ബെംഗളൂരു ഹെബ്ബാൾ തുരങ്കപാത; മുറിക്കേണ്ടത് 1128 മരങ്ങൾ, ഉയർന്നത് 1600ലധികം പരാതികൾ, പദ്ധതി മുടങ്ങുമോ?

ബെംഗളൂരു: ഹെബ്ബാൾ തുരങ്കപാത പദ്ധതിക്കായി 1128 മരങ്ങൾ മുറിക്കാനുള്ള നിർദേശത്തിനെതിരെ ഉയർന്നത് 1,600ലധികം എതിർപ്പുകളും പരാതികളും. ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിക്കാണ് പൊതുജനങ്ങളിൽനിന്ന് ഇത്രയധികം പരാതികൾ ലഭിച്ചത്. മരങ്ങൾ മുറിക്കുന്നതിലൂടെ ജൈവവൈവിധ്യത്തിനും പ്രദേശത്തെ പരിസ്ഥിതിക്കും ഉണ്ടാകാവുന്ന ആഘാതത്തെക്കുറിച്ചുള്ള ആശങ്കകളാണ് പ്രധാനമായും ഉയർന്നത്.

ഏകദേശം 2.2 മുതൽ 2.3 കിലോമീറ്റർ വരെ നീളമുള്ള ഹെബ്ബാൾ തുരങ്കപാത ഹെബ്ബാളിലെ എസ്‌റ്റീം മാൾ ജങ്ഷനെയും വെറ്ററിനറി കോളേജ് പരിസരത്തെയും ബന്ധിപ്പിക്കുന്നതാണ്. വിമാനത്താവളത്തിലേക്കുള്ള റോഡിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ബെംഗളൂരു വികസന അതോറിറ്റിയാണ് പദ്ധതി നടപ്പാക്കുന്നത്.

bengaluru

മരങ്ങളുടെ എണ്ണം, അവയുടെ വലുപ്പം, വിവിധ സസ്യജന്തുജാലങ്ങളുടെ ആവാസവ്യവസ്ഥയ്ക്കുണ്ടാകാവുന്ന നാശം എന്നിവ ചൂണ്ടിക്കാട്ടിയാണ് നിരവധി പേർ എതിർപ്പുകൾ അറിയിച്ചത്. ഹെബ്ബാൾ തടാകത്തിന്റെ സമീപപ്രദേശങ്ങളിലെ ജലപ്രവാഹം, ഭൂഗർഭജലനിരപ്പ്, താപനില വർധിച്ച് പ്രദേശം ചൂടിന്റെ കേന്ദ്രമായി മാറാനുള്ള സാധ്യത എന്നിവയും പരാതികളിൽ ഉന്നയിച്ചിട്ടുണ്ട്.

അതേസമയം, ദേശീയ ഹരിത ട്രൈബ്യൂണൽ മരങ്ങൾ മുറിക്കുന്നതിന് ഇടക്കാല വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. കേസ് പരിഗണിക്കുന്നത് പൂർത്തിയാകുന്നതുവരെ പദ്ധതിയുടെ പാതയിലുടനീളം മരങ്ങൾ മുറിക്കാൻ പാടില്ലെന്നാണ് നിർദേശം. അടുത്ത വാദം ഈ വർഷം ഡിസംബർ 15ന് നടക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

മരങ്ങൾ മുറിക്കണമോ മാറ്റിനടണമോ എന്നതിൽ തുടർനടപടികൾ നിയമനടപടികളുടെയും വിദഗ്‌ധ സമിതിയുടെ പരിശോധനയുടെയും അടിസ്ഥാനത്തിലായിരിക്കും തീരുമാനിക്കുക. നേരത്തെ തന്നെ ഹെബ്ബാൾ തുരങ്കപാതയുമായി ബന്ധപ്പെട്ട വിഷയത്തിൽ പല കോണുകളിൽ നിന്നും കടുത്ത പ്രതിഷേധം ഉയർന്നിരുന്നു.

സെപ്റ്റംബർ 20നാണ് ജിബിഎ വിഷയത്തിൽ എതിർപ്പുകൾ ക്ഷണിച്ചത്. ഇതിനായി പത്ത് ദിവസത്തെ സമയപരിധിയും നിശ്ചയിച്ചിരുന്നു. എന്നാൽ മുറിച്ചുമാറ്റാൻ നിർദേശിച്ച മരങ്ങളുടെ ഇനങ്ങൾ ഉൾപ്പെടുത്തിയ പട്ടിക അധികൃതർ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചില്ല. ഇതോടെ എതിർപ്പുകൾ സമർപ്പിക്കാനുള്ള സമയപരിധി നീട്ടണമെന്ന് പരിസ്ഥിതി പ്രവർത്തകരും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതുണ്ടായിരുന്നില്ല.

ബെംഗളൂരുവിലെ ഹെബ്ബാൾ ഫ്ലൈഓവറിനും ഔട്ടർ റിങ് റോഡിനും സമീപമുള്ള രൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹെബ്ബാൾ ഷോർട്ട് ടണൽ പദ്ധതി വിഭാവനം ചെയ്‌തിരിക്കുന്നത്. ഏകദേശം 2.2 മുതൽ 2.3 കിലോമീറ്റർ വരെ നീളമുള്ള രണ്ട് സമാന്തര ഭൂഗർഭ തുരങ്കങ്ങളാണ് പദ്ധതിയുടെ പ്രധാന ഭാഗം.

കട്ട് ആൻഡ് കവർ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിക്കുന്ന തുരങ്കങ്ങളിൽ ഓരോ ദിശയിലേക്കും മൂന്ന് വീതം പാതകളുണ്ടാകും. മണിക്കൂറിൽ 60 കിലോമീറ്ററാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്ന പരമാവധി വേഗം. പദ്ധതിയുടെ ചെലവ് ഏകദേശം 1130 കോടി രൂപ മുതൽ 1385.29 കോടി രൂപ വരെയായിരിക്കുമെന്നാണ് കണക്കാക്കുന്നത്. നിലവിൽ ഇത്രയധികം എതിർപ്പുകൾ ഉയർന്ന സാഹചര്യത്തിൽ പദ്ധതിയുടെ ഭാവി എന്താവുമെന്ന ചോദ്യമാണ് ഉയരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma