ബെംഗളൂരു ഹെബ്ബാൾ തുരങ്കപാത; 1128 മരങ്ങൾ മുറിക്കുന്നതിനെതിരെ ഹരിത ട്രൈബ്യൂണൽ, ഉത്തരവ് ഇറക്കി

ബെംഗളൂരു: നിർദ്ദിഷ്‌ട ഹെബ്ബാൾ തുരങ്കപാതാ പദ്ധതിക്കായി മരങ്ങൾ മുറിക്കുന്നതിനെതിരായ നിയമനടപടി തുടരുന്നതിനിടെ നിർണായക ഉത്തരവ്. പാതയിലെ മരങ്ങൾ മുറിക്കരുതെന്ന് ദേശീയ ഹരിത ട്രൈബ്യൂണൽ ഉത്തരവിട്ടതോടെയാണ് ഇത്. കേസിൽ അന്തിമ തീരുമാനമുണ്ടാകുന്നതുവരെ ഒരു മരവും മുറിച്ചുമാറ്റാൻ പാടില്ലെന്നാണ് നിർദേശം. പദ്ധതിക്കായി 1128 മരങ്ങൾ മുറിക്കാനുള്ള നിർദേശത്തിനെതിരെ ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിക്ക് ഇതിനകം 1500ലധികം എതിർപ്പുകൾ ലഭിച്ചിട്ടുണ്ട്.

ഒക്ടോബർ 16ന് ചെന്നൈയിലെ ട്രൈബ്യൂണലിന്റെ ദക്ഷിണ മേഖലാ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. മംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന അരന്യ പരിസര മാതു ഹവാമാന ബദലാവനെ സംഘ എന്ന സംഘടന നൽകിയ ഹർജി പരിഗണിച്ചായിരുന്നു നടപടി. കേസ് ഡിസംബർ 15ന് വീണ്ടും പരിഗണിക്കും. അതുവരെ പദ്ധതിയുടെ ഭാഗമായി മരങ്ങൾ മുറിക്കുന്നത് അനുവദിക്കില്ലെന്ന് സംഘടനയുടെ സെക്രട്ടറി വ്യക്തമാക്കി.

bengaluru

ആവശ്യമായ നിയമാനുമതികൾ ലഭിക്കാതെ മരങ്ങൾ വെട്ടുകയോ മുറിക്കുകയോ നീക്കം ചെയ്യുകയോ ചെയ്യുന്നത് തടയണമെന്നാണ് ഹർജിക്കാർ ആവശ്യപ്പെട്ടത്. എഴുപതിലധികം ഇനങ്ങളിൽപ്പെട്ട 1128 മരങ്ങൾ മുറിക്കാനുള്ള പദ്ധതിയെക്കുറിച്ചും അവർ ആശങ്ക അറിയിച്ചു. ഹെബ്ബാൾ തടാകം, സമീപത്തെ തണ്ണീർത്തടങ്ങൾ, ഭൂഗർഭജലം, സ്വാഭാവിക നീരൊഴുക്ക് സംവിധാനങ്ങൾ എന്നിവയ്ക്ക് പദ്ധതി ദോഷകരമാകാൻ സാധ്യതയുണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി.

ഹെബ്ബാളിലെ എസ്‌റ്റീം മാൾ ജങ്ഷനിൽനിന്ന് ബെല്ലാരി റോഡിലെ വെറ്ററിനറി കോളേജ് വരെയാണ് 2.2 കിലോമീറ്റർ ദൈർഘ്യമുള്ള ഹ്രസ്വ തുരങ്കം നിർമ്മിക്കാൻ നിർദേശിച്ചിരിക്കുന്നത്. കോളേജ് വളപ്പിലെ ഒഴിഞ്ഞ സ്ഥലത്ത് നിർമ്മാണപ്രവർത്തനങ്ങൾ ഇതിനകം ആരംഭിച്ചിട്ടുണ്ട്. എന്നാൽ പദ്ധതിയുടെ മറ്റു ഭാഗങ്ങളിലെ മരങ്ങൾ മുറിക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ നിയമപരമായ പരിശോധനയ്ക്ക് വിധേയമായിരിക്കുകയാണ്.

