ബെംഗളൂരു മെട്രോ; സ്‌റ്റേഷനുകളിൽ ഇനി ചെറിയ ബസുകൾ യാത്രക്കാരെ എത്തിക്കും, പുതിയ പദ്ധതിക്ക് നീക്കം
ബെംഗളൂരു: ഇടുങ്ങിയ റോഡുകളിലൂടെയും തിരക്കേറിയ കവലകളിലൂടെയും എളുപ്പത്തിൽ സഞ്ചരിച്ച് മെട്രോ സ്‌റ്റേഷനുകളിലേക്ക് യാത്രക്കാരെ എത്തിക്കാൻ ഇനി മുതൽ ചെറിയ ബസുകൾ സർവീസ് നടത്തും. ബെംഗളൂരുവിലെ മെട്രോ സ്‌റ്റേഷനുകളിലേക്കുള്ള ഫസ്‌റ്റ്, ലാസ്‌റ്റ് മൈൽ കണക്റ്റിവിറ്റി പ്രശ്‌നം പരിഹരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ആറ് മീറ്ററോ അതിൽ താഴെയോ നീളമുള്ള ചെറിയ ബസുകൾ പ്രത്യേക മെട്രോ ഫീഡർ സർവീസുകളായി അവതരിപ്പിക്കാൻ ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി, ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷനോട് നിർദേശിച്ചു. ഇതിലൂടെ കൂടുതൽ ആളുകളെ കാറുകളും ഇരുചക്ര വാഹനങ്ങളും ഒഴിവാക്കി പൊതുഗതാഗതത്തിലേക്ക് ആകർഷിക്കാനാകുമെന്നാണ് പ്രതീക്ഷ.

സാധാരണ ബസുകൾക്ക് ഇടുങ്ങിയ റോഡുകളിലൂടെയും കുത്തനെയുള്ള വളവുകളിലൂടെയും സഞ്ചരിക്കാൻ പലപ്പോഴും ബുദ്ധിമുട്ടാണ്. ഇതുമൂലം സമീപത്തെ മെട്രോ സ്‌റ്റേഷനിലെത്താൻ യാത്രക്കാർ ഓട്ടോ, ടാക്‌സി, സ്വകാര്യ വാഹനങ്ങൾ എന്നിവയെ ആശ്രയിക്കേണ്ടിവരുന്നു. പുതിയ മിനി ബസുകൾ ഇത്തരം ഇടുങ്ങിയ റോഡുകളിലേക്ക് എത്തി താമസമേഖലകളെ നേരിട്ട് മെട്രോ സ്‌റ്റേഷനുകളുമായി ബന്ധിപ്പിക്കുമെന്നാണ് റിപ്പോർട്ട്.
ഇതിനായി 200 ബസുകൾ വാങ്ങുന്നതിനുള്ള നടപടികൾ ഗതാഗത വകുപ്പ് ഇതിനകം ആരംഭിച്ചിട്ടുണ്ട്. മെട്രോ സ്റ്റേഷനുകളിലേക്കും പ്രധാന ഗതാഗത കേന്ദ്രങ്ങളിലേക്കുമുള്ള ഫസ്‌റ്റ്, ലാസ്‌റ്റ് മൈൽ കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനായി മാത്രമായിരിക്കും ഈ ബസുകൾ ഉപയോഗിക്കുക. ബിഎംടിസിയുടെ കീഴിൽ പ്രത്യേക ഫീഡർ സർവീസുകളായിട്ടായിരിക്കും ബസുകൾ ഓടുക.
പദ്ധതിയെ സ്പെഷ്യൽ പ്രോജക്റ്റ് ആയി പരിഗണിക്കും. സംസ്ഥാന അർബൻ ട്രാൻസ്പോർട്ട് ഫണ്ടിൽ നിന്ന് 100 ശതമാനം ധനസഹായം ലഭ്യമാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇതിന് പുറമെ, നഗരത്തിലുടനീളം ബിഎംടിസി വഴി സർവീസ് നടത്തുന്നതിനായി 500 മിനി ബസുകൾക്ക് 125 കോടി രൂപ അനുവദിക്കണമെന്ന് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് നിർദേശം സമർപ്പിച്ചിട്ടുണ്ട്.
സാധാരണ ബസുകൾക്ക് കാര്യക്ഷമമായി സർവീസ് നടത്താൻ കഴിയാത്ത പ്രദേശങ്ങളിൽ നിന്ന് മെട്രോ സ്‌റ്റേഷനുകളിലേക്ക് യാത്രക്കാരെ എത്തിക്കുകയാണ് ഈ നിർദേശത്തിന്റെ ലക്ഷ്യം. മെട്രോ സ്റ്റേഷനുകളിൽ നിന്ന് അകലെയുള്ള ബസ് സ്‌റ്റോപ്പുകൾ ബിഎംആർസിയും ബിഎംടിസിയും സംയുക്തമായി പരിശോധിച്ചിട്ടുണ്ട്.
ഇവയിൽ പല ബസ് സ്‌റ്റോപ്പുകളും മെട്രോ സ്‌റ്റേഷനുകൾക്ക് സമീപത്തേക്ക് മാറ്റാനുള്ള നടപടികൾ ആരംഭിച്ചു. ശരാശരി 100 മീറ്ററിനുള്ളിൽ നടക്കാവുന്ന ദൂരത്തിൽ ബസ് സ്‌റ്റോപ്പുകൾ ഒരുക്കുകയാണ് ലക്ഷ്യം. ഇത് ചെറിയ ദൂരത്തേക്ക് ഇലക്ട്രിക് ബൈക്ക്, സൈക്കിൾ, ഓട്ടോ തുടങ്ങിയവ ഉപയോഗിക്കേണ്ട സാഹചര്യം കുറയ്ക്കും. ബെംഗളൂരുവിലെ നിലവിലുള്ള മൂന്ന് മെട്രോ പാതകളിലും ബിഎംടിസി ഇപ്പോൾ സർവീസ് നടത്തുന്നുണ്ട്.
നഗരത്തിലെ 83 മെട്രോ സ്‌റ്റേഷനുകളിൽ 54 എണ്ണത്തിലും നിലവിൽ പ്രത്യേക മെട്രോ ഫീഡർ ബസുകൾ ലഭ്യമാണ്. ബിഎംടിസിയുടെ 255 ഫീഡർ ബസുകൾ പ്രതിദിനം ശരാശരി 1.5 ലക്ഷം യാത്രക്കാരെ കൊണ്ടുപോകുന്നുണ്ട്. റോഡിന്റെ വീതി കുറവായതിനാലോ കുത്തനെയുള്ള വളവുകളുള്ളതിനാലോ പ്രവേശനം ബുദ്ധിമുട്ടുള്ള പ്രദേശങ്ങളിലെ കണക്റ്റിവിറ്റി പ്രശ്‌നം പരിഹരിക്കാൻ മിനി ബസുകൾ സഹായിക്കുമെന്നാണ് വിലയിരുത്തൽ.




Click it and Unblock the Notifications
