ബെംഗളൂരു ഹെബ്ബാൾ തുരങ്കപാത; പ്രാഥമിക ജോലികൾ ആരംഭിച്ചു, വെറ്റിനറി കോളേജ് ക്യാമ്പസിൽ മണ്ണ് പരിശോധന
ബെംഗളൂരു: നഗരത്തിലെ ഏറ്റവും തിരക്കേറിയ ജംഗ്ഷനുകളിലൊന്നായ ഹെബ്ബാൾ ജംഗ്ഷനിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനായി നിർമിക്കുന്ന 2.18 കിലോമീറ്റർ നീളമുള്ള തുരങ്കപാത പദ്ധതിയുടെ പ്രാഥമിക ജോലികൾ ബെംഗളൂരു ഡെവലപ്‌മെന്റ് അതോറിറ്റി ആരംഭിച്ചു. പദ്ധതിയുടെ ഭാഗമായി നിർദ്ദിഷ്‌ട തുരങ്ക പാതയുടെ ഭാഗമായ വെറ്ററിനറി കോളേജ് ക്യാമ്പസിൽ മണ്ണ് പരിശോധന ഉൾപ്പെടെയുള്ള പഠനങ്ങൾ ആരംഭിച്ചിട്ടുണ്ട്.
പദ്ധതിക്കായി നിയോഗിച്ച സംഘം ബോർഹോൾ ഡ്രില്ലിങ്, ഭൂഗർഭ പരിശോധന, മണ്ണിന്റെ ഉറപ്പ്, ഭൂഗർഭ ജലനിരപ്പ്, പാറകളുടെയും മണ്ണിന്റെയും ഘടന എന്നിവ വിലയിരുത്തുന്ന പരിശോധനകളാണ് നടത്തുന്നത്. തുരങ്ക നിർമാണത്തിന് അനുയോജ്യമായ ഭൂമിശാസ്ത്രപരമായ സാഹചര്യങ്ങൾ ഉറപ്പാക്കുകയാണ് ഈ പഠനങ്ങളുടെ ലക്ഷ്യം. ഏതാനും ആഴ്‌ചകൾക്ക് മുൻപാണ് ജിയോ-ടെക്‌നിക്കൽ പഠനങ്ങൾക്കുള്ള കരാർ ബിഡിഎ അനുവദിച്ചത്.

പദ്ധതിയുടെ നിർമാണ കരാർ ഹൈദരാബാദ് ആസ്ഥാനമായ റിത്വിക് പ്രോജക്റ്റസ് ലിമിറ്റഡിന് ലഭിച്ചിട്ടുണ്ട്. മൂന്ന് കമ്പനികൾ പങ്കെടുത്ത ടെൻഡറിൽ 1,139.67 കോടി രൂപയുടെ ഏറ്റവും കുറഞ്ഞ തുകയ്ക്കുള്ള ബിഡാണ് കമ്പനി സമർപ്പിച്ചത്. പദ്ധതി പ്രകാരം തുരങ്കപാതയ്ക്ക് എസ്റ്റീം മാളിന് സമീപവും ബാപ്റ്റിസ്‌റ്റ് ആശുപത്രിക്ക് സമീപവും പ്രവേശന-പുറത്തുകടക്കൽ റാംപുകൾ ഉണ്ടാകും.
ഹെബ്ബാൾ ഫ്ലൈഓവറിന്റെ ഡൗൺ റാംപിന് അടിയിലൂടെ കടന്നുപോകുന്ന തുരങ്കം ഹെബ്ബാൾ തടാകത്തിന്റെ അരികിലൂടെ മുന്നോട്ട് നീങ്ങും. ഇതോടൊപ്പം റെയിൽവേ പാത മുറിച്ചുകടക്കുന്നതിനായി പുതിയ റെയിൽവേ അണ്ടർബ്രിഡ്‌ജും പദ്ധതിയുടെ ഭാഗമായി നിർമ്മിക്കും. ഇതിന് മുന്നോടിയായാണ് പരിശോധനകൾ ആരംഭിച്ചത്.
ബെംഗളൂരുവിലെ വിമാനത്താവളത്തിലേക്കുള്ള പ്രധാന പ്രവേശന കവാടമായ ഹെബ്ബാൾ ജംഗ്ഷൻ എല്ലാ ദിവസവും കനത്ത ഗതാഗതക്കുരുക്കാണ് നേരിടുന്നത്. കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളം, ബെല്ലാരി റോഡ്, ഔട്ടർ റിംഗ് റോഡ്, സിബിഡി മേഖല, യെലഹങ്ക, മന്യത്ത ടെക് പാർക്ക് എന്നിവിടങ്ങളിലേക്കുള്ള വാഹനങ്ങൾ ഇവിടെ ഒത്തുചേരുന്നതിനാൽ രാവിലെയും വൈകിട്ടും യാത്രക്കാർക്ക് മണിക്കൂറുകളോളം ഗതാഗതക്കുരുക്കിൽ കുടുങ്ങേണ്ടി വരാറുണ്ട്.
ഈ സാഹചര്യത്തിലാണ് സിഗ്നലുകളെ ഒഴിവാക്കി വാഹനങ്ങൾക്ക് നേരിട്ട് യാത്ര ചെയ്യാൻ കഴിയുന്ന തുരങ്കപാത നിർമിക്കാൻ ബിഡിഎ തീരുമാനിച്ചത്. പദ്ധതി പൂർത്തിയാകുന്നതോടെ ഹെബ്ബാൾ ജംഗ്ഷനിലെ വാഹനത്തിരക്ക് ഗണ്യമായി കുറയുകയും വിമാനത്താവളത്തിലേക്കും വടക്കൻ ബെംഗളൂരുവിലേക്കുമുള്ള യാത്ര കൂടുതൽ വേഗത്തിലും സുഗമമായും നടത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷ.
ഹെബ്ബാൾ ടണൽ പദ്ധതിക്കൊപ്പം സമീപത്തെ മേഖ്രി സർക്കിളിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി 440 കോടി രൂപയുടെ എലിവേറ്റഡ് റോഡും ബിഡിഎ നിർമ്മിച്ചുവരികയാണ്. ഈ പദ്ധതിയുടെ കരാർ ഔറോബിന്ദോ റിയാൽറ്റി ആൻഡ് ഇൻഫ്രാസ്ട്രക്ച്ചറിനാണ് നൽകിയിരിക്കുന്നത്.
ഈ രണ്ട് പദ്ധതികളും പൂർത്തിയാകുന്നതോടെ ബെംഗളൂരുവിന്റെ വടക്കൻ മേഖലയിലെ ഗതാഗത ശൃംഖലയിൽ വലിയ മാറ്റമുണ്ടാകുമെന്നാണ് ബിഡിഎ പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications