ബെംഗളൂരു ഔട്ടർ റിംഗ് റോഡിലെ ഗതാഗത കുരുക്ക് ഉടൻ ഇല്ലാതാവും; കിലോമീറ്ററിന് 26.47 കോടി ചിലവിൽ നവീകരിക്കും!
ബെംഗളൂരു: നഗരനിവാസികൾക്ക് ആശ്വാസമാവുന്ന സുപ്രധാന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. സിൽക്ക് ബോർഡ് ജംഗ്ഷൻ മുതൽ കെആർ പുരം വരെയുള്ള ഔട്ടർ റിങ് റോഡ് 450 കോടി രൂപ ചെലവിൽ നവീകരിക്കാൻ അനുമതി നൽകിയിരിക്കുകയാണ് ജിബിഎയുടെ സാങ്കേതിക സമിതി. പ്രധാന പാതയും സർവീസ് റോഡുകളും ഉൾപ്പെടുന്ന ഈ പദ്ധതിക്ക് ഒരു കിലോമീറ്ററിന് 26.47 കോടി രൂപ ചിലവ് വരുമെന്നാണ് കണക്കാക്കുന്നത്.
ബെംഗളൂരു നഗരത്തിൽ ഇതുവരെ നടപ്പാക്കിയ റോഡ് പുനർവികസന പദ്ധതികളിൽ ഏറ്റവും ചെലവേറിയ ഒന്നായാണ് ഇത് കണക്കാക്കുന്നത്. 17.01 കിലോമീറ്റർ ദൈർഘ്യമുള്ള ഈ പാതയെ രണ്ട് ഭാഗങ്ങളായാണ് തിരിച്ചിരിക്കുന്നത്. സിൽക്ക് ബോർഡ് മുതൽ ഇബ്ലൂർ ജംഗ്ഷൻ വരെയുള്ള 5.44 കിലോമീറ്റർ ദൂരമാണ് ആദ്യത്തേത്, ഇതിന് മാത്രം 143 കോടി രൂപ ചിലവ് വന്നേക്കും.

ഇബ്ലൂർ ജംഗ്ഷൻ മുതൽ കെആർ പുരം വരെയുള്ള 11.57 കിലോമീറ്റർ വരുന്ന രണ്ടാം പാക്കേജിന് 307 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ഏറ്റവും ശ്രദ്ധേയമായ കാര്യം എന്തെന്നാൽ എച്ച്എസ്ആർ ലേഔട്ട്, അഗാര, ഇബ്ലൂർ, മാരത്തഹള്ളി ഉൾപ്പെടെ ആറ് പ്രധാന ജംഗ്ഷനുകളിലൂടെ കടന്നുപോകുന്ന ഈ റോഡ്, ബെംഗളൂരുവിലെ സാങ്കേതിക ഇടനാഴിയുടെ നെടുംതൂണാണ്.
ഈ മേഖലയിൽ ഏകദേശം 6.42 ലക്ഷം പേർ ജോലി ചെയ്യുന്നു എന്നാണ് കണക്കാക്കുന്നത്. ഇവരിൽ പകുതിയോളം പേർ, അഥവാ 3.38 ലക്ഷം പേർ സ്വകാര്യ വാഹനങ്ങളിലാണ് യാത്ര ചെയ്യുന്നത്. ഇത് മേഖലയിൽ ഉണ്ടാക്കുന്ന ഗതാഗത കുരുക്ക് വളരെ വലുതാണ്. അതിനെ ലഘൂകരിക്കാൻ വരാനിരിക്കുന്ന പദ്ധതിക്ക് സാധിക്കുമെന്നാണ് വിലയിരുത്തൽ.
ലഭ്യമായ ഡിപിആർ പ്രകാരം, പ്രധാന പാതയുടെ 35 ശതമാനവും സർവീസ് റോഡുകളുടെ 20 ശതമാവും നിലവിൽ മോശം അവസ്ഥയിൽ ആണുള്ളത്. ഇത് കൂടുതൽ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കാര്യമാണ്. ബെംഗളൂരു നഗരത്തെ സംബന്ധിച്ചിടത്തോളം എന്നും അപവാദമായി നിൽക്കുന്നത് റോഡുകളുടെ മോശം അവസ്ഥയും മറ്റുമാണ്.
അതിനിടെ നഗരത്തിലെ റോഡുകൾക്ക് ആവർത്തിച്ചുണ്ടാകുന്ന കേടുപാടുകൾ പരിഹരിക്കാൻ, സാധാരണ ടാറിംഗിന് പകരം ഫുൾ ഡെപ്ത്ത് റീക്ലമേഷൻ (എഫ്‌ഡിആർ) സാങ്കേതികവിദ്യ ഉപയോഗിക്കാൻ സാങ്കേതിക സമിതി ശുപാർശ ചെയ്‌തിട്ടുണ്ട്. നിലവിലുള്ള റോഡ് പാളികൾ പൊടിച്ച് ബൈൻഡറുകൾ ചേർത്ത് ഉറപ്പിച്ച് പുതിയ അടിത്തറ രൂപപ്പെടുത്തുന്നതാണ് ഈ സംവിധാനം. ബെംഗളൂരുവിൽ ഇത്രയും വലിയ തോതിൽ ഈ രീതി പരീക്ഷിക്കുന്നത് അപൂർവമാണ്.
റോഡിന്റെ ശേഷി വർധിപ്പിക്കാൻ, ഒരു അധിക ഗതാഗത പാതയ്ക്കായി നിലവിലുള്ള ബസ് സ്‌റ്റോപ്പുകളും നീക്കം ചെയ്യും. റോഡിന്റെ പകുതിയിലെ ബസ് സ്‌റ്റോപ്പുകൾ കാൽനടപ്പാതയുടെ വശത്തേക്ക് മാറ്റും. ഭൂമി ഏറ്റെടുക്കലിലെയും അതിരുകളിലെയും പ്രശ്‌നങ്ങളുണ്ടെങ്കിലും, ഏകീകൃതവും വീതിയേറിയതുമായ കാൽനടപ്പാതകളും തുടർച്ചയായ സൈക്കിൾ ട്രാക്കുകളും ഉൾപ്പെടുത്താന്നും സമിതി നിർദ്ദേശിച്ചിട്ടുണ്ട്.
അതേസമയം, ഒആർആറിലെ ഗതാഗതക്കുരുക്കും റോഡിന്റെ ഗുണനിലവാരവും മോശമാണെന്ന് ഐടി കമ്പനികൾ ആവർത്തിച്ച് പരാതി നൽകിയതിനെത്തുടർന്ന്, മുൻഗണനാക്രമത്തിൽ ഇടപെടൽ എന്ന നിലയിൽ റോഡ് നവീകരണ പദ്ധതി ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ നിർദ്ദേശിച്ചിരുന്നു. അതിന്റെ ഭാഗമായാണ് നടപടിക്രമങ്ങൾ വേഗത്തിലാവുന്നത്.












Click it and Unblock the Notifications