുകകൾ തർക്കപരിഹാര ബോർഡ് പരിശോധിച്ച് തീരുമാനിക്കണമെന്നും, അതിന് ശേഷം ആവശ്യമെങ്കിൽ ആർബിട്രൽ ട്രൈബ്യൂണലിന് മുമ്പാകെ വിഷയം പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി.

പൂർത്തിയാകാത്ത ഈ പാക്കേജിൽ നിരവധി പ്രധാന നിർമ്മാണ ഘടകങ്ങളുണ്ട്. ഒമ്പത് പ്രധാന പാലങ്ങൾ, ഒരു റോഡ് ഓവർ ബ്രിഡ്‌ജ്‌, രണ്ട് ഗ്രേഡ് സെപ്പറേറ്ററുകൾ, രണ്ട് ചെറിയ പാലങ്ങൾ, 18 വാഹന/വാഹനേതര അണ്ടർപാസുകൾ, 44 ബോക്‌സ് കൾവെർട്ടുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. അതേസമയം, 262 കിലോമീറ്റർ ദൈർഘ്യമുള്ള എക്‌സ്പ്രസ് വേയിലെ മറ്റ് ഭൂരിഭാഗം പാക്കേജുകളും നിർമ്മണത്തിന്റെ അവസാന ഘട്ടങ്ങളിലാണ്.

കർണാടകയിൽ ബെംഗളൂരു-മാലൂർ, മാലൂർ-ബംഗാർപേട്ട്, ബംഗാർപേട്ട്-ബേത്തമംഗല പാക്കേജുകൾ പൂർത്തിയായി. ആന്ധ്രപ്രദേശിൽ ബേത്തമംഗല-ബൈറെഡ്ഡിപ്പള്ളി പാക്കേജ് 99 ശതമാനം, ബൈറെഡ്ഡിപ്പള്ളി-ബംഗാരുപാലം 93 ശതമാനം പൂർത്തിയായി. ബംഗാരുപാലം-ഗുഡിപാല പാക്കേജ് പൂർണമായും പൂർത്തിയാക്കിയിട്ടുണ്ട്.

തമിഴ്‌നാട്ടിൽ ഗുഡിപാല-വാലാജാപേട്ട് പാക്കേജ് 99 ശതമാനവും, വാലാജാപേട്ട്-അരക്കോണം പാക്കേജ് 98 ശതമാനവും പൂർത്തിയായിട്ടുണ്ട്. കാഞ്ചീപുരം-ശ്രീപെരുമ്പത്തൂർ പാക്കേജ് 89.97 ശതമാനം പൂർത്തിയായിട്ടുണ്ട്. ഒക്ടോബർ 31നകം ഈ ഭാഗത്തിന്റെ നിർമാണം പൂർത്തിയാക്കാനാണ് നിലവിലെ ലക്ഷ്യം.

അതേസമയം, ബെംഗളൂരുവിനും ചെന്നൈയ്ക്കുമിടയിൽ ബുള്ളറ്റ് ട്രെയിൻ ഇടനാഴി സ്ഥാപിക്കുന്നതിനുള്ള സാധ്യതയും കേന്ദ്രസർക്കാർ പരിശോധിച്ചു വരികയാണ്. നിലവിലെ എക്‌സ്പ്രസ് വേയുടെ പാതയോട് ചേർന്നായിരിക്കും ബുള്ളറ്റ് ട്രെയിൻ കോറിഡോർ പരിഗണിക്കുന്നത്. ഇതിന്റെ ഭാഗമായി നിരവധി സ്‌റ്റേഷനുകളും ആസൂത്രണം ചെയ്യുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+