ബെംഗളൂരു മെട്രോ മൂന്നാം ഘട്ടം; ഡബിൾ ഡക്കറിൽ സമ്മതം മൂളാതെ കേന്ദ്രം, നിർമ്മാണം വൈകുന്നു, ചിലവ് കൂടും?
ബെംഗളൂരു: നമ്മ മെട്രോ ഫേസ്-3 പദ്ധതിയുടെ ആദ്യഘട്ട ടെൻഡർ ക്ഷണിച്ച് ഏകദേശം ആറുമാസമായിട്ടും നിർണായകമായ ഡബിൾ ഡെക്കർ നിർമ്മാണത്തിന് കേന്ദ്രസർക്കാരിന്റെ അനുമതി ലഭ്യമാവാത്തതിൽ ആശങ്ക. ഇതോടെ പദ്ധതിയുടെ നിർമ്മാണം വീണ്ടും വൈകാനും ചെലവ് ഗണ്യമായി വർധിക്കാനും സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ലക്ഷക്കണക്കിന് യാത്രക്കാർ ആശ്രയിക്കുന്ന ബെംഗളൂരു മെട്രോയുടെ വികസനത്തിലെ നിർണായക ഘട്ടമാണ് സർക്കാരിന്റെ അനുമതിക്കായി കാത്തിരിക്കുന്നത്.
ഡബിൾ ഡെക്കർ നിർമ്മാണത്തിന്റെ സാങ്കേതികവും സാമ്പത്തികവുമായ സാധ്യതകൾ പരിശോധിക്കുന്ന റിപ്പോർട്ട് കഴിഞ്ഞ നാല് മാസമായി കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ റൈറ്റ്സ് തയ്യാറാക്കുകയാണ്. അടുത്ത രണ്ടാഴ്‌ചയ്ക്കകം റിപ്പോർട്ട് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിന് ലഭിക്കും. തുടർന്ന് ഇത് കേന്ദ്ര ഭവന-നഗരകാര്യ മന്ത്രാലയത്തിന് സമർപ്പിച്ച് അനുമതി നേടും. കേന്ദ്രത്തിന്റെ അനുമതി ലഭിച്ച ശേഷമേ ടെൻഡർ നടപടികൾ മുന്നോട്ട് പോകൂ.

ഫേസ്-3 പദ്ധതിയുടെ നിർമ്മാണം എട്ട് പാക്കേജുകളായാണ് നടപ്പാക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഇതിൽ ആദ്യഘട്ടമായി ജെപി നഗർ നാലാംഘട്ടം മുതൽ കെംപാപുര വരെ ഓറഞ്ച് ലൈൻ നിർമ്മിക്കുന്ന മൂന്ന് പാക്കേജുകൾക്കാണ് കഴിഞ്ഞ ജനുവരിയിൽ ടെൻഡർ ക്ഷണിച്ചത്. ഏകദേശം 4187 കോടി രൂപയുടെ ഈ പ്രവൃത്തിയിൽ ഡബിൾ ഡെക്കർ ഫ്ലൈഓവർ, മെട്രോ പാത, ടോൾ പ്ലാസ എന്നിവ ഉൾപ്പെടുന്നു.
ഫെബ്രുവരിയിൽ തന്നെ ടെൻഡർ നടപടികൾ പൂർത്തിയാക്കി നിർമ്മാണം തുടങ്ങാനായിരുന്നു പദ്ധതി. എന്നാൽ അനുമതി ലഭിക്കാത്തതിനാൽ നടപടികൾ മുന്നോട്ട് പോയിട്ടില്ല. ആദ്യമായി ഈ പദ്ധതിയുടെ പൂർത്തീകരണ ലക്ഷ്യം 2030 ഡിസംബറായിരുന്നു. പിന്നീട് 2025 ഓഗസ്‌റ്റിൽ അത് ആറുമാസം നീട്ടി 2031 മേയ് വരെയാക്കി. എന്നാൽ ഇതുവരെ സിവിൽ ജോലികൾ പോലും ആരംഭിക്കാത്തതിനാൽ സമയപരിധി വീണ്ടും നീളാനാണ് സാധ്യതയെന്ന് പലരും ചൂണ്ടിക്കാട്ടുന്നു.
ഫേസ്-3 പദ്ധതിയിൽ ആകെ 44.15 കിലോമീറ്റർ ദൈർഘ്യമുള്ള രണ്ട് മെട്രോ ഇടനാഴികളാണ് ഉൾപ്പെടുന്നത്. ജെപി നഗർ നാലാംഘട്ടം മുതൽ കെംപാപുര വരെയുള്ള 32.15 കിലോമീറ്റർ ദൈർഘ്യമുള്ള ഓറഞ്ച് ലൈനും ഹൊസഹള്ളി മുതൽ കടബഗരെ വരെയുള്ള 12 കിലോമീറ്റർ ദൈർഘ്യമുള്ള രണ്ടാമത്തെ ഇടനാഴിയുമാണ് ഇതിൽ ഉൾപ്പെടുന്നത്.
ഈ പദ്ധതിയുടെ പ്രധാന പ്രത്യേകത ഡബിൾ ഡെക്കർ സംവിധാനമാണ്. ദാൽമിയ സർക്കിൾ മുതൽ ഹെബ്ബാൾ വരെയുള്ള 28 കിലോമീറ്ററും രണ്ടാം ഇടനാഴിയിലെ 9 കിലോമീറ്ററും ഡബിൾ ഡെക്കറായി നിർമ്മിക്കും. താഴത്തെ നിലയിൽ ഫ്ലൈഓവറും മുകളിലെ നിലയിൽ മെട്രോ പാതയും വരും. നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.
മെട്രോ നിർമാണത്തിന് മാത്രം 15,611 കോടി രൂപയാണ് ചെലവ് കണക്കാക്കിയിരിക്കുന്നത്. ഇതിന് കേന്ദ്രസർക്കാർ സാമ്പത്തിക പങ്കാളിത്തം വഹിക്കും. എന്നാൽ പിന്നീട് ഉൾപ്പെടുത്തിയ ഡബിൾ ഡെക്കർ പദ്ധതിക്ക് മാത്രം 9,700 കോടി രൂപ അധികമായി ചെലവാകും. ഈ തുക സംസ്ഥാന സർക്കാർ വഹിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
അതേസമയം, ബെംഗളൂരു മെട്രോയുടെ മുൻ പദ്ധതികളിലും ചെലവ് വലിയ തോതിൽ വർധിച്ചിരുന്നു. ഒന്നാംഘട്ടത്തിന് ആദ്യം 6,385 കോടി രൂപയാണ് കണക്കാക്കിയിരുന്നത്. എന്നാൽ പൂർത്തിയായപ്പോൾ ചെലവ് 14,133 കോടി രൂപയായി. രണ്ടാംഘട്ടത്തിന്റെ ചെലവ് 26,405 കോടി രൂപയിൽ നിന്ന് 40,425 കോടി രൂപയായി ഉയർന്നു. പദ്ധതി വീണ്ടും വൈകുകയാണെങ്കിൽ ചെലവും കൂടുമെന്നും, അതിന്റെ ഭാരം യാത്രക്കാരുടെ മേൽ അധിക നിരക്കായി ചുമത്തരുതെന്നും യാത്രക്കാർ അടക്കം ആശങ്ക അറിയിച്ചിട്ടുണ്ട്.














Click it and Unblock the Notifications