ബെംഗളൂരു നിവാസികളെ ജാഗ്രത; ടോൾ നിരക്കുകൾ കൂടി, മൈസൂരു യാത്ര ചിലവേറും, കാറിന് 355 രൂപയാവും!
ബെംഗളൂരു: യാത്രക്കാർക്ക് ഇരുട്ടടിയായി ബെംഗളൂരു-മൈസൂരു പാതയിൽ ടോൾ ഉയരും. വരുന്ന ഏപ്രിൽ 1 മുതൽ ബെംഗളൂരു-മൈസൂരു അതിവേഗ പാതയിലെ കാർ ടോൾ 3 ശതമാനം വർധിച്ച് 355 രൂപയാകുമെന്നാണ് അറിയിച്ചിരിക്കുന്നത്. വാർഷിക പണപ്പെരുപ്പ സൂചിക അനുസരിച്ചുള്ള നിരക്ക് വർധനവ് സംസ്ഥാനത്തുടനീളമുള്ള 62 ടോൾ പ്ലാസകളിൽ നടപ്പാക്കും.
മൈസൂരുവിലേക്ക് യാത്ര ചെയ്യുന്ന കാറുകൾ, ജീപ്പുകൾ, വാനുകൾ എന്നിവ കണിമിനികെ, ശേഷഗിരിഹള്ളി ടോൾ പ്ലാസകളിൽ 180 രൂപയും ഗണങ്കുരുവിൽ 175 രൂപയും നൽകണം. നേരത്തെ ഇത് യഥാക്രമം 175 രൂപയും 170 രൂപയുമായിരുന്നു. അവിടെ നിന്നാണ് നേരിയ വർധന ഉണ്ടായിരിക്കുന്നത്. ഫലത്തിൽ വലിയ മാറ്റം ഉണ്ടാവില്ലെങ്കിലും ടോൾ കമ്പനികൾക്ക് ഇത് നേട്ടമായിരിക്കും.

മിനിബസുകൾക്കും ലൈറ്റ് കൊമേഴ്സ്യൽ വാഹനങ്ങൾക്കും ടോൾ 555 രൂപയിൽ നിന്ന് 565 രൂപയായി ഉയർത്തി. ട്രക്കുകൾ, ബസുകൾ, ഭാരവാഹനങ്ങൾ എന്നിവയുടെ നിരക്കിലും വർധനവുണ്ട്. സാദുഹള്ളിയിലെ വിമാനത്താവള റോഡ് ടോൾ പ്ലാസയിൽ കാറുകൾക്ക് 120 രൂപ നിലനിർത്തും. ചെറു വാണിജ്യ വാഹനങ്ങകൾക്ക് 5 രൂപ വർധിച്ച് 190 രൂപയും, ട്രക്കുകൾക്കും ബസുകൾക്കും 375 രൂപയുമാണ് പുതിയ നിരക്ക്.
മൾട്ടി-ആക്‌സിൽ വാഹനങ്ങൾക്ക് 15 രൂപ വർധനവോടെ 575 രൂപയും, വലിയ വാഹനങ്ങൾക്ക് 725 രൂപയിൽ നിന്ന് 745 രൂപയും നൽകേണ്ടിവരും. ഹൈദരാബാദ് പാതയിലെ ബാഗേപ്പള്ളി, ഗദ്ദുരു ടോൾ പ്ലാസകളിൽ ചെറു വാണിജ്യ വാഹനങ്ങൾക്കും ഭാരവാഹനങ്ങൾക്കും നിരക്കുയർന്നു; കാറുകൾ, ജീപ്പുകൾ, വാനുകൾ എന്നിവയ്ക്ക് മാറ്റമില്ല.
മറ്റ് റോഡുകളിലും ടോൾ ഉയരും
ബെംഗളൂരു സാറ്റലൈറ്റ് ടൗൺ റിംഗ് റോഡിൽ കാറുകളുടെ ടോൾ 5-6 ശതമാനം വരെ വർധിപ്പിച്ചതായി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ഉദ്യോഗസ്ഥൻ അറിയിച്ചു. ദൊഡ്ഡബല്ലാപുർ ബൈപാസ്-ഹോസ്കോട്ടെ പാതയിലെ നുള്ളൂർ ടോൾ പ്ലാസയിൽ കാറുകൾക്കും വാനുകൾക്കും 85 രൂപ (മുമ്പ് 80 രൂപ) നൽകണം.
ദോബ്സ്പേട്ട്-ദൊഡ്ഡബല്ലാപുർ ബൈപാസ് പാതയിലെ ഹുള്ളികുണ്ടെ ടോൾ പ്ലാസയിൽ നിരക്ക് 105 രൂപയിൽ നിന്ന് 110 രൂപയായി. വലിയ വാഹനങ്ങൾക്ക് ആനുപാതികമായ വർധനവുകളുണ്ട്. ഈ പുതുക്കിയ നിരക്കുകൾ 2027 മാർച്ച് 31 വരെ പ്രാബല്യത്തിലുണ്ടാകും. അതിന് ശേഷം ആയിരിക്കും അടുത്ത വർധന ഉണ്ടവുകയെന്നാണ് വിവരം.
അതേസമയം, ഇലക്ട്രോണിക്‌സ് സിറ്റി ടോൾ പ്ലാസയിലെ നിരക്കുകൾ ജൂലൈയിൽ പരിഷ്‌കരിക്കുമെന്ന് ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു. മറ്റ് ചില ടോൾ പ്ലാസകളിലും ഈ വർഷം നിരക്ക് വർധനവിന് സാധ്യതയുണ്ട്. പ്രകടമായ വർധനവ് ഉണ്ടാവില്ലെങ്കിലും ഒരു വർഷവും നിരക്കുകൾ പരിഷ്‌കരിക്കുന്നത് ഒറ്റയടിക്കുള്ള വർധനവിന്റെ ഭാരത്തിൽ നിന്ന് യാത്രക്കാർക്ക് ആശ്വാസം നൽകുമെന്നതാണ് കാര്യം.












Click it and Unblock the Notifications