ബെംഗളൂരു മെട്രോ യാത്രക്കാർക്ക് ആശ്വാസം; പർപ്പിൾ, ഗ്രീൻ ലൈനുകളിലെ ട്രെയിനുകളുടെ സുരക്ഷാ പരിശോധന ഉടൻ
ബെംഗളൂരു: നമ്മ മെട്രോയുടെ ഗ്രീൻ, പർപ്പിൾ മെട്രോ പാതകൾക്കായി പുതുതായി എത്തിച്ച ട്രെയിനുകളുടെ സുരക്ഷാ പരിശോധന ഉടൻ നടത്തും. കമ്മീഷണർ ഓഫ് മെട്രോ റെയിൽവേ സേഫ്റ്റി (ദക്ഷിണ മേഖല) നേതൃത്വം നൽകുന്നതാണ് ഈ പരിശോധന. യാത്രക്കാർക്കായി ട്രെയിനുകൾ സർവീസ് ആരംഭിക്കുന്നതിന് മുമ്പുള്ള നിയമപരമായ അവസാനഘട്ട നടപടിയാണിത്.
പ്രധാന പരിശോധനയ്ക്ക് മുന്നോടിയായി വെള്ളിയാഴ്‌ച രാത്രി ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് അധികൃതരും സിഎംആർഎസ് ഉദ്യോഗസ്ഥരും ചേർന്ന് സംയുക്ത ട്രയൽ റണ്ണും പരിശോധനയും നടത്തും. ഇതിന്റെ ഭാഗമായി രാത്രി 10.30 മുതൽ 11 വരെ യശ്വന്ത്പുര മുതൽ മടവാര വരെയുള്ള ട്രെയിനുകൾ പതിവ് 10 മിനിറ്റിന് പകരം 20 മിനിറ്റ് ഇടവേളയിലാണ് സർവീസ് നടത്തുക.

എന്നാൽ മടവാര മുതൽ സിൽക്ക് ഇൻസ്‌റ്റിറ്റ്യൂട്ട് വരെയുള്ള സർവീസ് സമയക്രമത്തിൽ മാറ്റമുണ്ടാകില്ലെന്ന് ബിഎംആർസിഎൽ അറിയിച്ചു. സിആർആർസി-ടിറ്റാഗഡ് റെയിൽ സിസ്‌റ്റംസ് ലിമിറ്റഡ് നിർമ്മിച്ച മൂന്ന് പുതിയ ട്രെയിനുകൾ ഇതിനകം ബിഎംആർസിഎല്ലിന് ലഭിച്ചിട്ടുണ്ട്. ഇതിന് പുറമെ 18 ട്രെയിനുകൾ കൂടി അടുത്ത മാസങ്ങളിൽ ലഭിക്കും.
നിലവിലുള്ള മെട്രോ പാതകളിൽ പുതിയ ട്രെയിനുകൾ സർവീസ് ആരംഭിക്കുന്നതിനാൽ 37 നിയമപരമായ സുരക്ഷാ അനുമതികൾ നേടേണ്ടതുണ്ട്. ട്രെയിനുകളുടെ ഓസിലേഷൻ പരീക്ഷണവും അടിയന്തര ബ്രേക്കിങ് ദൂര പരിശോധനയും വിജയകരമായി പൂർത്തിയായതിനെ തുടർന്ന് റെയിൽവേ ബോർഡ് ഏപ്രിലിൽ താൽക്കാലിക റോളിങ് സ്‌റ്റോക്ക് അനുമതി നൽകിയിരുന്നു. എന്നാൽ സിഎംആർഎസിന്റെ അന്തിമ അനുമതി ലഭിക്കാനുണ്ടായിരുന്നു.
ജൂലൈ 27-ന് ബിഎംആർസിഎൽ ഇന്റേണൽ സേഫ്റ്റി അസസ്മെന്റ് സർട്ടിഫിക്കറ്റും മറ്റ് പരിശോധനാ റിപ്പോർട്ടുകളും സിഎംആർഎസിന് കൈമാറി. പരിശോധനയ്ക്കിടെ സർവീസ് സമയത്തെ ട്രെയിൻ പ്രവർത്തനം, ഓൺബോർഡ് സിഗ്നലിംഗ് സംവിധാനം, മറ്റ് സുരക്ഷാ സംവിധാനങ്ങൾ എന്നിവ വിശദമായി വിലയിരുത്തും. എല്ലാം തൃപ്‌തികരമാണെന്ന് കണ്ടെത്തിയാൽ സിഎംആർഎസ് അനുമതി നൽകും.
അതോടെ ഈ മാസം തന്നെ പുതിയ ട്രെയിനുകൾ യാത്രക്കാർക്കായി സർവീസ് ആരംഭിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. പുതിയ ട്രെയിനുകൾ സർവീസ് ആരംഭിക്കുന്നതോടെ പർപ്പിൾ, ഗ്രീൻ പാതകളിലെ തിരക്ക് ഗണ്യമായി കുറയുമെന്നാണ് ബിഎംആർസിയുടെ പ്രതീക്ഷ. നിലവിൽ പർപ്പിൾ ലൈനിൽ 33 ട്രെയിനുകളും, ഗ്രീൻ ലൈനിൽ 24 ട്രെയിനുകളും സർവീസിലുണ്ട്.
ലഭിക്കുന്ന 21 പുതിയ ട്രെയിനുകളും ഗ്രീൻ ലൈനിൽ വിന്യസിക്കാനാണ് ബിഎംആർസിഎൽ പദ്ധതിയിടുന്നത്. തുടർന്ന് നിലവിലുള്ള ഗ്രീൻ ലൈനിലെ 17 ട്രെയിനുകളുടെ നിറം മാറ്റി പർപ്പിൾ ലൈനിലേക്ക് മാറ്റും. ഇതോടെ പർപ്പിൾ ലൈനിൽ ആകെ 50 ട്രെയിനുകളും, ഗ്രീൻ ലൈനിൽ 28 ട്രെയിനുകളും സർവീസ് നടത്തും.
ഈ മാസം അവസാനം നാലാമത്തെ പുതിയ ട്രെയിനും ലഭിക്കുമെന്നാണ് പ്രതീക്ഷ. തുടർന്ന് എല്ലാ മാസവും ഒന്നോ രണ്ടോ ട്രെയിനുകൾ വീതം ബിഎംആർസിഎല്ലിന് കൈമാറും. ബെംഗളൂരു മെട്രോയെ ആശ്രയിക്കുന്ന യാത്രക്കാരെ സംബന്ധിച്ച് ഇത് ആശ്വാസ വാർത്തയാണ്. കാരണം കൂടുതൽ ട്രെയിനുകൾ എത്തുന്നതോടെ കാത്തിരിപ്പ് സമയവും ഗണ്യമായി കുറയും.




Click it and Unblock the Notifications