ബെംഗളൂരു മെട്രോ രാജ്യത്തിന് തന്നെ മാതൃകയാവുന്നു; സൈക്കിൾ യാത്രക്കാർക്ക് ആശ്വാസം, ഫ്രീയായി പാർക്ക് ചെയ്യാം
ബെംഗളൂരു: രാജ്യത്ത് തന്നെ ഏറ്റവും അധികം പേർ യാത്രക്കായി ആശ്രയിക്കുന്ന മെട്രോ സംവിധാനമാണ് ബെംഗളൂരു നഗരത്തിലേത്. എങ്കിലും പല കാരണങ്ങൾ കൊണ്ട് ഇത് മറ്റ് മെട്രോകളിൽ നിന്ന് വ്യത്യസ്‌തമാണ്. ടിക്കറ്റ് നിരക്കിലും രാജ്യത്തെ തന്നെ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നത് ബെംഗളൂരു മെട്രോയാണ്. ഇത്രയൊക്കെ ആണെങ്കിലും പുതിയ മാറ്റങ്ങൾ കൊണ്ട് വരുന്നതിലും അവർ വളരേറെ മുൻപന്തിയിലാണ് എന്ന് സമ്മതിക്കാതെ തരമില്ല.
ഇപ്പോഴിതാ മെട്രോ സ്‌റ്റേഷനുകളിലേക്കുള്ള അവസാനഘട്ട യാത്രാമാർഗമായി സൈക്കിൾ പ്രോത്സാഹിപ്പിക്കുന്നതിന്, ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) ഒൻപത് സ്‌റ്റേഷനുകളിൽ സൗജന്യ സൈക്കിൾ പാർക്കിംഗ് നൽകാൻ തീരുമാനിച്ചിരിക്കുകയാണ്. പർപ്പിൾ ലൈനിൽ രണ്ടെണ്ണവും, ഗ്രീൻ ലൈനിൽ മൂന്നെണ്ണവും, പുതുതായി പ്രവർത്തനമാരംഭിച്ച യെല്ലോ ലൈനിൽ നാലെണ്ണവും ഉൾപ്പെടെയായിരിക്കും ഈ സ്‌റ്റേഷനുകൾ.

പാർക്കിംഗ് സൗകര്യങ്ങൾ പ്രവർത്തിപ്പിക്കുന്നതിനുള്ള ബിഎംആർസിഎൽ അടുത്തിടെ പുറത്തിറക്കിയ ടെൻഡറിലൂടെയാണ് ഈ ഇളവ് പ്രഖ്യാപിച്ചത്. വരുന്ന ഫെബ്രുവരി 9 വരെ ബിഡ്ഡുകൾ സമർപ്പിക്കാം. അതിനുശേഷം ഓപ്പറേറ്ററെ തിരഞ്ഞെടുക്കും. നിലവിൽ, മെട്രോ സ്‌റ്റേഷനുകളിൽ സൈക്കിൾ പാർക്ക് ചെയ്യുന്നതിന് ഒരു മണിക്കൂറിന് ഒരു രൂപയും ഒരു ദിവസത്തേക്ക് പരമാവധി 10 രൂപയുമാണ് ആണ് ഈടാക്കുന്നത്.
'സൈക്കിൾ യാത്രക്കാർ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന സ്‌റ്റേഷനുകളായി ഇവയെ കണക്‌റ്റിവിറ്റി ടീം തിരിച്ചറിഞ്ഞതിനാലാണ് സൗജന്യ പാർക്കിംഗിനായി തിരഞ്ഞെടുത്തത്' ഒരു ബിഎംആർസിഎൽ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. 'നിലവിൽ ഈ ഒൻപത് സ്‌റ്റേഷനുകൾക്ക് മാത്രമാണ് ഈ ആനുകൂല്യം ബാധകം, മറ്റ് എല്ലാ സ്‌റ്റേഷനുകളിലും പാർക്കിംഗ് ചാർജുകൾ തുടരും' എന്നാണ് മെട്രോ ഉദ്യോഗസ്ഥൻ അറിയിച്ചിരിക്കുന്നത്.
ഈ നീക്കം യാത്രക്കാർക്ക് നല്ല സന്ദേശം നൽകുമെന്നാണ് ബിഎംആർസിഎൽ കരുതുന്നത്. എങ്കിലും മെട്രോ സ്‌റ്റേഷനുകളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതും ഒരുപോലെ പ്രധാനമാണെന്ന് സൈക്കിൾ ഉപയോക്താക്കൾ പറയുന്നു. സൈക്കിൾ യാത്രക്കാർക്കായി കൂടുതൽ സൗകര്യങ്ങൾ മെട്രോ സ്‌റ്റേഷനുകളിൽ ഏർപ്പെടുത്തണമെന്നാണ് അവരുടെ ആവശ്യം.
ചില സ്‌റ്റേഷനുകളിലൊഴികെ സൈക്കിളുകൾക്ക് പ്രത്യേകമായി പാർക്കിംഗ് സ്ഥലമില്ല, പലയിടത്തും സൈക്കിൾ യാത്രക്കാരെ ഒഴിവാക്കുകയാണ് പതിവ്. എല്ലാ സ്‌റ്റേഷനുകളിലും ശരിയായ പാർക്കിംഗ് സൗകര്യങ്ങൾ ഒരുക്കുന്നതാണ് അവസാനഘട്ട യാത്രകൾക്ക് സൈക്കിൾ പ്രോത്സാഹിപ്പിക്കാനുള്ള യഥാർത്ഥ വഴിയെന്നാണ് യാത്രക്കാർ പറയുന്നത്.
കൂടാതെ സൈക്കിളുകൾക്ക് ആങ്കറിംഗ് പോയിന്റുകൾ പോലുള്ള അടിസ്ഥാന സൗകര്യങ്ങളില്ലെന്നും അവർ ചൂണ്ടിക്കാട്ടി. സൈക്കിളുകൾ സുരക്ഷിതമാണെങ്കിൽ മിക്ക സൈക്കിൾ യാത്രക്കാർക്കും പണം നൽകുന്നതിൽ പ്രശ്‌നമില്ലെന്നാണ് അവരുടെ പക്ഷം. പല സ്‌റ്റേഷനുകളിലും സൈക്കിൾ പൂട്ടിയിടാൻ തൂണുകളോ ബാറുകളോ ഇല്ലെന്നതാണ് അവർ ഇതിന്റെ കാരണമായി ചൂണ്ടിക്കാണിക്കുന്നത്.












Click it and Unblock the Notifications