ബെംഗളൂരു നഗരത്തിലെ ആദ്യ ഡബിൾ ഡക്കർ ഫ്ലൈഓവർ അവസാന ഘട്ടത്തിൽ; 449 കോടി രൂപ ചിലവ്, ഫെബ്രുവരിയിൽ തുറക്കും?
ബെംഗളൂരു: നഗരത്തിലെ ഗതാഗത സൗകര്യങ്ങൾ അതിവേഗത്തിൽ വികസിക്കുകയും വിപുലീകരിക്കുകയും ചെയ്യുകയാണ്. മെട്രോ അടക്കമുള്ള പൊതുഗതാഗത്തിന് ഒപ്പം തന്നെ റോഡ് ഗതാഗതവും കൂടുതൽ മെച്ചപ്പെടുകയാണ്. അതിന്റെ ഭാഗമായി ഇപ്പോൾ വലിയൊരു മാറ്റത്തിന് തന്നെ നഗരം ഒരുങ്ങുകയാണ്.
നഗരത്തിലെ ആദ്യത്തെ ഡബിൾ ഡക്കർ ഫ്ലൈഓവറായ സിൽക്ക് ബോർഡ് ജംഗ്ഷൻ ഫ്ലൈഓവർ പൂർത്തീകരണത്തോട് അടുക്കുകയാണ് ഇപ്പോൾ. 449 കോടി രൂപ ചെലവഴിച്ചുള്ള ഈ പദ്ധതി, നഗരത്തിലെ വിട്ടുമാറാത്ത ഗതാഗതക്കുരുക്ക് ലഘൂകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപ്പാക്കുന്നത്. ഫ്ലൈഓവർ ഫെബ്രുവരി അവസാനത്തോടെ പൂർണമായി പ്രവർത്തനക്ഷമമാകുമെന്നാണ് പ്രതീക്ഷ.

മേൽപ്പാലത്തിന്റെ പ്രധാന ഭാഗങ്ങൾ 2024ൽ തുറന്നിരുന്നുവെങ്കിലും, എച്ച്എസ്ആർ ലേഔട്ടിനെ ബിടിഎം ലേഔട്ടുമായി ബന്ധിപ്പിക്കുന്ന ഭാഗത്ത് 42 മീറ്റർ സ്‌റ്റീൽ പാലം സ്ഥാപിക്കേണ്ടി വന്നത് കൊണ്ട് പിന്നെയും പണി വൈകിപ്പിച്ചു. ഫെബ്രുവരി അവസാനത്തോടെ ജോലികൾ എല്ലാം പൂർത്തിയാക്കാനാണ് ബിഎംആർസിഎൽ അധികൃതർ ലക്ഷ്യമിടുന്നത്. നിലവിൽ കോൺക്രീറ്റ് സ്ലാബ് വാർക്കുന്ന പണികൾ നടക്കുകയാണ് ഇവിടെ.
നിലവിലെ സാഹചര്യത്തിൽ ദിനംപ്രതി ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോവുന്ന മേഖലയിൽ വരുന്ന മേൽപ്പാലത്തിന്റെ പൂർത്തീകരണം യാത്രക്കാരിൽ വലിയ പ്രതീക്ഷയാണ് ഉണ്ടാക്കുന്നത്. ഫ്ലൈഓവർ പൂർണമായും തുറന്ന് കൊടുക്കുന്നതോടെ സിൽക്ക് ബോർഡ് ജംഗ്ഷനെ പൂർണ്ണമായി മറികടന്ന് വാഹനങ്ങൾക്ക് പോകുവാൻ സാധിക്കുമെന്നതാണ് കാര്യം. അതുവഴി ഇവിടുത്തെ ഗതാഗതക്കുരുക്ക് കുറയുമെന്നാണ് വിലയിരുത്തൽ.
നിലവിൽ പല യാത്രക്കാരുടെയും പേടി സ്വപ്‌നമാണ് സിൽക്ക് ബോർഡ് ജംഗ്‌ഷൻ. ഈ റാമ്പ് തുറന്നാൽ എച്ച്എസ്ആർ, ഹോസൂർ റോഡ് എന്നിവിടങ്ങളിലേക്കുള്ള വാഹനങ്ങൾ വേഗത്തിൽ പോകുമെന്നാണ് യാത്രക്കാർ പറയുന്നത്. ഓഫീസ് തിരക്കുകൾ ഏറുന്ന വൈകീട്ടോടെ പലപ്പോഴും നീണ്ട നിര തന്നെ ഇവിടെ വാഹനങ്ങളുടേതായി കാണാവുന്നതാണ്.
കൂടാതെ സിൽക്ക് ബോർഡിൽ നിന്ന് ബിടിഎം ലേഔട്ടിലേക്കുള്ള സിഗ്നൽ ഒഴിവാക്കുന്നത് വലിയ ആശ്വാസമായിരിക്കും എന്നാണ് മറ്റ് യാത്രക്കാരും സാക്ഷ്യപ്പെടുത്തുന്നത്. ബനശങ്കരി ഭാഗത്തുനിന്നുള്ള മേൽപ്പാലം ഇതിനകം പ്രവർത്തനക്ഷമമാണ്, എന്നാൽ ഈ എച്ച്എസ്ആർ കണക്ഷനില്ലാത്ത സാഹചര്യത്തിൽ അത് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ടെന്ന് പലരും ചൂണ്ടിക്കാട്ടിയിരുന്നു.
അതിനിടെ മേൽപ്പാലത്തിന്റെ നിർമ്മാണം അവസാന ഘട്ടത്തിലാണെന്നും, പോലീസിന്റെ പരിശോധനയ്ക്ക് ശേഷമേ തുറക്കൂ എന്നും ബിഎംആർസിഎൽ അധികൃതർ അറിയിച്ചു. കരാറുകാരൻ അവസാന മിനുക്കുപണികൾ പൂർത്തിയാക്കിയാൽ, ട്രാഫിക് പോലീസ് ഘടന പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷമേ പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കുമെന്ന് ബിഎംആർസിഎൽ അറിയിച്ചു.
കൂടാതെ ഫെബ്രുവരി അവസാനത്തോടെ മേൽപ്പാലം പൂർണമായി പ്രവർത്തനക്ഷമമാക്കുമെന്ന് ഡിസിപി ഗോപാൽ എം ബ്യാകോഡ് (ട്രാഫിക്, സൗത്ത്) സ്ഥിരീകരിക്കുകയും ചെയ്‌തിട്ടുണ്ട്. ഇത് സെൻട്രൽ സിൽക്ക് ബോർഡ് ജംഗ്ഷൻ മുതൽ ബിടിഎം ലേഔട്ട്, എച്ച്എസ്ആർ ലേഔട്ട്, ബെല്ലന്തൂർ എന്നിവിടങ്ങളിലെ ഗതാഗതക്കുരുക്ക് ഒരുപരിധിവരെ ലഘൂകരിക്കാൻ സഹായിക്കും.












Click it and Unblock the Notifications