ബെംഗളൂരുവിലെ യാത്രക്കാർ ഇനിയും കാത്തിരിക്കണം; 2 റെയിൽവേ സ്‌റ്റേഷനുകളുടെ നവീകരണം ഇഴയുന്നു, കാരണം?
ബെംഗളൂരു: അടുത്തകാലത്തായി ബെംഗളൂരു നഗരത്തിന് ഉണ്ടായിരിക്കുന്ന വലിയൊരു മാറ്റം അവിടുത്തെ അടിസ്ഥാന സൗകര്യങ്ങളിലെ, പ്രത്യേകിച്ച് യാത്രാ സൗകര്യങ്ങളിലെ മാറ്റമാണ്. അതിനായി പുതിയ റോഡുകൾ, പാലങ്ങൾ എന്നിവ നിർമ്മിക്കുകയും പഴയവ പുതുക്കി പണിയുകയും ഒക്കെ ചെയ്യുന്നുണ്ട്. ഇതിന് പുറമേയാണ് മെട്രോ, ട്രെയിൻ ഗതാഗത സൗകര്യങ്ങൾ വർധിപ്പിക്കുന്നത്. ഇത് കൂടാതെ ബെംഗളൂരുവിലെ പ്രധാന റെയിൽവേ സ്‌റ്റേഷനുകളിലും ജോലികൾ പുരോഗമിക്കുന്നു.
എന്നാൽ നഗരത്തിലെ പ്രധാനപ്പെട്ട രണ്ട് റെയിൽവേ സ്‌റ്റേഷനുകളായ ബെംഗളൂരു കാന്റോൺമെന്റ്, യശ്വന്ത്പുർ എന്നിവയുടെ പുനർവികസന പ്രവർത്തനങ്ങൾ മുൻ നിശ്ചയിച്ച പ്രകാരമുള്ള സമയ പരിധിയിൽ പൂർത്തിയാവില്ലെന്ന് ഉറപ്പായിരിക്കുകയാണ്. ഇരു പദ്ധതികളും വർഷാവസാനത്തോടെ മാത്രമേ പൂർത്തിയാകൂ എന്നാണ് അധികൃതർ ഇപ്പോൾ വ്യക്തമാക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി 2022-ൽ ഉദ്ഘാടനം ചെയ്‌ത ബിഎൻസിയിലെ ജോലികൾ 2025 ഒക്ടോബറോടെ പൂർത്തിയാക്കാനായിരുന്നു നിശ്ചയിച്ചത്. എന്നാൽ, റെയിൽവേ ഉദ്യോഗസ്ഥർ നൽകുന്ന വിവരമനുസരിച്ച്, പദ്ധതിയുടെ 60 ശതമാനം മാത്രമാണ് ഇതുവരെ പൂർത്തിയായത്. ശേഷിക്കുന്ന ജോലികൾ ഈ വർഷാവസാനത്തിനുള്ളിൽ പൂർത്തിയാക്കാം എന്ന പ്രതീക്ഷയിലാണ് അധികൃതർ.
പ്രതിദിനം 19,000 യാത്രക്കാർ വരുന്ന സ്‌റ്റേഷനാണ് ബെംഗളൂരു കാന്റോൺമെന്റ് സ്‌റ്റേഷൻ. ഇവിടെ ഏകദേശം 484.58 കോടി രൂപ ചെലവഴിച്ചാണ് നവീകരണം നടക്കുന്നത്. തെക്ക് ഭാഗത്ത് പുതിയ പ്രധാന കെട്ടിടവും മില്ലേഴ്‌സ് റോഡിൽ രണ്ടാമതൊരു പ്രവേശന കവാടവും ഉൾപ്പെടെ വിപുലമായ നവീകരണങ്ങൾ ഇവിടെ നടപ്പാക്കുന്നുണ്ട്.
ഈ പനവീകരണ പദ്ധതിയിൽ യാത്രക്കാർക്ക് എയർ കോൺകോഴ്‌സ്, മൂന്ന് പുതിയ കാൽനട മേൽപ്പാലങ്ങൾ, ഒരു പ്രത്യേക കാൽനട മേൽപ്പാലം എന്നിവ ഉൾപ്പെടുന്നു. വടക്കും തെക്കും ഭാഗങ്ങളിൽ ബേസ്മെന്റ് പാർക്കിംഗ് സൗകര്യങ്ങളും ഒരുക്കുമെന്നാണ് ഉദ്യോഗസ്ഥർ അറിയിച്ചത്. ഇവിടെ ജോലികൾ പകുതിയിലേറെ പൂർത്തിയാക്കി കഴിഞ്ഞു.
അതുപോലെ തന്നെ 377.86 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന യശ്വന്ത്പുർ സ്‌റ്റേഷന്റെ നവീകരണത്തിലും പ്രതീക്ഷിച്ചതിലും കാലതാമസം നേരിടുന്നുണ്ട്. 67 ശതമാനം ജോലികൾ മാത്രമാണ് ഇതുവരെ പൂർത്തിയായത്. 2025 ജൂലൈയിൽ ഈ പദ്ധതി പൂർത്തിയാക്കാനായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാൽ പിന്നീട് കാലാവധിനീട്ടി നീട്ടുകയായിരുന്നു.
യശ്വന്ത്പൂർ സ്‌റ്റേഷന്റെ കിഴക്ക് ഭാഗത്ത് ലിനൻ സ്‌റ്റോറും റെയിൽവേ സംരക്ഷണ സേന, സർക്കാർ റെയിൽവേ പോലീസ് (ജിആർപി) കെട്ടിടങ്ങളും പൂർത്തിയായി. 90 കാറുകൾക്കും 88 ഇരുചക്ര വാഹനങ്ങൾക്കും സൗകര്യമുള്ള ബഹുനില കാർ പാർക്കിംഗ് സൗകര്യത്തിന്റെ നിർമ്മാണമാണ് ഇവിടെ നടന്നുകൊണ്ടിരിക്കുന്നത്.
പാർക്കിംഗ് കേന്ദ്രത്തിൽ അഞ്ച് കാർ ലിഫ്റ്റുകൾ, രണ്ട് യാത്രക്കാരുടെ ലിഫ്റ്റുകൾ, ഒരു ഇലക്ട്രിക് വാഹന ചാർജിംഗ് സ്‌റ്റേഷൻ, ടിക്കറ്റ് കൗണ്ടറുകൾ, വാണിജ്യ ഇടം എന്നിവയും ഉണ്ടാവും. പദ്ധതികൾ പൂർത്തിയാവുന്നതോടെ ബെംഗളൂരു നഗരത്തിലെ റെയിൽവേ യാത്രക്കാർക്ക് കാര്യമായ ഗുണമാവും ലഭിക്കുക. എങ്കിലും ഈ രണ്ട് പദ്ധതികളുടെയും കൃത്യമായ സമയപരിധി ഇതുവരെയും അറിയിച്ചിട്ടില്ല എന്നതാണ് ആശങ്ക ഉണ്ടാക്കുന്ന കാര്യം.












Click it and Unblock the Notifications