ബെംഗളൂരുവിലെ രണ്ടാം വിമാനത്താവളം; ദക്ഷിണ മേഖലയിൽ തന്നെ വരും, സാധ്യത പഠന റിപ്പോർട്ട് ഉടൻ
ബെംഗളൂരു: ബെംഗളൂരുവിൽ നിർദ്ദേശിച്ചിരിക്കുന്ന രണ്ടാമത്തെ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വിശദമായ സാധ്യതാ പഠന റിപ്പോർട്ട് സെപ്റ്റംബറോടെ തയ്യാറാകുമെന്ന് സൂചന. റിപ്പോർട്ട് ലഭിച്ച ശേഷം പദ്ധതിയുടെ തുടർനടപടികളെക്കുറിച്ച് സംസ്ഥാന സർക്കാർ തീരുമാനമെടുക്കും. പദ്ധതിയുടെ പുരോഗതി വിലയിരുത്താൻ മുഖ്യമന്ത്രി ഡികെ ശിവകുമാർ ബുധനാഴ്‌ച അവലോകന യോഗം ചേർന്നു.
പദ്ധതിയുടെ നിലവിലെ സ്ഥിതി സംബന്ധിച്ച വിവരങ്ങൾ ഉദ്യോഗസ്ഥർ മുഖ്യമന്ത്രിയെ ധരിപ്പിച്ചെങ്കിലും യോഗത്തിൽ അന്തിമ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. പദ്ധതിയുടെ പ്രാഥമിക സാധ്യതാ പഠനം ഇതിനകം തന്നെ എയർപോർർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ പൂർത്തിയാക്കിയിട്ടുണ്ട്. വിശദമായ പഠനത്തിനായി ചൂദഹള്ളി, കനകപുരയ്ക്ക് സമീപമുള്ള ഹരോഹള്ളി, നെലമംഗള എന്നിവ ഉൾപ്പെടെ നാല് സ്ഥലങ്ങളാണ് പരിഗണിച്ചിരിക്കുന്നത്.

നിലവിൽ ബന്ധപ്പെട്ട ഏജൻസികൾ ഈ സ്ഥലങ്ങളുടെ സാങ്കേതിക, സാമ്പത്തിക, ധനകാര്യ സാധ്യതകൾ വിശദമായി വിലയിരുത്തുകയാണ്. ഇതിനൊപ്പം പരിസ്ഥിതി ആഘാതം, ഭൂമിയുടെ വില, ഭാവിയിലെ യാത്രക്കാരുടെ എണ്ണം, ചരക്ക് ഗതാഗത സാധ്യതകൾ തുടങ്ങിയ കാര്യങ്ങളും പഠനവിധേയമാക്കിയ ശേഷമായിരിക്കും തീരുമാനം. നിലവിലെ റിപ്പോർട്ടുകൾ അനുസരിച്ച് വടക്കൻ ബെംഗളൂരു മേഖലയിൽ തന്നെ ആവും വിമാനത്താവളം വരിക.
യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിച്ച മുഖ്യമന്ത്രി ഡികെ ശിവകുമാർ, നേരത്തേ അവതരിപ്പിച്ച വിവരങ്ങളാണ് വീണ്ടും വിശദീകരിച്ചതെന്ന് പറഞ്ഞു. വിമാനത്താവളത്തിനായി ഒരു ഗ്രാമവും പൂർണമായി കുടിയൊഴിപ്പിക്കേണ്ട സാഹചര്യം ഉണ്ടാകരുതെന്നും ഭൂമിയേറ്റെടുക്കൽ ചെലവ് ന്യായമായിരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുക്കുന്ന സ്ഥലത്ത് ഏതാനും വീടുകൾ മാത്രമാണുള്ളതെങ്കിൽ അവയ്ക്ക് ആവശ്യമായ നഷ്‌ടപരിഹാരം നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പട്ടികയിലെ ഹരോഹള്ളി കനകപുരയുടെ പരിധിയിൽ വരുന്നതിനാൽ, ചൂഡഹള്ളി, സോമനഹള്ളി എന്നിവയുമായി താരതമ്യം ചെയ്യുമ്പോൾ ഇവിടെ ഭൂമി ഏറ്റെടുക്കൽ നടപടികൾ എളുപ്പമായേക്കാം. നേരത്തെ പരിഗണനയിലുണ്ടായിരുന്ന രണ്ട് സ്ഥലങ്ങളും മുഖ്യമന്ത്രിയുടെ മണ്ഡലത്തിന് പുറത്താണ് സ്ഥിതി ചെയ്യുന്നത്; മാത്രമല്ല, നിർദ്ദിഷ്‌ട 'എഐ സിറ്റി'യുമായി ബന്ധപ്പെട്ട് കർഷക പ്രക്ഷോഭങ്ങൾ നടക്കുന്ന ബിദാദിക്ക് അടുത്താണ് ഇവയുള്ളതും.
ലഭിക്കുന്ന വിവരങ്ങൾ പ്രകാരം, രണ്ടാമത്തെ വിമാനത്താവളവും എഐ സിറ്റിയും പരസ്‌പരം അടുത്തായി സ്ഥാപിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. എന്നാൽ പരസ്‌പരം ചേർന്ന് കിടക്കുന്ന സോമനഹള്ളി (4800 ഏക്കർ), ചൂദഹള്ളി (5000 ഏക്കർ) എന്നീ സ്ഥലങ്ങൾ ഉൾപ്പെടുത്തി സംയോജിതമായി വിമാനത്താവള പദ്ധതി വികസിപ്പിക്കാനുള്ള സാധ്യതയും ചർച്ചയായിട്ടുണ്ട്. ഈ നിർദ്ദേശത്തിന് സർക്കാർ ഏജൻസികളുടെ ഭാഗത്തുനിന്ന് മികച്ച പിന്തുണ ലഭിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.
കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണം തുടർച്ചയായി ഉയരുന്ന സാഹചര്യത്തിലാണ് ബെംഗളൂരുവിന് രണ്ടാമത്തെ അന്താരാഷ്ട്ര വിമാനത്താവളം സ്ഥാപിക്കാൻ കർണാടക സർക്കാർ നീക്കം ശക്തമാക്കിയത്. അതേസമയം, കർണാടക അതിർത്തിക്ക് സമീപമുള്ള ഹൊസൂരിൽ പുതിയ വിമാനത്താവളം വികസിപ്പിക്കാനുള്ള തമിഴ്‌നാട് സർക്കാരിന്റെ പ്രഖ്യാപനവും ഈ പദ്ധതിക്ക് കൂടുതൽ പ്രാധാന്യം നൽകാൻ കാരണമായിട്ടുണ്ട്.














Click it and Unblock the Notifications