ബെംഗളൂരു ഭീകരാക്രമണ നീക്കം; തടിയന്റവിട നസീറിനെ പോലീസ് കസ്റ്റഡിയിലെടുത്തു
ബെംഗളൂരു: തടിയന്റവിട നസീറിനെ ബെംഗളൂരു ഭീകരാക്രമണ നീക്കത്തില്‍ കസ്റ്റഡയിലെടുത്ത് പോലീസ്. ഇയാളെ ജയിലില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. കര്‍ണാടക ക്രൈംബ്രാഞ്ച് നസീറിനെ ചോദ്യം ചെയ്യും. ആക്രമണത്തിന് പദ്ധതിയിട്ടവര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് നസീറിനെ കസ്റ്റഡിയിലെടുത്തത്. ബെംഗളൂരു നഗരത്തില്‍ ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ട ഒരു സംഘം യുവാക്കളെ നേരത്തെ പോലീസ് പിടികൂടിയിരുന്നു.
ഇവരെ തീവ്രവാദത്തിലേക്ക് ആകര്‍ഷിച്ചത് നസീര്‍ ആണെന്ന് മൊഴി നല്‍കിയിട്ടുണ്ട്. മറ്റൊരു കൊലപാതക കേസുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുമ്പോഴാണ് നസീര്‍ പ്രതികളെ പരിചയപ്പെടുന്നത്. 2008ലെ ബെംഗളൂരു സ്‌ഫോടന കേസില്‍ പ്രതിയായ തടിയന്റവിട നസീര്‍ പരപ്പന അഗ്രഹാര ജയിലിലാണ് ഉള്ളത്. അതേസമയം പത്ത് പേര്‍ അടങ്ങുന്ന സംഘമാണ് ഭീകരാക്രമണത്തിന് പദ്ധതിയിട്ടതെന്നാണ് പോലീസ് പറയുന്നത്. ഇവര്‍ക്ക് ലഷ്‌കര്‍ ഇ ത്വയ്യിബ ഭീകരരുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതായി ക്രൈംബാഞ്ച് പറഞ്ഞിരുന്നു.

വലിയ ആയുധ ശേഖരവും ഇവരില്‍ നിന്ന് പോലീസ് പിടിച്ചെടുത്തിരുന്നു. ആക്രമണ പദ്ധതിയുടെ സൂത്രധാരന്‍ നസീര്‍ ആയിരുന്നുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. പത്ത് പേര്‍ അടങ്ങുന്ന ഭീകര സംഘത്തിലെ അഞ്ച് പേരാണ് അറസ്റ്റിലായത്. ബാക്കി അഞ്ച് പേര്‍ക്കായുള്ള അന്വേഷണം തുടരുകയാണെന്ന് ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണര്‍ ബി ദയാനന്ദ് വ്യക്തമാക്കി. കൊലക്കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ പ്രതികള്‍ കുറച്ച് വര്‍ഷങ്ങളായി ഭീകരാക്രമണത്തിന് പദ്ധതിയിട്ട് വരികയായിരുന്നു. അതിന്റെ ഭാഗമായിട്ടാണ് ആയുധങ്ങളും, സ്‌ഫോടകവസ്തുക്കളുമെല്ലാം ശേഖരിച്ച് തുടങ്ങിയതെന്നും പോലീസ് പറഞ്ഞു.












Click it and Unblock the Notifications