ബെംഗളൂരു നിവാസികളെ ആഹ്ളാദിപ്പിൻ; 9 റെയിൽവേ സ്‌റ്റേഷനുകൾക്ക് പുതുരൂപം, വമ്പൻ പദ്ധതികൾ ഒരുങ്ങുന്നു
ബെംഗളൂരു: നഗരവാസികൾ കാത്തിരിക്കുന്ന റെയിൽവേ പദ്ധതികളുടെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഒമ്പത് പ്രധാന റെയിൽവേ സ്‌റ്റേഷനുകൾ ആധുനിക യാത്രാ കേന്ദ്രങ്ങളാക്കാൻ കേന്ദ്രത്തിന്റെ അമൃത് ഭാരത് സ്‌റ്റേഷൻ പദ്ധതിയിൽ വികസനം പുരോഗമിക്കുന്നുവെന്നാണ് അറിയിച്ചിരിക്കുന്നത്. റെയിൽവേ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, സൗത്ത് വെസ്‌റ്റേൺ റെയിൽവേയ്ക്ക് 2025-26-ൽ 572 കോടി രൂപ അനുവദിച്ചു. ഡിസംബർ 2025 വരെ 468 കോടി രൂപ ഇതിനകം ചെലവഴിച്ചു കഴിഞ്ഞു.
ബെംഗളൂരു സൗത്ത് എംപി തേജസ്വി സൂര്യയുടെ ലോക്‌സഭയിലെ ചോദ്യത്തിന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ് മറുപടി നൽകിയതനുസരിച്ച്, ബാംഗ്ലൂർ കാന്റോൺമെന്റ്, കെഎസ്ആർ ബെംഗളൂരു, യശ്വന്ത്പൂർ, മല്ലേശ്വരം, വൈറ്റ്‌ഫീൽഡ്, കൃഷ്‌ണരാജപുരം, കെംഗേരി, ചന്നസാന്ദ്ര, ദൊഡ്ഡബല്ലാപുർ എന്നീ ഒമ്പത് സ്‌റ്റേഷനുകളാണ് പദ്ധതിയിൽ ഉൾപ്പെടുന്നത്. ഇവയെല്ലാം നഗരത്തിലെ സുപ്രധാന സ്‌റ്റേഷനുകളായാണ് കണക്കാക്കുന്നത്.

സ്‌റ്റേഷൻ പ്രവേശനം മെച്ചപ്പെടുത്തുക, വിശ്രമമുറികളും ശുചിമുറികളും നവീകരിക്കുക, വീതിയേറിയ കാൽനട മേൽപ്പാലങ്ങളും എയർ കോൺകോഴ്‌സുകളും നിർമ്മിക്കുക, ലിഫ്റ്റുകൾ, എസ്‌കലേറ്ററുകൾ, ഭിന്നശേഷി സൗഹൃദ സൗകര്യങ്ങൾ ഒരുക്കുക എന്നിവയാണ് വികസന ലക്ഷ്യങ്ങൾ. പാർക്കിംഗ് നവീകരണം, ബഹുമാതൃകാ സംയോജനം, 'ഒരു സ്‌റ്റേഷൻ ഒരു ഉൽപ്പന്നം' കിയോസ്‌കുകൾ, എക്‌സിക്യൂട്ടീവ് ലോഞ്ചുകൾ, ലാൻഡ്സ്കേപ്പിംഗ് എന്നിവയും പദ്ധതിയുടെ ഭാഗമായുണ്ട്.
