ബെംഗളൂരു മെട്രോ നിരക്ക് വർധന; മൂന്ന് വർഷത്തിനിടെ 12 ശതമാനം കൂട്ടാൻ ശുപാർശ, യാത്രക്കാർ ആശങ്കയിൽ
ബെംഗളൂരു: കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ശരാശരി 51.55 ശതമാനം വർധിപ്പിച്ച നമ്മ മെട്രോ നിരക്കുകൾ വീണ്ടും ചർച്ചയാകുന്നു. ഫേസ് 3എ പദ്ധതിയുടെ പുതുക്കിയ വിശദമായ പദ്ധതി റിപ്പോർട്ടിൽ ഭാവിയിലെ നിരക്ക് വർധനയ്ക്ക് പുതിയ രീതി നിർദേശിച്ചിരിക്കുകയാണ്. ഇതോടെയാണ് യാത്രക്കാരും നഗരവാസികളും വീണ്ടും ആശങ്ക അറിയിച്ചുകൊണ്ട് രംഗത്ത് വരുന്നത്.
പുതുക്കിയ ഡിപിആർ പ്രകാരം, മെട്രോ നിരക്കുകൾ മൂന്ന് വർഷത്തിലൊരിക്കൽ 12 ശതമാനം വീതം വർധിപ്പിക്കുമെന്നാണ് വ്യക്തമാക്കുന്നത്. ഈ കണക്ക് പ്രകാരം, 2033-ൽ ഫേസ് 3എ പൂർത്തിയാകുമ്പോഴേക്കും കുറഞ്ഞ നിരക്ക് 10 രൂപയിൽ നിന്ന് 14 രൂപയായും, പരമാവധി നിരക്ക് 90 രൂപയിൽ നിന്ന് 126 രൂപയായും ഉയരുമെന്നാണ് റിപ്പോർട്ടിലെ വിലയിരുത്തൽ.

എന്നാൽ, ഈ നിരക്ക് വർധന രീതി, നമ്മ മെട്രോയുടെ ആദ്യ ഫെയർ ഫിക്‌സേഷൻ കമ്മിറ്റി ശുപാർശ ചെയ്‌ത സംവിധാനത്തിൽ നിന്ന് വ്യത്യസ്‌തമാണ്. മെട്രോ റെയിൽവേസ് (ഓപ്പറേഷൻ ആൻഡ് മെയിന്റനൻസ്) ആക്‌ട്, 2002 പ്രകാരം എഫ്എഫ്‌സിയുടെ ശുപാർശകൾ നിർബന്ധമായും പാലിക്കേണ്ടവയാണ്. എന്നാൽ അത് പാലിക്കാതെയാണ് പുതിയ നിർദ്ദേശം.
2025 ഫെബ്രുവരിയിൽ, എഫ്എഫ്‌സിയുടെ ശുപാർശകൾക്ക് പിന്നാലെ, ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ മെട്രോ നിരക്കുകൾ ശരാശരി 51.55 ശതമാനം വർധിപ്പിച്ചിരുന്നു. കിഴിവുകൾ ഉൾപ്പെടുത്തിയ ശേഷം പോലും നിരക്ക് വർധന 46.39 ശതമാനമായിരുന്നു. ഇതോടെ രാജ്യത്തെ ഏറ്റവും ചെലവേറിയ മെട്രോ സർവീസുകളിൽ ഒന്നായി ബെംഗളൂരു മെട്രോ മാറിയിരുന്നു.
അതിനിടയിൽ ഈ വർഷം നിരക്ക് വർധന വീണ്ടും പ്രഖ്യാപിച്ചിരുന്നു. പിന്നീട് പ്രതിഷേധത്തെ തുടർന്ന് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ശൃംഖലയിൽ നിർദ്ദേശിച്ചിരുന്ന മെട്രോ നിരക്ക് വർധന താൽക്കാലികമായി നിർത്തിവയ്ക്കുകയായിരുന്നു. യാത്രക്കാരിൽ നിന്ന് ശക്തമായ പ്രതിഷേധവും സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും തമ്മിൽ രാഷ്ട്രീയ ആരോപണ-പ്രത്യാരോപണങ്ങളും ഉയർന്നതിനെ തുടർന്നാണ് ഈ തീരുമാനം.
നിരക്ക് വർധന പിൻവലിക്കുന്നതിന് മുമ്പ്, 96.10 കിലോമീറ്റർ ദൈർഘ്യമുള്ള നമ്മ മെട്രോ ശൃംഖലയിലെ 10 നിരക്ക് സോണുകളിലായി യാത്രാനിരക്കിൽ 1 രൂപ മുതൽ 5 രൂപ വരെ വർധന വരുത്താനാണ് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ തീരുമാനിച്ചിരുന്നത്. പുതുക്കിയ നിരക്ക് പ്രകാരം, രണ്ട് കിലോമീറ്റർ വരെ യാത്ര ചെയ്യുന്നതിനുള്ള കുറഞ്ഞ നിരക്ക് 10 രൂപയിൽ നിന്ന് 11 രൂപയാകുമായിരുന്നു.
30 കിലോമീറ്ററിലധികം യാത്ര ചെയ്യുന്നവർക്ക് പരമാവധി നിരക്ക് 90 രൂപയിൽ നിന്ന് 95 രൂപയായി ഉയരാനും തീരുമാനിച്ചിരുന്നു. 15 മുതൽ 20 കിലോമീറ്റർ വരെ യാത്ര ചെയ്യുന്നവർക്ക് 70 രൂപയ്ക്ക് പകരം 74 രൂപ നൽകേണ്ടിവമായിരുന്നു. അതേസമയം, സ്‌മാർട്ട് കാർഡും നാഷണൽ കോമൺ മൊബിലിറ്റി കാർഡും ഉപയോഗിക്കുന്ന യാത്രക്കാർക്ക് നിലവിലുള്ള ഇളവുകൾ തുടരുമെന്നും ബിഎംആർസിഎൽ വ്യക്തമാക്കിയിരുന്നു.
തിരക്കേറിയ സമയങ്ങളിൽ 5 ശതമാനം, തിരക്ക് കുറഞ്ഞ സമയങ്ങളിൽ 10 ശതമാനം, ഞായറാഴ്‌ചകളും തിരഞ്ഞെടുത്ത ദേശീയ അവധിദിനങ്ങളിലും 10 ശതമാനം ഇളവും തുടരുമെന്നായിരുന്നു അറിയിപ്പ്. എന്നാൽ ഇത് നടപ്പാക്കാൻ കഴിയാതെ വന്നതോടെ താൽക്കാലികമായി നിർത്തിവയ്ക്കുകയായിരുന്നു. പുതിയ ഡിപിആറിൽ പറയുന്ന നിർദ്ദേശത്തിന് എതിരെയും ഇപ്പോൾ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.


Click it and Unblock the Notifications