ബെംഗളൂരു ഹെബ്ബാൾ തുരങ്കപാത; ടോൾ ഈടാക്കില്ലെന്ന് ശിവകുമാർ, 17 കി.മീ തുരങ്കപാതയിൽ നിന്ന് പിന്നോട്ടില്ല!
ബെംഗളൂരു: നഗരത്തിലെ ഏറ്റവും തിരക്കേറിയ മേഖലകളിൽ ഒന്നായ ഹെബ്ബാൾ ജംഗ്‌ഷനിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനായി മെഹ്‌ക്രി സർക്കിളിനും ഹെബ്ബാളിനുമിടയിൽ നിർമ്മിക്കുന്ന 2.2 കിലോമീറ്റർ നീളമുള്ള തുരങ്കപാതയുടെ നിർമ്മാണത്തിന് തറക്കലിട്ടിരിക്കുകയാണ് മുഖ്യമന്ത്രി ഡികെ ശിവകുമാർ. നേരത്തെ നിർദ്ദേശിച്ച 17 കിലോമീറ്റർ നീളമുള്ള ഹെബ്ബാൾ-സിൽക്ക് ബോർഡ് തുരങ്കപാതയിൽ നിന്ന് വ്യത്യസ്‌തമായി താൽക്കാലിക ആശ്വാസം നൽകുന്ന പദ്ധതിയാണിതെന്ന് അദ്ദേഹം ചടങ്ങിൽ പറഞ്ഞു.
1139.67 കോടി രൂപയോളം മുടക്കി നടപ്പാക്കുന്ന പദ്ധതി ഹൈദരാബാദ് ആസ്ഥാനമായ റിത്വിക് പ്രൊജക്റ്റ്സ് ലിമിറ്റഡും എഎംആർ ഇന്ത്യ ലിമിറ്റഡും ചേർന്നാണ് നിർമ്മിക്കുക. ആറുവരി പാതയായ ഈ തുരങ്കത്തിന് ടോൾ ഈടാക്കില്ലെന്നും അധികൃതർ വ്യക്തമാക്കിയതോടെ യാത്രക്കാർ തികഞ്ഞ ആശ്വാസത്തിലാണ്. നേരത്തെ തന്നെ ഇത് മുഖ്യമന്ത്രി വ്യക്തമാക്കിയതാണ്.

'കട്ട് ആൻഡ് കവർ' സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് തുരങ്കം നിർമ്മിക്കുക. ഈ രീതിയിൽ നിർമ്മിക്കുന്ന ബെംഗളൂരുവിലെ ഏറ്റവും വലിയ തുരങ്കപാതയാകും ഇത്. നിലവിൽ യെലഹങ്ക എയർഫോഴ്‌സ് സ്‌റ്റേഷനു സമീപം ദേശീയപാത അതോറിറ്റി നിർമ്മിക്കുന്ന 320 മീറ്റർ നീളമുള്ള തുരങ്കസമാന അണ്ടർപാസിനെക്കാൾ വലുതാണ് പുതിയ പദ്ധതി.
പദ്ധതിയുടെ രൂപരേഖ പ്രകാരം റെയിൽവേ പാതയ്ക്കും ഹെബ്ബാൾ ഫ്ലൈഓവറിന്റെ ഡൗൺ റാമ്പിനും അടിയിലൂടെയും ഹെബ്ബാൾ തടാകത്തിന് സമീപത്തുകൂടെയുമാണ് തുരങ്കം കടന്നുപോകുക. ബല്ലാരി റോഡിന്റെ ചില ഭാഗങ്ങൾ കുഴിച്ചാണ് നിർമ്മാണം നടത്തുക. ഇതോടെ അടുത്ത മാസങ്ങളിൽ പ്രദേശത്ത് ഗതാഗതക്കുരുക്ക് രൂക്ഷമാകാൻ സാധ്യതയുണ്ടെന്ന ആശങ്കയും ഉയരുന്നുണ്ട്. പദ്ധതിയുടെ മുഴുവൻ ചെലവും ബെംഗളൂരു ഡെവലപ്മെന്റ് അതോറിറ്റി (ബിഡിഎ) വഹിക്കും.
'ഇത് ടോൾ രഹിത തുരങ്കപാതയാണ്. ബെംഗളൂരുവിലെ വർധിച്ചുവരുന്ന ഗതാഗതക്കുരുക്ക് ദീർഘകാലാടിസ്ഥാനത്തിൽ പരിഹരിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. അടുത്ത 50 വർഷത്തെ വികസനം മുന്നിൽ കണ്ടാണ് അടിസ്ഥാന സൗകര്യ പദ്ധതികൾ ആസൂത്രണം ചെയ്യുന്നത്' എന്നായിരുന്നു മുഖ്യമന്ത്രി ഡികെ ശിവകുമാർ പറഞ്ഞത്.
അടുത്ത ഒരാഴ്‌ചയ്ക്കുള്ളിൽ പ്രധാന നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നാണ് അധികൃതർ അറിയിച്ചത്. കൂടാതെ, ഈ തുരങ്കവുമായി ബന്ധിപ്പിക്കുന്ന ഫ്ലൈഓവറിന്റെ നിർമ്മാണത്തിനും അടുത്ത മാസം തറക്കല്ലിടുമെന്ന് സർക്കാർ അറിയിച്ചു. ഇതോടെ ഒരുപരിധിവരെ മേഖലയിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ.
അതേസമയം, മൈസൂരു റോഡിനെയും മഗഡി റോഡിനെയും ബന്ധിപ്പിക്കുന്ന 10 വരി മേജർ ആർട്ടീരിയൽ റോഡ്, നിർദ്ദിഷ്‌ട ബെംഗളൂരു ബിസിനസ് കോറിഡോർ, ഹെബ്ബാൾ-സിൽക്ക് ബോർഡ് 17 കിലോമീറ്റർ തുരങ്കപാത എന്നിവ നഗരത്തിലെ ഗതാഗത പ്രശ്‌നത്തിന് സർക്കാർ മുന്നോട്ടുവയ്ക്കുന്ന പ്രധാന പരിഹാര പദ്ധതികളാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൂടാതെ ടോൾ ഈടാക്കുന്ന 17 കിലോമീറ്റർ തുരങ്കപാതയ്‌ക്കെതിരായ വിമർശനങ്ങൾക്കും അദ്ദേഹം മറുപടി നൽകി. 'വേഗത്തിൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർ സ്വമേധയാ ടോൾ നൽകി ആ പാത ഉപയോഗിക്കും. അതിൽ മറ്റാർക്കും എന്താണ് പ്രശ്‌നം? ജനങ്ങളുടെ യാത്രാസമയം ലാഭിക്കുകയാണ് ലക്ഷ്യം. ജോലി കഴിഞ്ഞ് ആളുകൾക്ക് എത്രയും വേഗം വീട്ടിലെത്താൻ കഴിയണം' മുഖ്യമന്ത്രി പറഞ്ഞു. പദ്ധതിയിൽ നിന്ന് പിന്നോട്ടില്ലെന്ന സൂചനയാണ് ഡികെ ശിവകുമാറിന്റെ വാക്കുകൾ നൽകുന്നത്.














Click it and Unblock the Notifications