ഏഷ്യയിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ എഐ സ്‌റ്റാർട്ടപ്പ് കേന്ദ്രമായി ബെംഗളൂരു; 2.28 ബില്യൺ ഡോളർ നിക്ഷേപം

ബെംഗളൂരു: ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) അധിഷ്ഠിത സ്‌റ്റാർട്ടപ്പ് കേന്ദ്രമായി ബെംഗളൂരു. മേഖലയിലെ പ്രമുഖ സാങ്കേതികവിദ്യാ-നവീകരണ കേന്ദ്രങ്ങളിലൊന്നെന്ന നഗരത്തിന്റെ സ്ഥാനം ഇതോടെ കൂടുതൽ ശക്തമായി. ബെംഗളൂരു ഇന്നൊവേഷൻ റിപ്പോർട്ട് 2026 പ്രകാരം ഇന്ത്യയിലെ എഐ സ്‌റ്റാർട്ടപ്പുകൾക്ക് ലഭിക്കുന്ന മൊത്തം നിക്ഷേപത്തിന്റെ 36.3 ശതമാനവും ബെംഗളൂരുവിലേക്കാണ് എത്തുന്നത്.

ഏകദേശം 2.28 ബില്യൺ ഡോളറാണ് ഈ മേഖലയിലെ നിക്ഷേപം. 2023നുശേഷം രാജ്യത്ത് രൂപംകൊണ്ട എഐ, ഡീപ് ടെക് യൂണികോൺ കമ്പനികളിൽ 71 ശതമാനവും ബെംഗളൂരുവിലാണ് പ്രവർത്തിക്കുന്നത്. നവംബർ 18ന് ബെംഗളൂരു ടെക് സമ്മിറ്റിൽ പുറത്തിറക്കിയ റിപ്പോർട്ടിലാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, നൂതന സാങ്കേതികവിദ്യാ മേഖലകളിൽ നഗരത്തിന്റെ വളർച്ച വ്യക്തമാക്കുന്നത്. ബെംഗളൂരുവിൽ ഏകദേശം 799 എഐ അധിഷ്‌ഠിത സ്‌റ്റാർട്ടപ്പുകളുണ്ട്.

bengaluru

ഇതിൽ 764 എണ്ണവും സജീവമായി പ്രവർത്തിക്കുന്നതും നിക്ഷേപം ലഭിച്ചിട്ടുള്ളതുമാണ്. ഈ കമ്പനികൾക്ക് ആകെ ഏകദേശം 2.28 ബില്യൺ ഡോളർ നിക്ഷേപം ലഭിച്ചിട്ടുണ്ട്. ഡീപ് ടെക് സ്‌റ്റാർട്ടപ്പുകൾക്കുള്ള നിക്ഷേപത്തിലും ബെംഗളൂരുവാണ് രാജ്യത്ത് മുന്നിൽ. 2010 മുതൽ 2026 വരെ ഈ മേഖലയിലേക്ക് 3.77 ബില്യൺ ഡോളർ നിക്ഷേപം നഗരത്തിലെത്തി. ഡൽഹി-എൻസിആറിലെ സ്‌റ്റാർട്ടപ്പുകൾക്ക് ലഭിച്ച നിക്ഷേപത്തിന്റെ ഇരട്ടിയിലധികമാണിത്.

ബെംഗളൂരുവിന്റെ മൊത്തത്തിലുള്ള സ്‌റ്റാർട്ടപ്പ് മേഖലയും വലിയ വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. 2010 മുതൽ നഗരത്തിലെ സ്‌റ്റാർട്ടപ്പുകൾക്ക് ഏകദേശം 85 ബില്യൺ ഡോളറിന്റെ വെഞ്ച്വർ ക്യാപിറ്റൽ നിക്ഷേപം ലഭിച്ചു. ഇന്ത്യൻ സ്‌റ്റാർട്ടപ്പുകൾക്ക് ലഭിച്ച ആകെ നിക്ഷേപത്തിന്റെ ഏകദേശം 47 ശതമാനമാണിത്. സജീവമായി പ്രവർത്തിക്കുന്നതും നിക്ഷേപം ലഭിച്ചതുമായ 3810 സ്‌റ്റാർട്ടപ്പുകളും 57 യൂണികോൺ കമ്പനികളും നഗരത്തിലുണ്ട്.

