ബെംഗളൂരു നമ്മ മെട്രോയുടെ വരുമാനം കുതിക്കും; തൂണുകളിൽ അടക്കം പരസ്യം, കരാറുകൾ ക്ഷണിച്ചു ബിഎംആർസി
ബെംഗളൂരു: നഗരത്തിന്റെ നട്ടെല്ലായ ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് വരുമാനം വർധിപ്പിക്കാനുള്ള പരിശ്രമത്തിലാണ്. ഇതിനായി ബിഎംആർസിഎൽ നിലവിലുള്ളതും നിർമ്മാണത്തിലിരിക്കുന്നതുമായ നമ്മ മെട്രോ പാതകളിലെ തിരഞ്ഞെടുത്ത പിയറുകളിലും പോർട്ടലുകളിലും പരസ്യം സ്ഥാപിക്കാൻ ടെൻഡർ ക്ഷണിച്ചു. ഇത് ശൃംഖലയിലുടനീളം ആയിരക്കണക്കിന് പരസ്യം ഇടങ്ങൾ തുറക്കും.
ഈ ടെൻഡറിലൂടെ പർപ്പിൾ, ഗ്രീൻ, യെല്ലോ, പിങ്ക്, ബ്ലൂ ലൈനുകളിലെ മെട്രോ നിർമ്മിതികളിൽ പരസ്യം പാനലുകൾ രൂപകൽപ്പന ചെയ്യാനും വികസിപ്പിക്കാനും പ്രവർത്തിപ്പിക്കാനും പരിപാലിക്കാനും ഏജൻസികളിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുകയായിരുന്നു. സ്ഥിരവും ഡിജിറ്റൽ പാനലുകളും ഉൾപ്പെട്ട പരസ്യങ്ങൾ സൗന്ദര്യാത്മകവും നിയമവിധേയവുമായിരിക്കണമെന്ന് അധികൃതർ പറയുന്നു.

മെട്രോ ഓപ്പറേറ്റർക്ക് ടിക്കറ്റിതര വരുമാനം നേടുന്നതിനും ഇടനാഴികളിലെ പരസ്യങ്ങൾ നിയന്ത്രിതവും ആകർഷകവുമാണെന്ന് ഉറപ്പാക്കുന്നതിനും ഇത് ലക്ഷ്യമിടുന്നുവെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. കാഴ്‌ചയെ അലോസരപ്പെടുത്താത്ത വിധം മെട്രോ ഇടനാഴികളിലുടനീളം ചിട്ടപ്പെടുത്തിയതും ലോകോത്തരവുമായ പരസ്യ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുകയാണ് ലക്ഷ്യം. ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിയുടെയും മറ്റ് നിയമപരമായ മാർഗനിർദ്ദേശങ്ങളും പരസ്യങ്ങൾ പാലിക്കണമെന്നും ഉദ്യോഗസ്ഥൻ പറയുന്നു.
വൈറ്റ്ഫീൽഡ്-ചല്ലഗട്ട പർപ്പിൾ ലൈൻ, മാടവാര-സിൽക്ക് ഇൻസ്‌റ്റിറ്റ്യൂട്ട് ഗ്രീൻ ലൈൻ, ബൊമ്മസാന്ദ്ര-ആർവി റോഡ് യെല്ലോ ലൈൻ ഉൾപ്പെടെയുള്ള നിലവിലുള്ളതും നിർമ്മാണത്തിലിരിക്കുന്നതുമായ പാതകൾ ടെൻഡറിൽ ഉൾപ്പെടുന്നു. പർപ്പിൾ ലൈനിൽ 1.04 ലക്ഷം ചതുരശ്ര അടിയിൽ 2538 ബോർഡുകൾ (1308 പിയറുകളിലും 76 പോർട്ടലുകളിലും). ഗ്രീൻ ലൈനിൽ 79,000 ചതുരശ്ര അടിയിൽ 2022 ബോർഡുകൾ, യെല്ലോ ലൈനിൽ 53,000 ചതുരശ്ര അടിയിൽ 1355 ബോർഡുകൾ എന്നിവ സ്ഥാപിക്കും.
കാലേന അഗ്രഹാര-തവരക്കരെ പിങ്ക് ലൈൻ, സിൽക്ക് ബോർഡ്-കെംപെഗൗഡ ബ്ലൂ ലൈൻ എന്നിവയും ഭാവി പാതകളിലുണ്ട്. ഏകദേശം 2960 ബോർഡുകളോടെ, ബ്ലൂ ലൈൻ ഈ പദ്ധതിയിലെ ഏറ്റവും വലിയ പരസ്യ ഇടനാഴിയാകുമെന്നാണ് പ്രതീക്ഷ. പിയറുകളിലെ പരസ്യ ബോർഡുകൾക്ക് 9 അടി x 4 അടി വലുപ്പവും, വലിയ പോർട്ടൽ പരസ്യങ്ങൾക്ക് 8 അടി x 15 അടി അളവുകളുമായിരിക്കും.
ജിഎസ്‌ടി ഉൾപ്പെടെ പ്രതിവർഷം 83.03 കോടി രൂപയാണ് പദ്ധതിക്ക് ബിഎംആർസിഎൽ നിശ്ചയിച്ച കുറഞ്ഞ കൺസെഷൻ ഫീസ്. ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി ഉൾപ്പെടെയുള്ള നിയമപരമായ ഏജൻസികളിൽ നിന്ന് അനുമതി നേടുക, പരസ്യം ഘടനകൾ സ്ഥാപിക്കുക, വൈദ്യുത, അഗ്നി സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കുക, കൺസെഷൻ കാലയളവിൽ ഡിസ്പ്ലേകൾ പരിപാലിക്കുക എന്നിവ കൺസെഷനയറുടെ ഉത്തരവാദിത്തമാണ്.
കരാറിന്റെ കാലാവധി ഏഴ് വർഷമാണ്. പരസ്‌പര ധാരണ പ്രകാരം ഇത് മൂന്ന് വർഷം കൂടി നീട്ടാവുന്നതാണെന്ന് രേഖയിൽ പറയുന്നു. ഹെബ്ബഗോഡി-ഹുസ്കുരു റോഡ് മെട്രോ സ്‌റ്റേഷനുകൾക്കിടയിലെ ചില പിയറുകളിൽ പരമ്പരാഗത ചിത്രീകരണങ്ങളുള്ളതിനാൽ, കലാസൃഷ്‌ടികൾ സംരക്ഷിക്കാൻ ഈ പിയറുകൾക്കിടയിലെ മധ്യഭാഗത്ത് പരസ്യം സ്ഥാപിക്കാൻ അനുമതി നൽകിയേക്കുമെന്ന് രേഖ വ്യക്തമാക്കുന്നു.
ടിക്കറ്റ് വരുമാനത്തിൽ ഉപരി മറ്റ് വരുമാന മാർഗ്ഗങ്ങൾ കണ്ടെത്താനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ നടപടി. അടുത്തകാലത്തായി ബിഎംആർസിഎല്ലിന്റെ ടിക്കറ്റിതര വരുമാനം (എൻഎഫ്ബിആർ) കാര്യമായ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. 2024-25ൽ വെറും 54 കോടി രൂപയായിരുന്നത് 2025-26ൽ 145 കോടി രൂപയായി ഉയർന്നു, ഇത് ഏകദേശം 168 ശതമാനം വളർച്ചയാണ് കാണിക്കുന്നത്.














Click it and Unblock the Notifications