Get Updates
Get notified of breaking news, exclusive insights, and must-see stories!

ബെംഗളൂരു നിവാസികളെ ഇനി ട്രാഫിക് ബ്ലോക്ക് ഭയക്കേണ്ട; ഇബ്ലൂർ ജംഗ്ഷനിൽ ഫ്ലൈഓവർ വരുന്നു, അതും 800 മീറ്ററിൽ!

ബെംഗളൂരു: നഗരത്തിലെ തന്ത്രപ്രധാനമായ മേഖലകളിലൂടെ കടന്നുപോവുന്ന റോഡാണ് ഔട്ടർ റിംഗ് റോഡ്. എന്നിട്ടും ഇവിടെ ഗതാഗത കുരുക്ക് എന്നും യാത്രക്കാരുടെ പേടി സ്വപ്‍നമായിരുന്നു. നഗരം ഇത്രയൊക്കെ പുരോഗമിച്ചിട്ടും അതിനൊരു അപവാദം പോലെ കിടക്കുന്ന ഒട്ടേറെ ഭാഗങ്ങൾ ഒആർആറിലും ധാരാളമുണ്ട്. അത്തരത്തിൽ ഒരിടമാണ് ഇബ്ലൂർ ജംഗ്‌ഷൻ. ഇപ്പോഴിതാ അവിടുത്തെ ഗതാഗത പ്രശ്‌നങ്ങൾക്ക് പരിഹാരമാവുകയാണ്.

ഔട്ടർ റിംഗ് റോഡിലെ ഇബ്ലൂർ ജംഗ്ഷനിൽ പുതിയൊരു ഫ്ലൈഓവർ നിർമ്മിക്കുന്നതിനുള്ള രൂപരേഖ തയ്യാറാക്കാൻ ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി (ജിബിഎ) ചീഫ് കമ്മീഷണർ എം മഹേശ്വർ റാവു ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരിക്കുകയാണ് ഇപ്പോൾ. മാറത്തഹള്ളി-എച്ച്എസ്ആർ റൂട്ടിലെ, പ്രത്യേകിച്ച് ഇബ്ലൂരിലെ കൂടി വരുന്ന ഗതാഗതക്കുരുക്ക് കണക്കിലെടുത്ത് ഇത് ലഘൂകരിക്കുന്നതിന് വേണ്ടിയാണ് ഫ്ലൈഓവർ കൊണ്ട് വരുന്നത്.

bengaluru

'ഇബ്ലൂർ ജംഗ്ഷനിലെ ഫ്ലൈഓവർ നിർമ്മാണം ഗതാഗതക്കുരുക്ക് കുറയ്ക്കും' എന്നാണ് മഹേശ്വർ റാവു പറയുന്നത്. 800 മീറ്റർ നീളമുള്ള ഈ ഫ്ലൈഓവർ പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ചുരുങ്ങിയ സമയത്തിനുള്ളിൽ നിർമ്മിക്കാനാണ് ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ഏകദേശ ചെലവ്, പൂർത്തീകരണ സമയം, നിർമ്മാണ മാതൃക എന്നിവ വിശദമായ രൂപരേഖയിൽ ഉൾപ്പെടുത്താനും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

സിൽക്ക് ബോർഡ് ജംഗ്ഷൻ മുതൽ കെആർ പുരം വരെയുള്ള നഗരത്തിലെ ഒആർആർ സമഗ്രമായി വികസിപ്പിക്കാനുള്ള നിർദേശവും പരിഗണനയിലുണ്ട്. ഇതിൽ സിൽക്ക് ബോർഡ് ജംഗ്ഷനിൽ ഉയരം കൂടിയ കാൽനട ക്രോസിംഗുകൾ (എച്ച്ആർപിസി) സ്ഥാപിക്കലും വെള്ളപ്പൊക്കം തടയാനുള്ള നടപടികളും ഉൾപ്പെടുന്നു.

