ബെംഗളൂരു ഔട്ടർ റിംഗ് റോഡ് അടിമുടി മാറുന്നു; 450 കോടി ചിലവ്, ഒക്ടോബർ മുതൽ വൈറ്റ് ടോപ്പിങ് തുടങ്ങും
ബെംഗളൂരു: നഗരത്തിലെ ഐടി മേഖലയെ ബന്ധിപ്പിക്കുന്ന പ്രധാന പാതയായ ഔട്ടർ റിംഗ് റോഡ് വൻ നവീകരണത്തിനൊരുങ്ങുന്നു. സിൽക്ക് ബോർഡ് ജങ്ഷൻ മുതൽ കെആർ പുരം വരെയുള്ള 17 കിലോമീറ്റർ റോഡ് 450 കോടി രൂപ ചെലവിൽ നവീകരിക്കാനാണ് സർക്കാർ അനുമതി നൽകിയിരിക്കുന്നത്. റോഡിൽ വൈറ്റ് ടോപ്പിങ് ഉൾപ്പെടെയുള്ള പ്രവൃത്തികൾ ഒക്ടോബറിൽ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.
നിരവധി ഐടി കമ്പനികളും വൻകിട സ്ഥാപനങ്ങളും സ്ഥിതി ചെയ്യുന്ന ഈ പാതയിൽ നിർമ്മാണം തുടങ്ങാൻ പോവുന്നതിനാൽ വലിയ തോതിലുള്ള ഗതാഗത നിയന്ത്രണങ്ങളും വഴിതിരിച്ചുവിടലുകളും ഉണ്ടാകാൻ സാധ്യതയുണ്ട്. റോഡ് നവീകരണത്തിനൊപ്പം യാത്രക്കാർക്കുള്ള അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെടുത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.

റോഡിന്റെ ഇരുവശങ്ങളിലും കുറഞ്ഞത് 3 മീറ്റർ വീതിയുള്ള തുടർച്ചയായ ഫുട്‌പാത്തുകൾ നിർമ്മിക്കാനാണ് നിർദേശം. സൈഡ് റോഡുകളിൽ 1.8 മീറ്റർ വരെ വീതിയുള്ള ഫുട്‌പാത്തുകൾ ഒരുക്കും. ബസ് സ്‌റ്റോപ്പുകൾ, യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യുന്ന പോയിന്റുകൾ എന്നിവയും മെച്ചപ്പെടുത്തും. ടാക്‌സി, ബസ് ഡ്രോപ്പ്-ഓഫ്, പിക്കപ്പ് പോയിന്റുകൾ പ്രത്യേകം അടയാളപ്പെടുത്താനും ലഭ്യമായ ബഫർ ഏരിയകൾ ഇതിനായി ഉപയോഗിക്കാനും നിർദേശം നൽകിയിട്ടുണ്ട്.
നിർമ്മാണകാലത്തെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനായി ആഭ്യന്തര റോഡുകൾ പരമാവധി ഉപയോഗിച്ച് വാഹനങ്ങൾ വഴിതിരിച്ചുവിടാനും നിർദേശം നൽകിയിട്ടുണ്ട്. ഔട്ടർ റിംഗ് റോഡ് കമ്പനീസ് അസോസിയേഷൻ, പോലീസ് എന്നിവരുമായി വിശദമായ ചർച്ച നടത്തിയ ശേഷമേ അന്തിമ ട്രാഫിക് മാനേജ്മെന്റ് പദ്ധതി തയ്യാറാക്കാവൂ എന്നും മന്ത്രി നിർദേശിച്ചു.
നിലവിൽ തന്നെ രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന സിൽക്ക് ബോർഡ്-കെആർ പുരം പാതയിൽ നിർമ്മാണപ്രവൃത്തികൾ ആരംഭിക്കുന്നതോടെ യാത്രാസമയം താൽക്കാലികമായി വർധിക്കാനിടയുണ്ട്.