സെപ്റ്റംബർ 20നാണ് ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി മരങ്ങൾ മുറിക്കുന്നതുമായി ബന്ധപ്പെട്ട് പൊതുജനങ്ങളിൽനിന്ന് എതിർപ്പുകൾ ക്ഷണിച്ചത്. ഇതിനായി പത്ത് ദിവസത്തെ സമയപരിധിയും നിശ്ചയിച്ചിരുന്നു. എന്നാൽ മുറിക്കാൻ നിർദേശിച്ച മരങ്ങളുടെ ഇനങ്ങൾ ഉൾപ്പെടുത്തിയ പട്ടിക ഔദ്യോഗികമായി പ്രസിദ്ധീകരിക്കാത്തതിനെതിരെ അതോറിറ്റിക്ക് വിമർശനം നേരിടേണ്ടിവന്നു.

പദ്ധതിക്കെതിരെ പരിസ്ഥിതി പ്രവർത്തകരും വിദഗ്‌ധരും രംഗത്തെത്തിയിട്ടുണ്ട്. സത്യ അരികുത്താരം, ബെംഗളൂരു എൻവയോൺമെന്റ് ട്രസ്‌റ്റിന്റെ ട്രസ്‌റ്റിയായ ദത്താത്രേയ ടി ദേവാരെ, സിറ്റിസൺ ആക്ഷൻ ഫോറത്തിലെ എൻഎസ് മുകുന്ദ, പരിസ്ഥിതി പ്രവർത്തകനും ഫോട്ടോജേണലിസ്‌റ്റുമായ പുനീത് സച്ച്ദേവ് എന്നിവർ ചേർന്ന് ചേഞ്ച് ഡോട്ട് ഓർഗ് വെബ്സൈറ്റിലൂടെ ഒപ്പുശേഖരണ പ്രചാരണം ആരംഭിച്ചിരുന്നു. പദ്ധതിക്കായി മരങ്ങൾ മുറിക്കുന്നതിനെതിരെയാണ് ഇവരുടെ നീക്കം.

പാതയിലുടനീളം നടത്തിയ സർവേയിൽ 1,400ലധികം മരങ്ങൾ കണ്ടെത്തിയിരുന്നു. ഇതിൽ രണ്ട് കിലോമീറ്ററോളം വരുന്ന ഭാഗത്ത് ഇപ്പോഴത്തെ കണക്കനുസരിച്ച് 1128 മരങ്ങളെ പദ്ധതി ബാധിക്കുമെന്നാണ് ഔദ്യോഗിക വിലയിരുത്തൽ. പൈതൃകപ്രാധാന്യമുള്ള മരങ്ങൾക്കൊപ്പം തദ്ദേശീയ ഇനങ്ങൾ, പൂക്കളും പഴങ്ങളും നൽകുന്ന മരങ്ങൾ എന്നിവയും പട്ടികയിലുണ്ട്.

ഹെബ്ബാൾ ട്രീ പാർക്ക്, ഹെബ്ബാൾ തടാക പരിസരം, വെറ്ററിനറി കോളേജ് വളപ്പ്, കാർഷിക സർവകലാശാല ജീവനക്കാരുടെ താമസകേന്ദ്രം, സമീപപ്രദേശങ്ങൾ എന്നിവിടങ്ങളിലെ മരങ്ങളും ഇതിൽ ഉൾപ്പെടുന്നു. ഇതോടെയാണ് കടുത്ത എതിർപ്പ് നേരിട്ടത്. പദ്ധതിയുടെ കാര്യത്തിൽ ഇതോടെ വലിയ അനിശ്ചിതത്വമാണ് ഉയർന്നിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma