ബെംഗളൂരു-ചെന്നൈ യാത്രയ്ക്ക് ഇനി വെറും രണ്ടര മണിക്കൂർ; അതിവേഗ പാതയുടെ ജോലികൾ ദ്രുതഗതിയിൽ
ബെംഗളൂരു: ആന്ധ്രാപ്രദേശിലൂടെ കടന്നുപോകുന്ന ചെന്നൈ-ബെംഗളൂരു അതിവേഗ പാതയുടെ നിർമ്മാണം ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ഉദ്യോഗസ്ഥർ നിരീക്ഷിക്കുന്ന ഈ 263 കിലോമീറ്റർ പാത, മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ രൂപകൽപ്പന ചെയ്‌തതാണ്.
പൂർത്തിയാകുമ്പോൾ, ഇന്ത്യയിലെ പ്രധാന സാങ്കേതിക ഹബ്ബുകൾക്കിടയിലെ യാത്രാ സമയം ആറ് മണിക്കൂറിൽ നിന്ന് ഏകദേശം 2.5 മണിക്കൂർ ആയി കുറയും. കർണാടക (71.7 കി.മീ), ആന്ധ്രാപ്രദേശ് (85-ൽ 78.5 കി.മീ), തമിഴ്‌നാട് (106-ൽ 84.7 കി.മീ) എന്നിവിടങ്ങളിലൂടെ കടന്നുപോകുന്ന പാതയുടെ നിർമ്മാണ പുരോഗതി വ്യത്യസ്‌തമാണ്; ഇനി 28.6 കിലോമീറ്റർ കൂടി പൂർത്തിയാകാനുണ്ട്.

പാത 2026 ജൂലൈയോടെ പൂർണമായും തുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്, എന്നാൽ ഇത് 2027 ആദ്യത്തിലേക്ക് നീളാമെന്ന് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഭൂമി ഏറ്റെടുക്കൽ, വനാനുമതി, കരാറുകാരുടെ സാമ്പത്തിക പ്രശ്‌നങ്ങൾ എന്നിവയിലെ കാലതാമസം കാരണം 2025 ഓഗസ്‌റ്റിലെ പ്രാരംഭ ലക്ഷ്യം മാറ്റിവെക്കുകയായിരുന്നു.
കരാറുകാരുടെ സാമ്പത്തിക പ്രതിസന്ധിയാണ് പ്രധാന കാലതാമസ കാരണമെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു. വായ്‌പാ ദാതാക്കൾ ഇടപെട്ട് പുതിയ കരാറുകാരെ നിയമിച്ചു. പദ്ധതിയുടെ ആകെ ചെലവ് 17,692 കോടി രൂപയാണ്. പ്രവർത്തനക്ഷമമാകുമ്പോൾ, ഈ പാത ബെംഗളൂരുവിലെ ഹൊസകോട്ടയെ ചെന്നൈയിലെ ശ്രീപെരുമ്പത്തൂരുമായി ബന്ധിപ്പിക്കും.
നിലവിലുള്ള വഴിയിലെ ദൂരം 50 കിലോമീറ്റർ കുറയുമെന്നതാണ് മറ്റൊരു പ്രത്യേകത. തെക്കേ ഇന്ത്യയിൽ ഉൽപ്പാദനം, വ്യാപാരം, പ്രാദേശിക കണക്റ്റിവിറ്റി എന്നിവ വർധിപ്പിക്കാൻ ലക്ഷ്യമിടുന്ന ചെന്നൈ-ബെംഗളൂരു വ്യാവസായിക ഇടനാഴിക്ക് ഇത് നിർണായക ഗതാഗത മാർഗമാകും. എങ്കിലും ഇത് തുറക്കാൻ വൈകുന്നതിൽ യാത്രക്കാർ നിരാശയിലാണ്.
പുതിയ പാതയും പ്രത്യേകതകളും
ഈ നാലുവരി നിയന്ത്രിത പ്രവേശന പാത എട്ട് വരികളായി വികസിപ്പിക്കാൻ സാധിക്കും. കർണാടക, ആന്ധ്രാപ്രദേശ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന ഇത് കോലാർ, ചിറ്റൂർ, റാണിപ്പേട്ട്, കാഞ്ചീപുരം തുടങ്ങിയ പ്രധാന കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്നു. ശ്രീപെരുമ്പത്തൂരിൽ വെച്ച് നിലവിലുള്ള ചെന്നൈ-ബെംഗളൂരു ഹൈവേയുമായി ഈ പാത കൂടിച്ചേരും.
നിലവിൽ, ഹൊസൂർ വഴിയുള്ള ബെംഗളൂരു-ചെന്നൈ ദൂരം ഏകദേശം 340 കിലോമീറ്ററാണ്, ഇതിന് സാധാരണഗതിയിൽ ആറോ ഏഴോ മണിക്കൂർ സമയമെടുക്കും. അവിടെയാണ് യാത്രാ സമയം കേവലം രണ്ടര മണിക്കൂറായി ചുരുക്കാൻ സാധിക്കുന്ന തരത്തിലേക്ക് ഈ പാത എത്തുന്നത്. ഇത് യാത്രയുടെ വേഗതയിലും കാര്യക്ഷമതയിലും വലിയ മാറ്റമുണ്ടാക്കും.
എക്‌സ്പ്ര വേയുടെ പാത ബെംഗളൂരുവിന് കിഴക്ക് ഹൊസ്കോട്ടെയിൽ നിന്നാരംഭിച്ച് മാലൂർ, കോലാർ, ബംഗാർപേട്ട് എന്നിവയിലൂടെയാണ് കടന്നുപോകുന്നത്. ഇത് പാലമനേർ, ചിറ്റൂർ വഴി ആന്ധ്രാപ്രദേശിലേക്കും, തുടർന്ന് റാണിപ്പേട്ട്, കാഞ്ചീപുരം വഴി തമിഴ്‌നാട്ടിലേക്കും പ്രവേശിക്കും. ഒടുവിൽ ശ്രീപെരുമ്പത്തൂരിൽ ചെന്നൈയിലേക്കുള്ള ദേശീയപാതയുമായി ഇത് ചേരും.












Click it and Unblock the Notifications