റോഡരികിലെ അനധികൃത കൈയേറ്റങ്ങൾ നീക്കം ചെയ്യാനും പൊതുസ്ഥലങ്ങളിൽ സ്വകാര്യ സ്ഥാപനങ്ങൾ സ്ഥാപിച്ചിട്ടുള്ള ട്രാൻസ്ഫോർമറുകൾ കണ്ടെത്തി മാറ്റാനും നിർദേശം നൽകിയിട്ടുണ്ട്.
പ്രധാന റോഡിൽ ആവശ്യമായ സ്ഥലങ്ങളിൽ ബസ് ബേകൾ നിർമ്മിക്കാനും പദ്ധതിയുണ്ട്. ഇതിലൂടെ ബസുകൾ പ്രധാന ഗതാഗത പാതയിൽ തടസം സൃഷ്‌ടിക്കുന്നത് കുറയ്ക്കാനും പൊതുഗതാഗതം കൂടുതൽ കാര്യക്ഷമമാക്കാനും സാധിക്കുമെന്നാണ് പ്രതീക്ഷ. സിൽക്ക് ബോർഡ് മുതൽ കെആർ പുരം വരെയുള്ള 17 കിലോമീറ്റർ ഭാഗത്തിന്റെ വികസനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം യോഗം നടന്നിരുന്നു.
പദ്ധതിയുമായി ബന്ധപ്പെട്ട് മന്ത്രി മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്‌ടാവ് എൽകെ അതീഖ്, ജിബിഎ ചീഫ് കമ്മീഷണർ മഹേശ്വർ റാവു, സ്പെഷ്യൽ കമ്മീഷണർ നിതേഷ്, ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ഷാഹിൽ ബഗ്ല, ബി-സ്മൈൽ ടെക്‌നിക്കൽ ഡയറക്‌ടർ പ്രഹ്ലാദ്, ചീഫ് എൻജിനീയർമാർ, എക്‌സിക്യൂട്ടീവ് എൻജിനീയർമാർ തുടങ്ങിയ ഉദ്യോഗസ്ഥരുമായാണ് യോഗം നടന്നത്.
ബെംഗളൂരുവിന്റെ ഏറ്റവും പ്രധാനപ്പെട്ട ടെക് ഇടനാഴികളിലൊന്നിനെ ദീർഘകാലാടിസ്ഥാനത്തിൽ നവീകരിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. മെച്ചപ്പെട്ട റോഡുകൾ, സുരക്ഷിതമായ ഫുട്‌പാത്തുകൾ, ക്രമീകരിച്ച ബസ് സ്‌റ്റോപ്പുകൾ, പ്രത്യേക പിക്കപ്പ്-ഡ്രോപ്പ് പോയിന്റുകൾ എന്നിവ പൊതുഗതാഗതം കൂടുതൽ സൗകര്യപ്രദമാക്കുമെന്നാണ് പ്രതീക്ഷ.
എന്നാൽ നിർമാണം ആരംഭിക്കുന്ന ആദ്യഘട്ടത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകാനുള്ള സാധ്യത അധികൃതർ കണക്കിലെടുക്കേണ്ടതുണ്ടെന്നാണ് യാത്രക്കാരുടെ പ്രധാന ആവശ്യം. ഒക്ടോബർ മുതൽ സിൽക്ക് ബോർഡ്-കെആർ പുരം റൂട്ടിലൂടെ യാത്ര ചെയ്യുന്നവർ നിർമ്മാണ മേഖലകളും ട്രാഫിക് വഴിതിരിച്ചുവിടലുകളും സംബന്ധിച്ച ഔദ്യോഗിക അറിയിപ്പുകൾ പരിശോധിച്ച് ഉറപ്പാക്കിയ ശേഷം മാത്രം യാത്ര നടത്തുന്നതാണ് ഉചിതം.


Click it and Unblock the Notifications