ബെംഗളൂരു-പൂനെ ഗ്രീൻഫീൽഡ് എക്‌സ്പ്രസ് ഹൈവേ; സാധ്യതകൾ തെളിയുന്നു, യാത്രാസമയം 7 മണിക്കൂറാവും!
ബെംഗളൂരു: ഏകദേശം മൂന്ന് വർഷത്തെ അനിശ്ചിതത്വത്തിന് ശേഷം, നിർദ്ദിഷ്‌ട പൂനെ-ബെംഗളൂരു ഗ്രീൻഫീൽഡ് അതിവേഗ പാതയ്ക്ക് വീണ്ടും ജീവൻ വയ്ക്കുന്നു. 2026-ന്റെ ആദ്യ പാദത്തിൽ കേന്ദ്ര മന്ത്രിസഭ പദ്ധതിക്ക് അനുമതി നൽകിയേക്കുമെന്നാണ് സൂചന. 2023 മുതൽ അംഗീകാരം കാത്തിരിക്കുന്ന ഈ ആക്‌സസ് നിയന്ത്രിത പാത, നിലവിലുള്ള പൂനെ-ബെംഗളൂരു ദേശീയപാത 48-ലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് നിർണായക പരിഹാരമായി കണക്കാക്കപ്പെടുന്നു.
ഈ വമ്പൻ പദ്ധതിയെക്കുറിച്ച് കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി പലതവണ സംസാരിച്ചെങ്കിലും, വർഷങ്ങളായി പ്രഖ്യാപനങ്ങളുണ്ടായിട്ടും അന്തിമ അനുമതി ലഭിച്ചിട്ടില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. മന്ത്രിസഭ അംഗീകരിച്ചാൽ മാത്രമേ ഭൂമി ഏറ്റെടുക്കൽ നടപടികൾ തുടങ്ങാനാകൂ എന്നതാണ് നിലവിലെ സാഹചര്യം. ഈ പ്രക്രിയയ്ക്ക് ഏകദേശം രണ്ട് വർഷമെടുക്കുമെന്നാണ് ഉദ്യോഗസ്ഥർ സാക്ഷ്യപ്പെടുത്തുന്നത്.

പൂനെയേയും ബെംഗളൂരുവിനെയും ബന്ധിപ്പിക്കുന്ന ദേശീയപാത 48-ലെ കനത്ത ഗതാഗതത്തിരക്ക് കണക്കിലെടുത്ത് ഈ പാത അതിപ്രധാനമായി കണക്കാക്കുന്നു. നിലവിലെ ഹൈവേയിലെ തുടർച്ചയായ നിർമ്മാണങ്ങൾ യാത്രാവേഗത കുറച്ച്, യാത്രക്കാർക്കും ചരക്ക് ഓപ്പറേറ്റർമാർക്കും യാത്രാസമയം വർധിപ്പിച്ചിരുന്നു. ഈ ദുരവസ്ഥയിൽ നിന്നൊരു മോചനമാണ് നിർദ്ദിഷ്‌ട ഗ്രീൻഫീൽഡ് ഹൈവേയിലൂടെ കൊണ്ട് വരാൻ ശ്രമിക്കുന്നത്.
ബെംഗളൂരു-പൂനെ ഗ്രീൻഫീൽഡ് ഹൈവേ
പൂർത്തിയായാൽ, 700 കിലോമീറ്റർ ദൈർഘ്യമുള്ള, ആറുവരിപ്പാതയുള്ള ഈ ഗ്രീൻഫീൽഡ് അതിവേഗ പാത യാത്രാസമയം ഗണ്യമായി കുറയ്ക്കുമെന്നതാണ് പ്രധാന കാര്യം. പൂനെ ഔട്ടർ റിംഗ് റോഡിൽ നിന്ന് ബെംഗളൂരുവിലെ സാറ്റലൈറ്റ് ടൗൺ റിംഗ് റോഡിലേക്ക് ഏകദേശം ഏഴ് മണിക്കൂർ കൊണ്ട് എത്താനാകും എന്നാണ് കരുതുന്നത്.
മന്ത്രിസഭാ അംഗീകാരം ലഭിച്ചാലേ പദ്ധതിക്ക് യഥാർത്ഥ തുടക്കമാകൂ എന്ന് അധികൃതർ പറയുന്നു. വിശദമായ ഭൂമി ഏറ്റെടുക്കൽ, പാത അന്തിമമാക്കൽ, പ്രാഥമിക ജോലികൾ എന്നിവ തുടർന്ന് നടക്കും. അങ്ങനെയെങ്കിൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് കുറച്ചുവർഷങ്ങൾകൂടി വേണ്ടിവരുമെന്നാണ് സൂചന. തന്ത്രപ്രധാനമായ ഈ പാത അതുവരെ കടലാസ്സിൽ ഒതുങ്ങുമെന്ന് അർത്ഥം.
പൂനെ-ബെംഗളൂരു ഇടനാഴിയിലെ താമസക്കാരും റോഡ് ഉപയോക്താക്കളും വേഗത്തിലുള്ള അംഗീകാരത്തിനായി കിണഞ്ഞ് പരിശ്രമിക്കുകയാണ്. 'മഹാരാഷ്ട്രയിലേയും കർണാടകയിലേയും ഈ മേഖലയിലെ എല്ലാ ആളുകളും ഈ നിർണായക ഗ്രീൻഫീൽഡ് അതിവേഗ പാതയ്ക്ക് വേഗത്തിൽ അനുമതി നൽകാൻ ആത്മാർത്ഥമായി അഭ്യർത്ഥിക്കുന്നു' എന്നാണ് കൂടുതൽ പേരും അഭിപ്രായപ്പെടുന്നത്.
2026ൽ പ്രതീക്ഷിക്കുന്നതുപോലെ അംഗീകാരം ലഭിക്കുകയാണെങ്കിൽ, വർഷങ്ങളായി വൈകിയ പൂനെ-ബെംഗളൂരു ഗ്രീൻഫീൽഡ് അതിവേഗ പാത വാഗ്‌ദാനനത്തിൽ നിന്ന് യാഥാർത്ഥ്യത്തിലേക്ക് മാറും എന്നതാണ് കാര്യം. ഇത് ഇന്ത്യയിലെ ഏറ്റവും വലിയ രണ്ട് നഗരങ്ങളെ ബന്ധിപ്പിക്കുന്ന വേഗതയേറിയതും സുരക്ഷിതവും സുഗമവുമായ പുതിയ പാതയാക്കി മാറ്റും.
ഈ പാതയുടെ ഏകദേശം 206 കിലോമീറ്റർ മഹാരാഷ്ട്രയിലാണ് കടന്നുപോവുക. നിയന്ത്രിത ആക്‌സസും ആസൂത്രിത വേഗത പരിധി മണിക്കൂറിൽ 120 കിലോമീറ്ററും ഉള്ള അതിവേഗ യാത്രയ്‌ക്കായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഒന്നാണ് ഈ ഇടനാഴി. അതുകൊണ്ട് തന്നെ നിലവിലുള്ള, വളരെ തിരക്കേറിയപൂനെ-ബെംഗളൂരു ഹൈവേയിലെ തടസങ്ങൾ ഒരുപരിധി വരെ മറികടക്കാൻ ഈ പാത വരുന്നതോടെ കഴിയുമെന്നാണ് കരുതുന്നത്.












Click it and Unblock the Notifications