പ്രധാന സ്‌റ്റേഷനുകളിൽ ഒന്നായ യശ്വന്ത്പൂർ സ്‌റ്റേഷനിൽ പ്രവേശന പ്ലാസ, എലിവേറ്റഡ് റോഡ്, മൾട്ടി ലെവൽ കാർ പാർക്കിംഗ് എന്നിവയുടെ ജോലികൾ പൂർത്തിയാക്കി. പടിഞ്ഞാറ് ഭാഗത്തെ കെട്ടിടത്തിന്റെ ഫിനിഷിംഗ്, ഘടനാപരമായ വികസനം എന്നിവ പുരോഗമിക്കുന്നു. ബാംഗ്ലൂർ കാന്റോൺമെന്റിൽ 24 മീറ്റർ വീതിയുള്ള വഴി തിരിക്കൽ റോഡ്, പരിശീലന കേന്ദ്രം, തെക്ക് ഭാഗത്തെ കെട്ടിടത്തിന്റെ ഘടനാപരമായ ജോലികളും പൂർത്തീകരിച്ചു. ഫിനിഷിംഗ്, കാൽനട മേൽപ്പാലം നിർമ്മാണം നടന്നുവരികയാണ്.
വൈറ്റ്ഫീൽഡ് സ്‌റ്റേഷനിൽ ചുറ്റുമതിൽ, മെച്ചപ്പെട്ട പാർക്കിംഗ്, പ്ലാറ്റ്‌ഫോം ഷെൽട്ടറുകൾ, ലേഡീസ് വെയിറ്റിംഗ് ഹാൾ എന്നിവ പൂർത്തിയായി. അധിക ഷെൽട്ടറുകൾ, ഫുഡ് പ്ലാസ, പുതിയ മേൽക്കൂര, 12 മീറ്റർ വീതിയുള്ള കാൽനട മേൽപ്പാലം എന്നിവയുടെ ജോലികൾ പുരോഗമിക്കുന്നു. കൃഷൻരാജപുരം, കെംഗേരി, ദൊഡ്ഡബല്ലാപുർ എന്നിവിടങ്ങളിൽ അധിക പ്രവേശന കവാടങ്ങൾ, പാർക്കിംഗ് മെച്ചപ്പെടുത്തൽ, വിശ്രമമുറികൾ, പ്ലാറ്റ്‌ഫോം ഷെൽട്ടറുകൾ എന്നിവയുടെ നിർമ്മാണം പുരോഗമിക്കുകയാണ്.
ഓരോ സ്‌റ്റേഷന്റെയും മാസ്‌റ്റർ പ്ലാനിനനുസരിച്ച് ഘട്ടംഘട്ടമായാണ് വികസനം നടക്കുന്നത്. എന്നാൽ ചട്ടപരമായ അനുമതികൾ, യൂട്ടിലിറ്റികൾ മാറ്റിവെക്കൽ, തടസമില്ലാത്ത ട്രെയിൻ സർവീസുകൾ ഉറപ്പാക്കൽ തുടങ്ങിയ വെല്ലുവിളികൾ കാരണം പൂർത്തീകരണത്തിനുള്ള സമയപരിധി പ്രഖ്യാപിച്ചിട്ടില്ല.
കാലതാമസം, ചെലവ് വർധന എന്നിവ ഒഴിവാക്കാൻ പ്രത്യേക റെയിൽവേ പോർട്ടൽ വഴി പദ്ധതികൾ നിരീക്ഷിക്കുന്നുണ്ടെന്നാണ് അധികൃതർ അറിയിച്ചത്.
രാജ്യത്ത് ആകമാനം അമൃത് ഭാരത് പദ്ധതിയുടെ ഭാഗമായി വലിയ രീതിയിൽ പല സ്‌റ്റേഷനുകളുടെയും നവീകരണം നടക്കുന്നുണ്ട്. കോടിക്കണക്കിന് രൂപ ചിലവഴിച്ചാണ് ഇത്തരത്തിൽ ഇവയുടെ നിർമ്മാണം നടത്തി വരുന്നത്. ബെംഗളൂരു നഗരത്തെ സംബന്ധിച്ച് ഇത് വലിയ ആശ്വാസമാണ് യാത്രക്കാർക്ക് നൽകുക. അത് കൂടി കണക്കിലെടുത്ത് കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കണം ഇത്തരം പ്രവർത്തനങ്ങൾ എന്നാണ് ആവശ്യം.












Click it and Unblock the Notifications