ഈജിപുര ഫ്ലൈഓവർ ജൂണിലും തുറന്നുകൊടുക്കില്ല; പണി പൂർത്തിയായില്ല, ബെംഗളൂരു നിവാസികൾക്ക് തിരിച്ചടി
ബെംഗളൂരു: നഗരവാസികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈജിപുര മേൽപ്പാലം പദ്ധതി നിശ്ചയിച്ച ജൂൺ സമയപരിധിയിൽ പൂർത്തിയാവില്ലെന്ന് സൂചന. വാഹനയാത്രക്കാർക്കായി പാലം ഓഗസ്‌റ്റിൽ മാത്രമേ തുറന്നുകൊടുക്കാൻ സാധ്യതയുള്ളൂവെന്നാണ് ഏറ്റവും ഒടുവിൽ ലഭ്യമാവുന്ന വിവരം. നേരത്തെ ഭൂമിയേറ്റെടുക്കലുമായി ബന്ധപ്പെട്ട തടസങ്ങളും എഞ്ചിനീയർമാരുടെ സ്ഥലംമാറ്റവും കാരണം മാർച്ചിലെ സമയപരിധിയും പദ്ധതിക്ക് പാലിക്കാനായിരുന്നില്ല.
നിർമ്മാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണെന്നും മേൽപ്പാലം ഓഗസ്‌റ്റിൽ പൊതുജനങ്ങൾക്ക് തുറന്നുനൽകുമെന്നും സൈറ്റിലെ എഞ്ചിനീയർമാർ പറയുന്നു. 2017-ൽ സിംപ്ലക്‌സ് ഇൻഫ്രാസ്ട്രക്ച്ചർ ആരംഭിച്ച പദ്ധതി അവർ പിന്നീട് ഉപേക്ഷിക്കുകയായിരുന്നു. തുടർന്ന് ഗതാഗത മന്ത്രി ആർ. രാമലിംഗ റെഡ്ഡിയുടെ ശക്തമായ ഇടപെടലോടെയാണ് പദ്ധതിക്ക് ജീവൻ വെച്ചത്.

ഹൈദരാബാദ് ആസ്ഥാനമായ ബൊളിനേനി സീനയ്യ കമ്പനി പ്രൈവറ്റ് ലിമിറ്റഡിനെ നിർമ്മാണം 2024-ൽ 15 മാസത്തിനുള്ളിൽ പൂർത്തിയാക്കാൻ ചുമതലപ്പെടുത്തി. ഈജിപുര മെയിൻ റോഡിലൂടെ കടന്നുപോകുന്ന 2.38 കിലോമീറ്റർ നീളമുള്ള ഈ മേൽപ്പാലത്തിന് ആകെ 762 സെഗ്മെന്റുകളാണ് സ്ഥാപിക്കേണ്ടത്. അതിൽ ഏകദേശം 20 സെഗ്മെന്റുകൾ കൂടി സ്ഥാപിക്കാനുണ്ടെന്നാണ് വിവരം.
കൂടാതെ വേറെയും ജോലികൾ ഇവിടെ പൂർത്തിയാക്കാനുണ്ട്. ഇതോടെയാണ് പാലം മൺസൂണിന് മുൻപ് തുറക്കാനുള്ള സാധ്യത ഇല്ലെന്ന് റിപ്പോർട്ടുകൾ വരുന്നത്. സെന്റ് ജോൺസ് ജംഗ്ഷനിൽ പിയർ ജോലികൾ ഇപ്പോഴാണ് ആരംഭിച്ചത്, അതിനാൽ ഇത് പൂർത്തിയാക്കാൻ ഏതാനും ആഴ്‌ചകൾ കൂടി വേണ്ടിവരുമെന്നാണ് എഞ്ചിനീയർമാർ പറയുന്നത്.
മേൽപ്പാലത്തിന്റെ ഡോംലൂർ ഭാഗത്തെയും കേന്ദ്രീയ സദനിലെയും അപ്പർ റാംപ്, ഡൗൺ റാംപ് എന്നിവയുടെ ജോലികൾ ആരംഭിച്ചിട്ടുണ്ടെന്നും എഞ്ചിനീയർമാർ കൂട്ടിച്ചേർത്തു. മണ്ണ് ഉറയ്ക്കുന്നതിന് സമയമെടുക്കും. ഇന്റർലോക്കിംഗ് സൈഡ് വാളുകൾ സ്ഥാപിച്ച ശേഷം അപ്പർ റാംപിലേക്കും ഡൗൺ റാംപിലേക്കും ബിറ്റുമിൻ ചേർക്കുമെന്നാണ് വിവരം.
ഈജിപുര ഫ്ലൈ ഓവർ
ഇന്നർ റിംഗ് റോഡിലും ഹോസൂർ റോഡ് ജംഗ്ഷന് സമീപം കോറമംഗല കേന്ദ്രീയ സദനിലുമായി പ്രവേശന/പുറത്തുകടക്കൽ റാമ്പുകളുള്ള 2.38 കിലോമീറ്റർ നീളമുള്ളതാണ് ഈ ഫ്ലൈഓവർ. ഇന്നർ റിംഗ് റോഡിനും കോറമംഗലയ്ക്കും ഹോസൂർ റോഡിലെ ദേശീയപാതയ്ക്കും ഇടയിലുള്ള കനത്ത ഗതാഗതം സുഗമമാക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ഇത്. എന്നാൽ പദ്ധതി പ്രതീക്ഷിച്ച വേഗത്തിൽ മുന്നോട്ട് പോവാത്തതിനാൽ ഏറെ നാളായി യാത്രക്കാർ ദുരിതത്തിൽ ആയിരുന്നു.
കിഴക്കൻ ബെംഗളൂരുവിൽ നിന്നുള്ള ഐടി തൊഴിലാളികളും മറ്റുള്ളവരും തെക്ക് കിഴക്കൻ ബെംഗളൂരുവിലെ ഇലക്‌ട്രോണിക് സിറ്റി പോലുള്ള ജോലിസ്ഥലങ്ങളിലേക്ക് എത്താൻ ഈ പാതയാണ് പ്രധാനമായും ഉപയോഗിക്കുന്നത്. എന്നിട്ടും പദ്ധതി യഥാസമയം പൂർത്തിയാക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക് കഴിഞ്ഞിട്ടില്ലെന്നതാണ് ആശങ്ക ഉണ്ടാക്കുന്ന കാര്യം. ഇപ്പോഴിതാ ജൂണിലും പാത തുറക്കില്ലെന്ന് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു.
ബെംഗളൂരുകാരുടെ തമാശ
ബെംഗളൂരുവിൽ ദീർഘകാലമായി മുടങ്ങിക്കിടക്കുന്ന ഈ പദ്ധതി അവിടുത്തെ ജനങ്ങൾക്കിടയിൽ പരിഹാസത്തിന്റെയും തമാശയുടെയും ഒരു പ്രധാന വിഷയമായി അടുത്തകാലത്തായി മാറിയിരുന്നു. ഫ്ലൈഓവറിന്റെ നിർമ്മാണത്തിലെ മന്ദഗതി സമൂഹ മാധ്യമങ്ങളിൽ നിരവധിയായ മീമുകൾക്ക് വഴിയൊരുക്കി. "അടുത്ത തലമുറ വരുമ്പോൾ" മാത്രമേ ഈ നിർമ്മിതി പൂർത്തിയാവുകയുള്ളൂവെന്ന് ഉപയോക്താക്കൾ പരിഹസിക്കുക പതിവാണ്.












Click it and Unblock the Notifications