ബെംഗളൂരു സൗത്ത് സിറ്റി കോർപ്പറേഷൻ (ബിഎസ്സിസി), ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) എന്നിവയുമായി സഹകരിച്ച് വികസനം നടപ്പാക്കാനും ജിബിഎ ചീഫ് കമ്മീഷണർ നിർദ്ദേശിച്ചു. നിലവിൽ ഇബ്ലൂർ ജംഗ്ഷനിൽ നടക്കുന്ന മെട്രോ പൈൽ ക്യാപ് ജോലികൾ വാഹന ഗതാഗതത്തെ തടസപ്പെടുത്താതെ വേഗത്തിൽ പൂർത്തിയാക്കണമെന്ന് മഹേശ്വർ റാവു ആവശ്യപ്പെട്ടു.

ഒആർആർ സർവീസ് റോഡ്, കാൽനട പാത എന്നിവ വികസിപ്പിച്ച് ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനുള്ള പദ്ധതിയും തയ്യാറാക്കുന്നു. ബിഎംആർസിഎൽ, ബെംഗളൂരു സ്‌മാർട്ട് ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡ് (ബി-സ്മൈൽ) ഉദ്യോഗസ്ഥരുമായി ചേർന്ന് കാൽനട പാതകളും മീഡിയനുകളും നിർമ്മിക്കുന്നുണ്ട്.

നിലവിലുള്ള ജോലികൾ കൃത്യമായി പൂർത്തിയാക്കാൻ വിശദമായ പദ്ധതി റിപ്പോർട്ട് (ഡിപിആർ) അന്തിമമാക്കാനും അദ്ദേഹം നിർദേശിച്ചു. ഇബ്ലൂർ മെട്രോ സ്‌റ്റേഷനു സമീപം (സിൽക്ക് ബോർഡ് ജംഗ്ഷൻ ഭാഗത്ത്) ഏകദേശം 2 കിലോമീറ്റർ നീളമുള്ള കാൽനട പാതയുടെ ചില ഭാഗങ്ങൾ അറ്റകുറ്റപ്പണിയില്ലാതെയും അപൂർണമായും കിടക്കുന്നത് പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. അതിനാൽ തന്നെ ഈ പാത വികസിപ്പിക്കാനും അദ്ദേഹം ഉത്തരവിട്ടു.

കൂടുതൽ ഇടങ്ങളിൽ പരിശോധനയുമായി ജിബിഎ

കോർപ്പറേഷൻ, ട്രാഫിക് പോലീസ് ഉദ്യോഗസ്ഥർ സംയുക്തമായി ഒആർആർ പരിശോധിക്കുകയും ആവശ്യമായ കാൽനട മേൽപ്പാലങ്ങളുടെ (സ്‌കൈവാക്കുകൾ) പട്ടിക സമർപ്പിക്കുകയും വേണമെന്നാണ് അദ്ദേഹത്തിന്റെ നിർദ്ദേശം. ഈ മേൽപ്പാലങ്ങളുടെ രൂപകൽപ്പനയും അവയ്ക്ക് ആവശ്യമായ ഫണ്ടിന്റെ ഏകദേശ കണക്കും തയ്യാറാക്കാൻ റാവു ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.

ഹൂഡിക്ക് സമീപമുള്ള ഒആർആറിൽ നടത്തിയ പരിശോധനയിൽ, ഹൂഡി സർക്കിളിന് സമീപം ഒരു ഫ്ലൈഓവർ നിർമ്മിക്കേണ്ടതുണ്ടെന്നും അതിനായി ഭൂമി ഏറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കണമെന്നും നിർദ്ദേശമുണ്ട്. അദ്ദേഹത്തിനൊപ്പം തന്നെ മറ്റ് ഉന്നത ഉദ്യോഗസ്ഥരും പരിശോധന നടത്തിയിരുന്നു. ഇബ്ലൂർ ജംഗ്ഷനിൽ ഫ്ലൈഓവർ വന്നാൽ ഇത് വലിയ രീതിയിൽ യാത്രക്കാർക്ക് ആശ്വാസമാകും എന്നുറപ്പാണ്. അത്രയധികം ഗതാഗത കുരുക്ക് അനുഭവപ്പെടുന്ന ഇടമാണിത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+