ബെംഗളൂരു ഇലക്ട്രോണിക് സിറ്റി എലിവേറ്റഡ് കോറിഡോർ; ഇരുചക്ര വാഹനങ്ങൾക്ക് ടോൾ ഒഴിവാക്കിയേക്കും
ബെംഗളൂരു: നഗരത്തിലെ ഇലക്ട്രോണിക് സിറ്റി എലിവേറ്റഡ് കോറിഡോറിലൂടെ ദിവസവും യാത്ര ചെയ്യുന്ന 25,000ലധികം ഇരുചക്രവാഹന യാത്രക്കാർക്ക് ഉടൻ ടോൾ ഒഴിവായേക്കും. 16 വർഷത്തിലേറെയായി ടോൾ ഈടാക്കിയിരുന്ന പദ്ധതിയുടെ കരാർ കാലാവധി സെപ്റ്റംബർ 10ന് അവസാനിച്ചതിനെ തുടർന്ന് ദേശീയപാത അതോറിറ്റി പദ്ധതി ഏറ്റെടുത്തതോടെയാണ് ഇരുചക്രവാഹനങ്ങളിൽ നിന്ന് ടോൾ ഒഴിവാക്കുന്ന കാര്യം പരിഗണിക്കുന്നത്.
സെൻട്രൽ സിൽക്ക് ബോർഡിനെയും ഇലക്ട്രോണിക് സിറ്റിയെയും ബന്ധിപ്പിക്കുന്ന 10 കിലോമീറ്റർ എലിവേറ്റഡ് കോറിഡോറിലെ ടോൾ പ്ലാസയുടെ പ്രവർത്തനം ഇപ്പോൾ ദേശീയപാത അതോറിറ്റിക്കാണ്. പദ്ധതിയുടെ പുതിയ സാഹചര്യത്തിൽ ഇരുചക്രവാഹനങ്ങളെ ടോളിൽ നിന്ന് ഒഴിവാക്കുന്നതിനെക്കുറിച്ച് അധികൃതർ പരിശോധിച്ചുവരികയാണ്.

2010ൽ പ്രവർത്തനം ആരംഭിച്ച ഈ കോറിഡോർ ഹൊസൂർ റോഡിലൂടെ ഇലക്ട്രോണിക് സിറ്റി, ബൊമ്മസാന്ദ്ര, അത്തിബെലെ മേഖലകളിലേക്ക് സിഗ്നൽ രഹിത യാത്ര സാധ്യമാക്കുന്നു. നിലവിൽ നഗരത്തിലെ ഇരുചക്രവാഹനങ്ങളിൽ നിന്ന് ടോൾ ഈടാക്കുന്ന ചുരുക്കം റോഡുകളിൽ ഒന്നാണിത്. ഇരുചക്രവാഹനങ്ങൾക്ക് പ്രതിമാസ പാസിന് 785 രൂപയും പ്രതിദിന പാസിന് 40 രൂപയും ഒറ്റയാത്രയ്ക്ക് 25 രൂപയുമാണ് ഈടാക്കുന്നത്.
ദിവസവും 30,000ലധികം ഇരുചക്രവാഹന ഇടപാടുകൾ ടോൾ പ്ലാസയിൽ രേഖപ്പെടുത്തുന്നുണ്ട് എന്നാണ് ഇവിടുത്തെ കണക്കുകൾ വ്യക്തമാക്കുന്നത്. ഇലക്ട്രോണിക് സിറ്റി, അത്തിബെലെ ടോൾ പ്ലാസകൾ തമ്മിൽ 14 കിലോമീറ്റർ മാത്രമാണ് ദൂരമെന്നും രണ്ടും 60 കിലോമീറ്ററിനുള്ളിലാണ് സ്ഥിതി ചെയ്യുന്നതെന്നും വാഹനയാത്രക്കാർ ചൂണ്ടിക്കാട്ടുന്നു.
പദ്ധതി ദേശീയപാത അതോറിറ്റി ഏറ്റെടുത്തതോടെ ടോൾ ഈടാക്കുന്നതിനുള്ള ചട്ടങ്ങളിലും മാറ്റമുണ്ടാകുമെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കി. 1997ലെ ടോൾ നയപ്രകാരമാണ് ഇതുവരെ കരാറുകാരൻ ടോൾ ഈടാക്കിയിരുന്നത്. എന്നാൽ പദ്ധതി ദേശീയപാത അതോറിറ്റി ഏറ്റെടുത്തതിനാൽ 2008ലെ ടോൾ നയം അനുസരിച്ചായിരിക്കും ഇനി ടോൾ പിരിക്കുക. ഈ ചട്ടപ്രകാരം ദേശീയപാതയുടെ ഭാഗങ്ങളിൽ ഇരുചക്രവാഹനങ്ങളിൽ നിന്ന് ടോൾ ഈടാക്കേണ്ടതില്ലെന്നാണ് ഉദ്യോഗസ്ഥൻ വ്യക്തമാക്കിയത്.
പുതിയ ടോൾ നയം നടപ്പാക്കുന്നതോടെ കാറുകൾ ഉൾപ്പെടെയുള്ള മറ്റ് വാഹനങ്ങളുടെ ടോൾ നിരക്കിലും മാറ്റമുണ്ടാകാൻ സാധ്യതയുണ്ട്. എന്നാൽ കാറുകൾ, ബസുകൾ തുടങ്ങിയ വാഹനങ്ങൾക്ക് നിരക്കിൽ ഉണ്ടാകുന്ന വർധന നേരിയതായിരിക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. ഹൊസൂർ റോഡിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനായി ഐടി കമ്പനികളും സംസ്ഥാന സർക്കാരും ആവശ്യപ്പെട്ടതിനെ തുടർന്നാണ് എലിവേറ്റഡ് കോറിഡോർ നിർമ്മിച്ചത്.
അതേസമയം, ടോൾ പ്ലാസ ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം ദേശീയപാത അതോറിറ്റിയുടേതായിരിക്കും. പരമ്പരാഗത ടോൾ പ്ലാസകൾക്ക് പകരം വാഹനങ്ങൾ നിർത്താതെ ഇലക്ട്രോണിക് ആയി ടോൾ പിരിക്കാൻ കഴിയുന്ന മൾട്ടി ലെയ്ൻ ഫ്രീ ഫ്ലോ ടോളിങ് സംവിധാനവും ഇവിടെ അധികൃതർ പരിഗണിക്കുന്നുണ്ട്.


Click it and Unblock the Notifications
