ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ
ബെംഗളൂരു: നിർദ്ദിഷ്‌ട ബിദാദി സംയോജിത ടൗൺഷിപ്പിനായുള്ള ഭൂമി ഏറ്റെടുക്കലിന്റെ അന്തിമ വിജ്ഞാപനം ഉടൻ പുറത്തിറക്കിയേക്കും. ബംഗളുരു സൗത്ത് ജില്ലയിലെ ഒമ്പത് ഗ്രാമങ്ങളിലായി ഏകദേശം 7400 ഏക്കർ ഭൂമി ഏറ്റെടുക്കാനുള്ള നീക്കവുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോവുകയാണ്. നിയമപരമായ ഏറ്റെടുക്കൽ പ്രക്രിയയുടെ ഭാഗമായി ഭൂമി ഏറ്റെടുക്കുന്നവർക്ക് നഷ്‌ടപരിഹാരം ഉൾപ്പെടെ നൽകി കൊണ്ടായിരിക്കും നീക്കം നടക്കും.
മുൻ മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി ഉൾപ്പെടെയുള്ളവരുടെയും ചില കർഷക നേതാക്കളുടെയും സംഘടനകളുടെയും കടുത്ത സമ്മർദ്ദങ്ങൾക്കിടയിലാണ് ഈ തീരുമാനം വരുന്നത്. പദ്ധതിക്കെതിരെ രാഷ്ട്രീയ തലത്തിലും കർഷകർക്കിടയിലും എതിർപ്പുകൾ ശക്തമായി ഉയർന്നുവരുന്നുണ്ട്. ഭൂമിയുമായി ബന്ധപ്പെട്ട വിവരങ്ങൾ ഗ്രേറ്റർ ബംഗളുരു ഡെവലപ്‌മെന്റ് അതോറിറ്റി (ജിബിഡിഎ) സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്.

ഈ നിർദ്ദേശം ഇപ്പോൾ മന്ത്രിസഭയുടെ അംഗീകാരം കാത്തിരിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. ജിബിഡിഎ കമ്മീഷണർ പി. രാജേന്ദ്ര ചോലൻ, മന്ത്രിസഭയുടെ അംഗീകാരം ഏത് നിമിഷവും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വ്യക്തമാക്കി. ഇത് ലഭിക്കുന്ന മുറയ്ക്ക് ആയിരിക്കും പദ്ധതിയുമായി ബന്ധപ്പെട്ട തുടർ നടപടികൾ കൈക്കൊള്ളുക.
'പ്രാഥമിക വിജ്ഞാപനം ഒറ്റയടിക്ക് പുറത്തിറക്കിയ ആദ്യ പദ്ധതിയാണിത്. കഴിഞ്ഞ വർഷം സംയുക്ത അളവെടുപ്പ് സമിതി, ഭൂമി അളക്കുന്നതിനും കെട്ടിടങ്ങൾ വിലയിരുത്തുന്നതിനും അതിരുകൾ രേഖപ്പെടുത്തുന്നതിനുമുള്ള ജോലി പൂർത്തിയാക്കിയിട്ടുണ്ട്' എന്നാണ് രാജേന്ദ്ര ചോളൻ മാധ്യമങ്ങളോട് വ്യക്തമാക്കിയത്.
സാധാരണയായി, പ്രാഥമിക വിജ്ഞാപനം മുതൽ അന്തിമ വിജ്ഞാപനം വരെ രണ്ടോ നാലോ വർഷമാണ് എടുക്കാറുള്ളത്. രേഖകൾ സമർപ്പിക്കാൻ കർഷകർക്ക് അങ്ങോട്ടുമിങ്ങോട്ടും ഓടേണ്ടിവരാത്ത രീതിയിൽ, നഷ്‌ടപരിഹാരം വിതരണം ചെയ്യുമ്പോഴും സമാനമായ സമീപനം സ്വീകരിക്കുമെന്ന് ഒരു ബിഎംആർഡിഎ ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.
അതോറിറ്റി റവന്യൂ വകുപ്പിന്റെ ഡാറ്റാബേസുകളെ ആശ്രയിച്ചതിനാൽ, ഇത്തവണ നടപടികൾ വേഗത്തിലാക്കിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. വർഷങ്ങളായി ചർച്ചയിലുള്ള ഈ ടൗൺഷിപ്പ് പദ്ധതി, ബംഗളുരു നഗരത്തിലെ തിരക്ക് കുറയ്ക്കുന്നതിനുള്ള ഒരു പ്രധാന ശ്രമമായാണ് കണക്കാക്കപ്പെടുന്നത്. കഴിഞ്ഞ വർഷം മാർച്ചിൽ 8943 ഏക്കറിനുള്ള പ്രാഥമിക വിജ്ഞാപനം സർക്കാർ പുറത്തിറക്കിയിരുന്നു.
ഇതിൽ ഏകദേശം 6300 ഏക്കർ സ്വകാര്യ ഭൂമിയും, 1000 ഏക്കറോളം സർക്കാർ ഭൂമിയും, ബാക്കി ജനവാസ മേഖലകളും തടാകങ്ങളുമാണ്. അന്നുമുതൽ പദ്ധതിക്ക് രാഷ്ട്രീയ എതിർപ്പുകൾ നേരിടേണ്ടി വരുന്നുണ്ട്. ജനുവരിയിൽ കേന്ദ്ര ഖനവ്യവസായ, ഉരുക്ക് മന്ത്രി എച്ച്ഡി കുമാരസ്വാമി, ബിദാദിക്കടുത്തുള്ള ഫലഭൂയിഷ്‌ഠമായ ഭൂമി നിയമവിരുദ്ധമായി ഏറ്റെടുക്കാൻ സംസ്ഥാന സർക്കാരിനെ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചിരുന്നു.
ബിദാദി ടൗൺഷിപ്പ് പ്രൊജക്റ്റ്
ബെംഗളൂരുവിൽ നിന്ന് 30 കിലോമീറ്റർ അകലെ ബിദാദിയിൽ സ്ഥാപിക്കുന്ന പുതിയ പദ്ധതിയാണ് ഗ്രേറ്റർ ബെംഗളൂരു ഇന്റഗ്രേറ്റഡ് ടൗൺഷിപ്പ്. 8493 ഏക്കറിൽ 20,000 കോടി രൂപയിലധികം മുതൽമുടക്കിൽ ഒരുങ്ങുന്ന ഈ സംരംഭം, ഇന്ത്യയിലെ ആദ്യത്തെ എഐ സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള സ്‌മാർട്ട് സിറ്റി എന്ന നിലയിലാണ് ഒരുക്കുന്നത്.
'വർക്ക്-ലൈവ്-പ്ലേ' മാതൃകയിൽ വിഭാവനം ചെയ്‌തിരിക്കുന്ന ജിബിഐടി, ആധുനിക താമസ സൗകര്യങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരോഗ്യ കേന്ദ്രങ്ങൾ എന്നിവയോടൊപ്പം സീറോ-കാർബൺ, സീറോ-വേസ്‌റ്റ് അടിസ്ഥാന സൗകര്യങ്ങൾക്കും ഊന്നൽ നൽകും. ഏതാണ്ട് രണ്ട് പതിറ്റാണ്ടുകൾക്ക് മുൻപ്, 2006 മുതൽ പദ്ധതിയുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നുവന്നിരുന്നു.












Click it and Unblock the Notifications