ബെംഗളൂരുവിലെ യാത്രാ ദുരിതം തീരില്ലേ? ബനസ്വാഡി ഫ്ലൈഓവർ 5 വർഷമായിട്ടും കടലാസിൽ തന്നെ, വൻ പ്രതിഷേധം
ബെംഗളൂരു: ദൊഡ്ഡ ബനസ്വാഡി മെയിൻ റോഡിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനായി അഞ്ചുവർഷം മുമ്പ് നിർദ്ദേശിക്കപ്പെട്ട ഫ്ലൈഓവർ പദ്ധതി ഇതുവരെ ആരംഭിക്കാത്തതിൽ പ്രതിഷേധം പുകയുകയാണ്. മുകുന്ദ തിയേറ്ററിനടുത്ത് എലവേറ്റഡ് റോഡിൽ ഫ്ലൈഓവർ നിർമ്മിക്കാനുള്ള ഈ പദ്ധതിയിലെ കാലതാമസം കാരണം ഒരു ഡസനിലധികം സംഘടനകൾ ഓൺലൈൻ നിവേദനവും അനുബന്ധ പ്രവർത്തനങ്ങളും തുടങ്ങിയിരിക്കുകയാണ്.
ബെംഗളൂരു മൊബിലിറ്റി ഫെഡറേഷന്റെ ഓൺലൈൻ നിവേദനത്തിന് ഇതിനോടകം 2500 പേർ ഒപ്പിട്ടു. ആയിരക്കണക്കിന് യാത്രക്കാരുടെ നിത്യജീവിതം താറുമാറാക്കുന്ന, ദശാബ്‌ദങ്ങളായുള്ള ഗതാഗതക്കുരുക്കാണ് നിവേദനത്തിലെ പ്രധാന വിഷയം. ബെംഗളൂരു നഗരത്തിലെ വിവിധ ഇടങ്ങളിൽ മെച്ചപ്പെട്ട ഗതാഗത സൗകര്യങ്ങൾ കൊണ്ട് വരികയും നടപ്പാക്കുകയും ഒക്കെ ചെയ്യുന്ന സമയത്താണ് ഈ പദ്ധതിയിൽ മാത്രം അലംഭാവം കാണിക്കുന്നത്.

ഈ വെല്ലുവിളി ധാരാളം കുടുംബങ്ങൾ ദിവസവും അനുഭവിക്കുന്നു, മലിനീകരണം വർധിപ്പിക്കുകയും യാത്രാ സമയം കൂട്ടുകയും ചെയ്യുന്നു. ഇത് യാത്രക്കാരുടെ പ്രൊഫഷണൽ കാര്യക്ഷമത, കുടുംബത്തോടൊപ്പം ചിലവഴിക്കേണ്ട സമയം, മൊത്തത്തിലുള്ള ക്ഷേമം എന്നിവയെ ദോഷകരമായി ബാധിക്കുന്നുവെന്നാണ് നിവേദനത്തിലൂടെ സംഘടനകൾ ചൂണ്ടിക്കാണിക്കുന്നത്.
ബനസ്വാഡി, കല്യാൺ നഗർ, ഹൊരമാവ്, ഹെന്നൂർ, എച്ച്ആർബിആർ ലേഔട്ട്, കമ്മനഹള്ളി, രാമാമൂർത്തി നഗർ തുടങ്ങിയ റെസിഡന്റ്സ് വെൽഫെയർ അസോസിയേഷനുകൾ ഫെഡറേഷന്റെ ഭാഗമാണ്. പദ്ധതി വേഗത്തിലാക്കാൻ അംഗങ്ങൾ അടുത്തിടെ സർവജ്ഞനഗർ എംഎൽഎയും ഊർജ്ജ മന്ത്രിയുമായ കെജെ ജോർജിനെ നേരിട്ട് കണ്ടിരുന്നു.
ഐഒസി ജംഗ്ഷനു മുകളിൽ നിർദ്ദേശിക്കപ്പെട്ട റോഡി ഫ്ലൈഓവർ, ദൊഡ്ഡ ബനസ്വാഡി പ്രധാന റോഡിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ഏറ്റവും ഫലപ്രദമെന്ന് കരുതുന്ന മാറ്റങ്ങളിൽ ഒന്നാണ്. നോർത്ത് ബെംഗളൂരുവിനെയും ഇന്ദിരാനഗർ, ബൈയപ്പനഹള്ളി, ഫ്രേസർ ടൗൺ, പുലികേശി നഗർ പോലുള്ള നഗര കേന്ദ്രങ്ങളെയും ബന്ധിപ്പിക്കുന്ന പ്രധാന കണ്ണി കൂടിയാണിത്. എന്നിട്ടും ഇതുവരെയും പദ്ധതിയുടെ കാര്യത്തിൽ ഒരു പുരോഗതിയും ഉണ്ടായിട്ടില്ല.
മുകുന്ദ തിയേറ്ററിലെ ഇടുങ്ങിയ ഫ്ലൈഓവർ ഒഴിവാക്കി യാത്രക്കാർ ദൂരം കൂട്ടി സഞ്ചരിക്കുന്നതിനാൽ, പഴയ മദ്രാസ് റോഡിലും (ബൈയപ്പനഹള്ളിക്ക് സമീപം) ലിംഗരാജപുരം ഫ്ലൈഓവറുകളിലും തിരക്ക് ഏറുകയാണ്. ഈ പ്രതിസന്ധി പരിഹരിക്കുന്നത് വടക്കുകിഴക്കൻ മേഖലയിലെ ഗതാഗതക്കുരുക്കിന് ശമനമുണ്ടാക്കുമെന്ന് ഇതുവഴി കടന്നുപോവുന്നവരും പ്രദേശവാസികളും ഒരുപോലെ പറയുന്നു.
അതേസമയം, പദ്ധതി നടപ്പാക്കേണ്ട സമയപരിധി ഉദ്യോഗസ്ഥർ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ടെൻഡർ വഴി തിരഞ്ഞെടുക്കുന്ന നിർമ്മാണ കമ്പനിയെക്കുറിച്ചുള്ള നിർദ്ദേശം അർബൻ ഡെവലപ്‌മെന്റ് ഡിപ്പാർട്ട്‌മെന്റിന്റെ അനുമതിക്കായി അയച്ചിട്ടുണ്ട്. എന്നാൽ കഴിഞ്ഞ അഞ്ച് വർഷമായി പദ്ധതിയുടെ കാര്യത്തിൽ ഒരു പുരോഗതിയും ഉണ്ടായിട്ടില്ലെന്നതാണ് കാര്യം.












Click it and Unblock the Notifications