ബെംഗളൂരുവിലെ ഓൾഡ് മദ്രാസ് റോഡ് ഇന്നും യാത്രക്കാരുടെ പേടി സ്വപ്‌നം; എലവേറ്റഡ് കോറിഡോർ വരുമോ?
ബെംഗളൂരു: നഗരം പുതിയ പദ്ധതികളിലൂടെ മുഖം മാറ്റാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി. രാജ്യത്തിന്റെ ഐടി ഹബ്ബ് എന്ന് വിശേഷിക്കപ്പെടുന്ന ബെംഗളൂരുവിൽ ദിവസേന ലക്ഷക്കണക്കിന് ആളുകളാണ് യാത്ര ചെയ്യുന്നത്. ഇവിടേക്ക് വന്ന് പോവുന്നവർ മാത്രമല്ല നഗരത്തിലൂടെ സഞ്ചരിക്കേണ്ടി വരുന്നവർക്കും ഗതാഗത കുരുക്ക് ഒരു പേടി സ്വപ്‌നമാണ്. ചിലയിടത്തെങ്കിലും അത് പരിഹരിക്കാൻ യാതൊരു വിധ നടപടികളും സ്വീകരിക്കാതെ നിൽക്കുകയാണ് അധികൃതർ.
അത്തരത്തിൽ ഒന്നിന്റെ ഉദാഹരണമായി ഓൾഡ് മദ്രാസ് റോഡിലെ യാത്രക്കാർ കടുത്ത ഗതാഗതക്കുരുക്കിൽ വലയാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി. കെആർ പുരം മുതൽ ഹലസൂരു വരെയുള്ള നാല് സിഗ്നലുകൾക്കിടയിലുള്ള യാത്രയ്ക്ക് ഒരു മണിക്കൂറിലധികമാണ് നിലവിൽ ചിലവഴിക്കേണ്ടി വരുന്നത്. ദീർഘകാലമായി മുടങ്ങിക്കിടക്കുന്ന മേൽപ്പാലം പദ്ധതി വേഗത്തിലാക്കാതെ, ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി അനാവശ്യമായി ഫണ്ടുകൾ ചിലവഴിക്കുന്നതായാണ് പ്രദേശവാസികളുടെ ആക്ഷേപം.

മികച്ച നിലയിലായിരുന്ന കാൽനടപ്പാതകളിലെ നടക്കല്ലുകൾ മാറ്റുന്നതും, പഴയതിൽ നിന്ന് വ്യത്യാസമില്ലാത്ത സുരഞ്ജദാസ് റോഡ് ജംഗ്ഷനിലെ ട്രാഫിക് ഐലൻഡിന്റെ പുനർരൂപകൽപ്പനയും ഈ അനാവശ്യ ജോലികളിൽ ഉൾപ്പെടുന്നുവെന്നാണ് വിമർശനം. മാത്രമല്ല ജിബിഎയുടെ ഫണ്ട് വിനിയോഗത്തിലെ മുൻഗണനയെക്കുറിച്ച് താമസക്കാർ ചോദ്യം ചെയ്യുന്നു.
നഗരത്തെ വൈറ്റ്ഫീൽഡുമായി ബന്ധിപ്പിക്കുന്ന പ്രധാന പാതയാണ് ഓൾഡ് മദ്രാസ് റോഡ്. തിരക്കേറിയ സമയങ്ങളിൽ, ബയ്യപ്പനഹള്ളി, ഇന്ദിരാനഗർ ബിഡിഎ കോംപ്ലക്‌സ്, ഹലസൂരു തുടങ്ങിയ പ്രധാന ജംഗ്ഷനുകൾ ഗതാഗതക്കുരുക്കിന് കാരണമാകുന്നു. ഗതാഗതക്കുരുക്ക് പരിഹരിക്കാൻ വൈകുന്നത് പ്രശ്‌നം കൂടുതൽ സങ്കീർണമാക്കുകയാണെന്ന് യാത്രക്കാർ പറയുന്നു.
യാത്രയുടെ മറ്റുള്ള ഭാഗങ്ങളെക്കാൾ കൂടുതൽ സമയം ആളുകൾ മൂന്ന് സിഗ്നലുകളിൽ ചെലവഴിക്കുകയാണെന്നാണ് ആളുകൾ പറയുന്നത്. കെആർ പുരത്തെയും യെശ്വന്ത്പുരിനെയും ബന്ധിപ്പിക്കുന്ന കിഴക്ക്-പടിഞ്ഞാറ് എലിവേറ്റഡ് ഇടനാഴി പദ്ധതി മുമ്പ് ഓൾഡ് മദ്രാസ് റോഡിൽ ആസൂത്രണം ചെയ്‌തിരുന്നു. എന്നാൽ ഈ നിർദ്ദേശം പിന്നീട് ഉപേക്ഷിക്കുകയായിരുന്നു.
2018 മധ്യത്തിൽ സുരഞ്ജദാസ് റോഡ് ജംഗ്ഷനിൽ അടിപ്പാത നിർമ്മിക്കാൻ നഗരസഭ തറക്കല്ലിട്ടെങ്കിലും, ആ പദ്ധതിയും പിന്നീട് ഉപേക്ഷിച്ചു. ഇപ്പോൾ ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ ഒരു എലിവേറ്റഡ് ഇടനാഴി എന്ന പഴയ പദ്ധതിക്ക് വീണ്ടും ജീവൻ നൽകിയിരിക്കുകയാണ്. എലിവേറ്റഡ് ഇടനാഴിയുടെ വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാണെന്ന് ബി-സ്‌മൈൽ അറിയിച്ചു.
അതേസമയം, ഓൾഡ് മദ്രാസ് റോഡിലൂടെ കടന്നുപോകുന്ന കിഴക്ക്-പടിഞ്ഞാറ് എലിവേറ്റഡ് ഇടനാഴിയുടെ ഡിപി.ആർ നേരത്തെ തന്നെ ഉണ്ടായിരുന്നുവെന്നാണ് ചിലർ ചൂണ്ടിക്കാണിക്കുന്നത്. അതേ പ്രവൃത്തിക്കായി സ്വകാര്യ കൺസൾട്ടന്റുമാർക്ക് പണം നൽകേണ്ട ആവശ്യമില്ലായിരുന്നു. സർക്കാർ രണ്ട് വർഷമാണ് ഇങ്ങനെ നഷ്‌ടപ്പെടുത്തിയത് എന്നാണ് ആക്ഷേപം.












Click it and Unblock the Notifications