ബെംഗളൂരുവിൽ ഇനി നടപ്പാതകൾ ക്ലീനാവും; ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ കണ്ടുകെട്ടും, ലേലം ചെയ്യാൻ നടപടി
ബെംഗളൂരു: നഗരത്തിൽ നടപ്പാക്കുന്ന 'സേഫ് ഫുട്‌പാത്ത്' ക്യാമ്പയിൻ അവസാനിക്കാൻ രണ്ട് ദിവസം മാത്രം ശേഷിക്കെ നടപ്പാതകളിൽ പാർക്ക് ചെയ്‌തിരിക്കുന്ന ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ നീക്കം ചെയ്യുന്നതിനായി ഇന്ന് മുതൽ പ്രത്യേക ഡ്രൈവ് ആരംഭിക്കുമെന്ന് ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി. ജിബിഎയുടെ കീഴിലുള്ള അഞ്ച് കോർപ്പറേഷനുകളും ട്രാഫിക് പോലീസും സംയുക്തമായി ഡ്രൈവ് ഏറ്റെടുക്കുമെന്ന് ജിബിഎ അറിയിച്ചു.
ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളിൽ നോട്ടീസ് പതിക്കുമെന്നും വാഹനങ്ങൾ നീക്കം ചെയ്യാൻ ഉടമകൾക്ക് ഏഴ് ദിവസത്തെ സമയം നൽകുമെന്നും ജിബിഎ ചീഫ് കമ്മീഷണർ എം മഹേശ്വര റാവു പറഞ്ഞു. 7 ദിവസത്തെ നോട്ടീസ് കാലയളവിനുള്ളിൽ വാഹനങ്ങൾ നീക്കം ചെയ്‌തില്ലെങ്കിൽ, അവ കെട്ടിവലിച്ചു കൊണ്ട് പോവുകയും അധികാരികൾ പിടിച്ചെടുക്കുകയും ചെയ്യും.

പിടിച്ചെടുത്ത എല്ലാ വാഹനങ്ങളും പിന്നീട് ജിബിഎ ആക്‌ട്, 2024 ലെ സെക്ഷൻ 324 പ്രകാരം പൊതു ലേലത്തിൽ വയ്ക്കുന്നതാണ്. ലേലത്തിന് മുമ്പ് വാഹനങ്ങൾ വിട്ടുനൽകണമെങ്കിൽ ആ വാഹനങ്ങളുടെ ഉടമകൾ അതത് അധികാരപരിധിയിലുള്ള പോലീസ് സ്‌റ്റേഷനുകൾ സന്ദർശിച്ച് പിഴ അടയ്‌ക്കേണ്ടിവരും. ഒരു വാഹനം ലേലം ചെയ്‌തുകഴിഞ്ഞാൽ ഒരു ക്ലെയിമും സ്വീകരിക്കില്ലെന്ന് മഹേശ്വർ റാവു പറഞ്ഞു.
'എല്ലാ പൗരന്മാരും ഈ വിവരം ഉടനടി ശ്രദ്ധിക്കാൻ ഇതിനാൽ നിർദ്ദേശിക്കുന്നു. നിങ്ങളുടെ ഏതെങ്കിലും വാഹനങ്ങൾ പൊതു നിരത്തുകളിലോ തുറസായ സ്ഥലങ്ങളിലോ ഉപേക്ഷിക്കുകയാണെങ്കിൽ, കണ്ടുകെട്ടലും തുടർന്നുള്ള പൊതു ലേലവും ഒഴിവാക്കാൻ അവ നിങ്ങളുടെ സ്വകാര്യ സ്വത്തുകളിലേക്ക് ഉടൻ മാറ്റാൻ കർശനമായി നിർദ്ദേശിക്കുന്നു'; എന്നാണ് മഹേശ്വർ റാവു അറിയിച്ചത്.
നടപ്പാതകൾ വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ളതല്ലെന്ന് കഴിഞ്ഞ മാസം ബംഗളൂരു വികസന മന്ത്രി കൃഷ്‌ണ ബൈരെ ഗൗഡ പരാമർശിക്കുകയും ഇത്തരത്തിൽ പാർക്ക് ചെയ്‌ത വാഹനങ്ങൾ പിടിച്ചെടുക്കുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്‌തിരുന്നു. നടപ്പാതയിലൂടെ നടക്കാനുള്ള അവകാശം ഓരോ പൗരന്റെയും മൗലികാവകാശമാണെന്ന് സുപ്രീം കോടതി വ്യക്തമായി പ്രസ്‌താവിച്ചിട്ടുണ്ടെന്നും ഇത് നടപ്പാക്കാൻ സംസ്ഥാനങ്ങളിലുടനീളമുള്ള എല്ലാ തദ്ദേശ സ്ഥാപനങ്ങൾക്കും നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ബെംഗളൂരുവിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന 1000 റോഡപകട മരണങ്ങളിൽ 30 ശതമാനവും കാൽനടയാത്രക്കാരാണെന്ന് ട്രാഫിക് പോലീസിന്റെ കണക്കുകൾ ഉദ്ധരിച്ച് മന്ത്രി പറഞ്ഞു. കുറഞ്ഞത് 2000 കിലോമീറ്റർ മുൻഗണനാ റോഡുകളിൽ സുഗമമായ കാൽനടയാത്രയ്ക്ക് വഴിയൊരുക്കുന്നതിന് എല്ലാ കടകളും തടസങ്ങളും നീക്കാൻ മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിരുന്നു.
അതിനിടെ, രണ്ട് ലക്ഷം വഴിയോര കച്ചവടക്കാരെ പ്രതിനിധീകരിക്കുന്ന കർണാടക പ്രോഗ്രസീവ് സ്ട്രീറ്റ് വെണ്ടേഴ്‌സ് ഓർഗനൈസേഷൻ ഫെഡറേഷൻ, കരുനാട് സ്ട്രീറ്റ് വെണ്ടേഴ്‌സ് ഓർഗനൈസേഷൻസ് ഫെഡറേഷൻ, നവ കർണാടക സ്‌റ്റേറ്റ് സ്ട്രീറ്റ് വെണ്ടേഴ്‌സ് യൂണിയൻ, സ്ട്രീറ്റ് വെണ്ടേഴ്‌സ് യൂണിയൻ, രണ്ട് ലക്ഷം വഴിയോര കച്ചവടക്കാരെ പ്രതിനിധീകരിക്കുന്ന കർണാടക വനിതാ സ്ട്രീറ്റ് വെണ്ടേഴ്‌സ് അസോസിയേഷൻ ഫെഡറേഷൻ എന്നിവ നഷ്‌ടപരിഹാരം നൽകണമെന്ന ആവശ്യവുമായി രംഗത്ത് വന്നിട്ടുണ്ട്.














Click it and Unblock the Notifications