ഹെബ്ബാൾ ഷോർട്ട് ടണൽ നിർമ്മാണത്തിന് തുടക്കം; ഗതാഗതക്കുരുക്ക് കുറയുമോ എന്ന് ചോദ്യം? ആശങ്ക തുടരുന്നു
ബെംഗളൂരു: നഗരത്തിലെ ഏറ്റവും തിരക്കേറിയ ജംഗ്ഷനുകളിലൊന്നായ ഹെബ്ബാളിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാൻ ലക്ഷ്യമിട്ട് 1140 കോടി ചെലവിൽ നിർമ്മിക്കുന്ന ഷോർട്ട് ടണൽ പദ്ധതിയുടെ പ്രാഥമിക നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. സംസ്ഥാന മന്ത്രിസഭ പദ്ധതിക്ക് അംഗീകാരം നൽകിയതിന് പിന്നാലെ, ഹൈദരാബാദ് ആസ്ഥാനമായ റിത്‌വിക് പ്രോജക്റ്റ്സും ആംറിലും ചേർന്ന സംയുക്ത സംരംഭത്തിനാണ് ജൂണിൽ കരാർ നൽകിയത്.
കരാർ ലഭിച്ചതിന് പിന്നാലെ ബല്ലാരി റോഡിലും കർണാടക വെറ്ററിനറി, അനിമൽ ആൻഡ് ഫിഷറീസ് സയൻസസ് സർവകലാശാലയുടെ പരിസരത്തും നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി ഭൂമി ഒരുക്കൽ, പ്രാഥമിക സിവിൽ ജോലികൾ എന്നിവയാണ് ഇപ്പോൾ പുരോഗമിക്കുന്നത്. ആദ്യഘട്ട രൂപരേഖ ബി സ്‌മൈൽ തയ്യാറാക്കിയിരുന്നെങ്കിലും പിന്നീട് പദ്ധതിയുടെ നിർവഹണ ചുമതല ബെംഗളൂരു ഡെവലപ്മെന്റ് അതോറിറ്റിക്ക് കൈമാറി.

നിലവിൽ പദ്ധതിയുടെ ധനസഹായവും നിർമ്മാണ മേൽനോട്ടവും എല്ലാം ബിഡിഎയാണ് വഹിക്കുന്നത്. എന്നാൽ, പദ്ധതി ആരംഭിച്ചിട്ടും ഇതിന്റെ സാങ്കേതിക പ്രായോഗികത, റോഡ് സുരക്ഷ, പരിസ്ഥിതി ആഘാതം, നിർമാണം മൂലമുണ്ടാകുന്ന ഗതാഗത തടസങ്ങൾ, കൂടാതെ ഹെബ്ബാളിലെ കുരുക്ക് യഥാർഥത്തിൽ പരിഹരിക്കാൻ ഈ ടണലിന് കഴിയുമോയെന്നത് സംബന്ധിച്ച ആശങ്കകൾ ശക്തമായി ഉയരുന്നുണ്ട്.
നഗരാസൂത്രണ വിദഗ്‌ധരും ഗതാഗത വിദഗ്‌ധരും പരിസ്ഥിതി പ്രവർത്തകരും ഉൾപ്പെടെയുള്ള വിവിധ വിഭാഗങ്ങൾ പദ്ധതിയുടെ ഫലപ്രാപ്‌തിയെ ചോദ്യം ചെയ്‌തിട്ടുണ്ട്. ഹെബ്ബാൾ ജംഗ്ഷനിലെ ഗതാഗത പ്രശ്‌നം ദീർഘകാലമായി നഗരത്തിന്റെ പ്രധാന വെല്ലുവിളികളിലൊന്നാണ്. അതിനാൽ, ടണൽ പദ്ധതി പൂർത്തിയാകുമ്പോൾ പ്രതീക്ഷിക്കുന്ന രീതിയിൽ ഗതാഗതക്കുരുക്ക് കുറയുമോയെന്ന് ഇനി വരുന്ന വർഷങ്ങളിലെ നിർമാണ പുരോഗതിയും പ്രവർത്തനക്ഷമതയും നിർണായകമാകും.
അതിനിടെ ഹെബ്ബാൾ ടണൽ റോഡ് പദ്ധതിക്ക് നിർണായക മുന്നേറ്റമായി, ഹെബ്ബാൾ തടാക പരിസരത്തെ 3.3 ഏക്കർ ഭൂമി കൈമാറാൻ കർണാടക ടാങ്ക് കൺസർവേഷൻ ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി കഴിഞ്ഞ ദിവസം വ്യവസ്ഥകളോടെയുള്ള അനുമതി നൽകിയിരുന്നു. എന്നാൽ തടാകത്തിന്റെ പരിസ്ഥിതിയും ജൈവവൈവിധ്യവും സംരക്ഷിക്കുന്നതിനായി കർശനമായ നിബന്ധനകൾ പാലിക്കണമെന്നാണ് അതോറിറ്റി നിർദേശിച്ചിരിക്കുന്നത്.
ഹെബ്ബാൾ ജംഗ്ഷനെയും ബല്ലാരി റോഡിലെ വെറ്ററിനറി കോളജിന് എതിർവശത്തുള്ള കാർഷിക സർവകലാശാല ക്വാർട്ടേഴ്‌സിനെയും ബന്ധിപ്പിക്കുന്ന ഷോർട്ട് ടണൽ നിർമ്മിക്കാനാണ് ഈ ഭൂമി ഉപയോഗിക്കുക. പദ്ധതിക്കാവശ്യമായ ഭൂമി കൈമാറണമെന്ന് ആവശ്യപ്പെട്ട് ബെംഗളൂരു ഡെവലപ്മെന്റ് അതോറിറ്റി ഈ വർഷം ജൂണിൽ കെടിസിഡിഎയ്ക്ക് കത്ത് നൽകിയിരുന്നു.
അപേക്ഷ പരിശോധിച്ച ശേഷമാണ് 3.3 ഏക്കർ ഭൂമി കൈമാറാൻ വ്യവസ്ഥകളോടെയുള്ള അനുമതി നൽകാൻ കെടിസിഡിഎ തീരുമാനിച്ചത്. തടാകത്തിന്റെ ജലപ്രവാഹം, പ്രകൃതിദത്ത ആവാസവ്യവസ്ഥ, മരങ്ങൾ, ജൈവവൈവിധ്യം എന്നിവയ്ക്ക് ദോഷം സംഭവിക്കാതിരിക്കാനുള്ള എല്ലാ മുൻകരുതലുകളും നിർമാണത്തിനിടെ സ്വീകരിക്കണമെന്ന് അവർ വ്യക്തമാക്കിയിട്ടുണ്ട്.




Click it and Unblock the Notifications