ഇവയുടെ ആകെ മൂല്യം ഏകദേശം 211 ബില്യൺ ഡോളറാണ്. യൂണികോൺ പദവിയിലേക്ക് ഉയരാൻ സാധ്യതയുള്ള 212 സ്‌റ്റാർട്ടപ്പുകളും ബെംഗളൂരുവിലുണ്ട്. ഇത്തരം കമ്പനികളെയാണ് സൂണിക്കോൺ എന്ന് വിശേഷിപ്പിക്കുന്നത്. നഗരത്തിലെ സാങ്കേതികവിദ്യാ മേഖലയിലേക്ക് വനിതാ സംരംഭകരുടെ സംഭാവനയും റിപ്പോർട്ട് എടുത്തുപറയുന്നു. ഡീപ് ടെക്, എഐ മേഖലകളിലായി വനിതകൾ നയിക്കുന്ന 103 സജീവ സ്‌റ്റാർട്ടപ്പുകൾ ബെംഗളൂരുവിലുണ്ട്.

ബെംഗളൂരുവിന് പുറത്തുള്ള നഗരങ്ങളിലേക്കും സ്‌റ്റാർട്ടപ്പ് വളർച്ച വ്യാപിപ്പിക്കാൻ കർണാടക സർക്കാർ പദ്ധതിയിടുന്നുണ്ട്. മൈസൂരു, മംഗളൂരു, ഹുബ്ബള്ളി-ധാർവാഡ്, ബെളഗാവി, കലബുറഗി, ശിവമൊഗ്ഗ, തുമകൂരു എന്നിവിടങ്ങളിലെ സാങ്കേതികവിദ്യാ കേന്ദ്രങ്ങൾ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. ഇതിനായി സംസ്ഥാന സർക്കാർ 1000 കോടി രൂപ വകയിരുത്തിയ അഞ്ച് വർഷത്തെ ലോക്കൽ ഇക്കണോമി ആക്‌സിലറേറ്റർ പദ്ധതിക്ക് രൂപം നൽകിയിട്ടുണ്ട്.

2017 മുതൽ സംസ്ഥാന സർക്കാരിന്റെ എലിവേറ്റ് പദ്ധതി വഴി 1479 സ്‌റ്റാർട്ടപ്പുകൾക്ക് ഏകദേശം 393.58 കോടി രൂപയുടെ ഗ്രാന്റ് ലഭിച്ചിട്ടുണ്ട്. ഇതിന്റെ ഗുണഭോക്താക്കളിൽ 38.6 ശതമാനം പേരും ബെംഗളൂരുവിന് പുറത്തുള്ളവരാണ്. മറ്റ് ജില്ലകളിലും സംരംഭകത്വം പ്രോത്സാഹിപ്പിക്കാനുള്ള സർക്കാരിന്റെ ശ്രമങ്ങളാണ് ഇത് വ്യക്തമാക്കുന്നത്.

അതേസമയം, ഇന്ത്യയുടെ സാങ്കേതികവിദ്യാ സമ്പദ്‌വ്യവസ്ഥയിൽ ബെംഗളൂരുവിനുള്ള നിർണായക സ്ഥാനമാണ് റിപ്പോർട്ട് അടിവരയിടുന്നത്. അതേസമയം, ദീർഘകാല നിക്ഷേപം ലഭ്യമാക്കുന്നതിനുള്ള സൗകര്യങ്ങൾ മെച്ചപ്പെടുത്തുക, വ്യവസായ മേഖലയും അക്കാദമിക സ്ഥാപനങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുക, അത്യാധുനിക കംപ്യൂട്ടിങ് അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുക തുടങ്ങിയ കാര്യങ്ങൾക്കും കൂടുതൽ ശ്രദ്ധ നൽകേണ്ടതുണ്ടെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma