ബെംഗളൂരു മെട്രോ പർപ്പിൾ ലൈൻ ദീർഘിപ്പിക്കൽ; 64.82 കോടിയുടെ പുതിയ കരാർ, 482.8 മീറ്റർ കൂടി നീളും!
ബെംഗളൂരു: നമ്മ മെട്രോ പർപ്പിൾ ലൈനിന്റെ വൈറ്റ്ഫീൽഡ് സ്‌റ്റേഷന് ശേഷമുള്ള ചെറിയ ദീർഘിപ്പിക്കൽ പദ്ധതിയുടെ കരാർ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡ് അന്തിമമാക്കി. സെപ്റ്റംബർ 17ന് 482.8 മീറ്റർ മെട്രോ പാത കൂടി നീട്ടുന്നതിനുള്ള കരാർ മിലൻ റോഡ് ബിൽഡ്ടെക് എൽഎൽപിക്ക് നൽകുകയായിരുന്നു. 64.82 കോടി രൂപയാണ് കരാർ തുക.
ബിഎംആർസിഎൽ കണക്കാക്കിയ 62.51 കോടി രൂപയേക്കാൾ 3.7 ശതമാനം കൂടുതലാണ് കരാർ തുക. 548 ദിവസമാണ് അതായത് ഏകദേശം 18 മാസമാണ് നിർമാണം പൂർത്തിയാക്കാനുള്ള സമയപരിധി. വൈറ്റ്ഫീൽഡ് മെട്രോ സ്‌റ്റേഷന് സമീപത്തെ റെയിൽവേ പാളങ്ങൾക്ക് മുകളിലൂടെയായിരിക്കും പുതിയ മെട്രോ പാത കടന്നുപോകുക. ഇതിനായി ദക്ഷിണ പശ്ചിമ റെയിൽവേയുടെ അനുമതി ആവശ്യമാണ്.

മെട്രോ ട്രെയിനുകൾക്ക് ദിശമാറ്റി തിരിച്ചോടുന്നതിനുള്ള ക്രോസ്ഓവർ സംവിധാനവും ഇവിടെ ഒരുക്കും. എന്നാൽ പുതിയ മെട്രോ സ്‌റ്റേഷൻ നിർമ്മിക്കില്ല. ഈ പദ്ധതിക്കായി 2024ൽ ബിഎംആർസിഎൽ മറ്റൊരു കമ്പനിക്ക് കരാർ നൽകിയിരുന്നു. പിന്നീട് ആ കരാർ റദ്ദാക്കി. തുടർന്ന് ഈ വർഷം ജൂണിൽ വീണ്ടും ടെൻഡർ ക്ഷണിക്കുകയും ജൂലൈയിൽ ടെൻഡർ തുറക്കുകയും ചെയ്‌തു. ആകെ ഏഴ് കമ്പനികളാണ് ടെൻഡറിൽ പങ്കെടുത്തത്.
ഇതിൽ നാല് കമ്പനികളുടെ ടെൻഡർ സാങ്കേതിക കാരണങ്ങളാൽ തള്ളപ്പെട്ടു. മറ്റ് രണ്ട് കമ്പനികൾ ബിഎംആർസിഎൽ കണക്കാക്കിയ തുകയേക്കാൾ വളരെ ഉയർന്ന തുകയാണ് ക്വോട്ട് ചെയ്‌തിരുന്നത്. പിജെബി എൻജിനീയേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് 90.64 കോടി രൂപയും എം രാജ്‌കുമാർ 64.99 കോടി രൂപയുമാണ് ക്വോട്ട് ചെയ്‌തത്.
അതേസമയം വൈറ്റ്ഫീൽഡിന് ശേഷം മെട്രോ ശൃംഖല ഹൊസ്കോട്ടെയിലേക്കും നീട്ടാനുള്ള പദ്ധതിയിലും ബിഎംആർസിഎൽ നടപടികൾ ആരംഭിച്ചിട്ടുണ്ട്. കെആർ പുരത്തുനിന്ന് ഹൊസ്കോട്ടെയിലേക്ക് 16 കിലോമീറ്റർ ദൈർഘ്യമുള്ള പുതിയ മെട്രോ പാതയ്ക്കായുള്ള സാധ്യതാ പഠന റിപ്പോർട്ട് തയ്യാറാക്കുകയാണ്. ഏതാനും മാസങ്ങൾക്കുള്ളിൽ റിപ്പോർട്ട് തയ്യാറാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പുതിയ പാത യാഥാർഥ്യമായാൽ കിഴക്കൻ ബെംഗളൂരുവിൽ നിന്ന് ഹൊസ്കോട്ടെയിലേക്കുള്ള പൊതുഗതാഗത ബന്ധം കൂടുതൽ ശക്തമാകാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. നിലവിലെ വൈറ്റ്ഫീൽഡ് പർപ്പിൾ ലൈൻ ശൃംഖലയുമായി ബന്ധിപ്പിച്ചുള്ള തുടർവികസനമായാണ് ഹൊസ്കോട്ടെ മെട്രോ പാത പരിഗണിക്കുന്നത്. ഇത് കൂടുതൽ യാത്രക്കാർക്ക് പ്രയോജനകരമാകും എന്നാണ് വിലയിരുത്തൽ.


Click it and Unblock the Notifications
