നമ്മ മെട്രോ വേറെ ലെവൽ; ബെംഗളൂരുകാർക്ക് മെട്രോയിൽ കേറാൻ കൈയിൽ കാശ് വേണ്ട, ക്യൂആർ പാസ് വരുന്നു!
ബെംഗളൂരു: പുതിയ മാറ്റങ്ങളും പുതിയ രീതികളും ഒക്കെയായി ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് രംഗത്ത് വരികയാണ്. ഇപ്പോഴിതാ മൊബൈൽ ക്യൂആർ കോഡ് അധിഷ്‌ഠിത പീരിയോഡിക്കൽ പാസുകൾ പുറത്തിറക്കിയിരിക്കുകയാണ്. നമ്മ മെട്രോ മൊബൈൽ ആപ്ലിക്കേഷൻ വഴി വ്യാഴാഴ്‌ച മുതൽ ലഭ്യമാകുന്ന ഈ പാസുകൾ ഒന്ന്, മൂന്ന്, അഞ്ച് ദിവസത്തേക്ക് പരിധിയില്ലാത്ത യാത്ര വാഗ്‌ദാനം ചെയ്യുന്നവയാണ് എന്നതാണ് പ്രത്യേകത.
യാത്രക്കാരുടെ സൗകര്യം വർധിപ്പിക്കുന്നതിനും ഡിജിറ്റൽ ടിക്കറ്റിംഗ് പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ബിഎംആർസിഎലിന്റെ നിരന്തര ശ്രമങ്ങളുടെ ഭാഗമാണിത്. നേരത്തെ, ഈ അൺലിമിറ്റഡ് പാസുകൾ 50 തിരികെ ലഭിക്കുന്ന ഡെപ്പോസിറ്റോടുകൂടിയ സ്‌മാർട്ട് കാർഡുകളായി മാത്രമേ ലഭ്യമായിരുന്നുള്ളൂ. അതിനാണ് ഇപ്പോൾ മാറ്റം വരുത്തിയിരിക്കുന്നത്.

പുതിയ മൊബൈൽ ക്യൂആർ പാസുകളിലൂടെ യാത്രക്കാർക്ക് സുരക്ഷാ നിക്ഷേപം ഇല്ലാതെ പരിധിയില്ലാത്ത യാത്ര ആസ്വദിക്കാനാവും. ഫോണുകളിൽ ഡിജിറ്റലായി ലഭ്യമാകുന്ന ഇവ, ഓട്ടോമാറ്റിക് ഫെയർ കളക്ഷൻ ഗേറ്റുകളിൽ ക്യൂആർ കോഡ് സ്‌കാൻ ചെയ്‌ത് യാത്രക്കാർക്ക് സുഗമവും എളുപ്പവുമായ പ്രവേശനം സാധ്യമാക്കുന്നു.
നമ്മ മെട്രോ പാസുകളുടെ നിരക്കുകൾ താഴെ ചേർക്കുന്നു:
ഒരു ദിവസത്തേക്ക് 250രൂപ
മൂന്ന് ദിവസത്തേക്ക് 550 രൂപ
അഞ്ച് ദിവസത്തേക്ക് 850 രൂപ
നിശ്ചിത സമയപരിധിക്കുള്ളിൽ പരിധിയില്ലാത്ത യാത്ര ഈ പാസുകൾ ഉറപ്പാക്കുന്നു. ഈ സൗകര്യം മറ്റ് മൊബൈൽ ആപ്ലിക്കേഷനുകളിലും ഉടൻ ലഭ്യമാക്കും എന്നാണ് അറിയിച്ചിരിക്കുന്നത്. അങ്ങനെ വരുമ്പോൾ കൂടുതൽ പേർക്ക് ഇത് ഉപകാരപ്രദമാവും എന്നാണ് വിലയിരുത്തൽ. അധികം വൈകാതെ തന്നെ കൂടുതൽ ആപ്ലിക്കേഷനുകളിലേക്ക് ഇത് വ്യാപിപ്പിക്കും.
അതേസമയം, സുരക്ഷാ നിക്ഷേപം ഒഴിവാക്കുന്നതിലൂടെയും നമ്മ മെട്രോ ആപ്പ് വഴി എളുപ്പത്തിൽ പാസുകൾ വാങ്ങാനാവുന്നതിലൂടെയും മൊബൈൽ ക്യൂആർ പാസുകൾ കൂടുതൽ ആകർഷകമാണ്. ക്യൂ ഒഴിവാക്കാനും സമയം ലാഭിക്കാനും തടസമില്ലാത്ത യാത്രാനുഭവം നേടാനും ഈ പാസുകളിലേക്ക് മാറാൻ ബിഎംആർസിഎൽ യാത്രക്കാരോട് അഭ്യർത്ഥിക്കുന്നു.
മെട്രോ യാത്രയിൽ നിരക്ക് വർധന വരുന്നു
ഓരോ വർഷവും ടിക്കറ്റ് നിരക്കുകളിൽ അഞ്ച് ശതമാനം വരെ വർധനവ് നിർദ്ദേശിക്കുന്ന ഫെയർ ഫിക്സേഷൻ കമ്മിറ്റി (എഫ്എഫ്‌സി)യുടെ ശുപാർശ പ്രകാരം ഫെബ്രുവരി മുതൽ നമ്മ മെട്രോ നിരക്കുകൾ വാർഷിക വർധനവിന് നിശ്ചയിച്ചതോടെ യാത്രക്കാർ എല്ലാം വളരെയധികം ആശങ്കയിലാണ്. മെട്രോ യാത്രയ്ക്കായി കൂടുതലായി ആശ്രയിക്കുന്നവരെ സംബന്ധിച്ച് നിരക്ക് വർധന തിരിച്ചടിയാണ്.
കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) കുത്തനെയുള്ള നിരക്ക് പരിഷ്‌കരണം നടപ്പിലാക്കി ഒരു വർഷത്തിനു ശേഷമാണ് ഈ നീക്കം. കഴിഞ്ഞ വർഷം ടിക്കറ്റ് നിരക്കുകൾ 71 ശതമാനം വരെ വർധിപ്പിച്ചിരുന്നു. നിലവിൽ നമ്മ മെട്രോ രാജ്യത്തെ തന്നെ ഏറ്റവും ചെലവേറിയ മെട്രോ സംവിധാനമാണ്.












Click it and Unblock the Notifications