ബെംഗളൂരു മുംബൈ വന്ദേ ഭാരത് സ്ലീപ്പർ വൈകില്ല; ഒക്ടോബർ രണ്ടാം വാരം സർവീസ് തുടങ്ങിയേക്കും..!
ബെംഗളൂരു: ഏറെ നാളായി കാത്തിരിക്കുന്ന ബെംഗളൂരു മുംബൈ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ അടുത്ത വാരാന്ത്യത്തോടെ സർവീസ് ആരംഭിച്ചേക്കുമെന്ന് റിപ്പോർട്ട്. ഒക്ടോബർ 10 അല്ലെങ്കിൽ 11ന് സർവീസ് തുടങ്ങാനാണ് സാധ്യതയെന്നാണ് റെയിൽവേ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ദക്ഷിണേന്ത്യയിൽ ആദ്യമായി സർവീസ് നടത്തുന്ന വന്ദേഭാരത് സ്ലീപ്പർ ട്രെയിനായിരിക്കും ഇത്.
ബെംഗളൂരുവിൽ നടക്കുന്ന ഔദ്യോഗിക ചടങ്ങിൽ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ് ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്യുമെന്നാണ് സൂചന. എന്നാൽ ഉദ്ഘാടന തീയതി സംബന്ധിച്ച് അന്തിമ തീരുമാനം ഇനിയും ഉണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ട്. എസ്എംവിടി ബെംഗളൂരുവിനും മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് ടെർമിനസിനും ഇടയിൽ ആഴ്‌ചയിൽ ആറ് ദിവസമായിരിക്കും സർവീസ് നടത്താൻ ഉദ്ദേശിക്കുന്നത്.

ബെംഗളൂരുവിൽ നിന്ന് മുംബൈയിലേക്കുള്ള യാത്രയ്ക്ക് ഏകദേശം 16 മണിക്കൂർ അഞ്ച് മിനിറ്റ് എടുക്കും. മുംബൈയിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള തിരിച്ചുള്ള യാത്ര 15 മണിക്കൂർ 45 മിനിറ്റിൽ പൂർത്തിയാക്കുന്ന രീതിയിലാണ് സമയക്രമം തയ്യാറാക്കിയിരിക്കുന്നത്. താൽക്കാലിക സമയക്രമം അനുസരിച്ച് ബെംഗളൂരുവിലെ എസ്എംവിടി സ്‌റ്റേഷനിൽ നിന്ന് രാത്രി 7.50ന് ട്രെയിൻ പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 11.55ന് മുംബൈയിലെത്തും.
മുംബൈയിൽ നിന്ന് രാത്രി 8.10ന് പുറപ്പെടുന്ന ട്രെയിൻ അടുത്ത ദിവസം രാവിലെ 11.55ന് എസ്എംവിടി ബെംഗളൂരുവിലെത്തും. അനന്തപുർ, ഗുണ്ടക്കൽ, റായ്ച്ചൂർ, കലബുറഗി, സോളാപൂർ, പൂനെ, കല്യാൺ എന്നിവിടങ്ങളിലാണ് നിർദ്ദിഷ്‌ട സ്‌റ്റോപ്പുകൾ. ട്രെയിനിന് 27651, 27652 എന്നീ നമ്പറുകൾ നൽകാനുള്ള സാധ്യതയുമുണ്ട്. എന്നാൽ സമയക്രമവും ട്രെയിൻ നമ്പറും ഉൾപ്പെടെയുള്ള വിവരങ്ങൾ അന്തിമ വിജ്ഞാപനം വരുന്നതോടെ മാത്രമേ ഉറപ്പാകൂ.
കർണാടക ആസ്ഥാനമായ സൗത്ത് വെസ്‌റ്റേൺ റെയിൽവേക്ക് രണ്ട് വന്ദേഭാരത് സ്ലീപ്പർ റേക്കുകൾ അനുവദിച്ചുകൊണ്ടുള്ള ഔദ്യോഗിക വിജ്ഞാപനം റെയിൽവേ ബോർഡിന്റെ കോച്ചിങ് ഡയറക്‌ടറേറ്റ് ഉടൻ പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബെംഗളൂരു മുംബൈ റൂട്ടിൽ നിലവിലുള്ള ട്രെയിനുകൾക്ക് യാത്ര പൂർത്തിയാക്കാൻ സാധാരണയായി 22 മുതൽ 24 മണിക്കൂർ വരെ വേണ്ടിവരുന്നതിനാൽ പുതിയ സ്ലീപ്പർ സർവീസ് യാത്രാസമയം ഗണ്യമായി കുറയ്ക്കും.
രാത്രി യാത്ര ചെയ്‌ത് രാവിലെ ലക്ഷ്യസ്ഥാനത്ത് എത്താൻ കഴിയുന്ന രീതിയിലാണ് പുതിയ സർവീസ് ഒരുക്കുന്നത്. ബെമലിന്റെ നേതൃത്വത്തിൽ ഇന്റഗ്രൽ കോച്ച് ഫാക്‌ടറി വികസിപ്പിച്ച പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച രണ്ട് 16 കോച്ച് ട്രെയിൻ സെറ്റുകളാണ് ബെംഗളൂരു മുംബൈ റൂട്ടിൽ ഉപയോഗിക്കുക. ഇതിൽ ഒരു ട്രെയിൻ സെറ്റ് നിലവിൽ ബെംഗളൂരു കന്റോൺമെന്റിലും മറ്റൊന്ന് ബംഗാർപേട്ടിന് സമീപമുള്ള വരദാപുരയിലുമാണ് സൂക്ഷിച്ചിരിക്കുന്നത്.
2025 സെപ്റ്റംബറിൽ തന്നെ ഈ സർവീസ് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് വൈകുകയായിരുന്നു. ബെംഗളൂരു മുംബൈ റൂട്ടിൽ വേഗതയേറിയ രാത്രി ട്രെയിൻ സർവീസ് ആരംഭിക്കുന്നതോടെ ഇരു നഗരങ്ങൾക്കുമിടയിലെ ദീർഘദൂര യാത്രയ്ക്ക് പുതിയൊരു ഓപ്ഷൻ ലഭിക്കും എന്നതാണ് പ്രത്യേകത.
അതേസമയം, ട്രെയിൻ കെഎസ്ആർ ബെംഗളൂരു സിറ്റി സ്‌റ്റേഷനിൽ നിന്ന് ആരംഭിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്. യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമായ സ്‌റ്റേഷനിൽ നിന്ന് സർവീസ് ആരംഭിക്കുമെന്ന മുൻ വാഗ്‌ദാനം റെയിൽവേ മന്ത്രി പാലിക്കണമെന്നാണ് കർണാടക റെയിൽവേ വേദികെ പ്രതിനിധി കെഎൻ കൃഷ്‌ണ പ്രസാദിനെ ഉദ്ധരിച്ച് ഡെക്കാൻ ഹെറാൾഡ് റിപ്പോർട്ട് ചെയ്യുന്നു.


Click it and Unblock the Notifications
