ബെംഗളൂരു ടണൽ റോഡ്, എലിവേറ്റഡ് കോറിഡോറുകൾ എന്നിവ മുന്നോട്ട് തന്നെ; ബിഎംഎൽടിഎ അനുമതി വേണ്ട
ബെംഗളൂരു: നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമെന്ന ലക്ഷ്യത്തോടെ നടപ്പാക്കാൻ തീരുമാനിച്ച ടണൽ റോഡ്, എലിവേറ്റഡ് കോറിഡോർ ഉൾപ്പെടെയുള്ള വൻ അടിസ്ഥാനസൗകര്യ പദ്ധതികൾക്ക് ഇനി ബെംഗളൂരു മെട്രോപൊളിറ്റൻ ലാൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ബിഎംഎൽടിഎ) അനുമതി നിർബന്ധമല്ല. കോൺഗ്രസ് നേതൃത്വത്തിലുള്ള കർണാടക സർക്കാർ ബിഎംഎൽടിഎ ചട്ടങ്ങൾ-2026 ഔദ്യോഗികമായി വിജ്ഞാപനം ചെയ്‌തതോടെയാണ് ഈ നിർണായക മാറ്റം നിലവിൽ വന്നത്.
നഗരഗതാഗത പദ്ധതികളുടെ മേൽനോട്ടത്തിലും ആസൂത്രണത്തിലും ബിഎംഎൽടിഎയ്ക്ക് നൽകിയിരുന്ന അധികാരപരിധിയെ ഈ തീരുമാനം ഗണ്യമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ. ബെംഗളൂരുവിൽ വിവിധ സർക്കാർ ഏജൻസികൾ സ്വതന്ത്രമായി നടപ്പാക്കുന്ന റോഡ്, മെട്രോ, ബസ്, റെയിൽ, പാലം, ഫ്ലൈഓവർ, നടപ്പാത, സൈക്കിൾപാത തുടങ്ങിയ പദ്ധതികൾക്ക് ഏകോപനം ഉറപ്പാക്കാനാണ് ബിഎംഎൽടിഎ രൂപീകരിച്ചത്.

നഗരത്തിലെ എല്ലാ ഗതാഗത പദ്ധതികളും സമഗ്രമായി വിലയിരുത്തി, പരിസ്ഥിതി ആഘാതം, സാമ്പത്തിക പ്രായോഗികത, പൊതുഗതാഗതവുമായി സംയോജനം, ദീർഘകാല നഗരവികസന ലക്ഷ്യങ്ങൾ എന്നിവ പരിഗണിച്ച ശേഷമേ അനുമതി നൽകാവൂ എന്നതാണ് നിയമത്തിന്റെ അടിസ്ഥാന ലക്ഷ്യം.
എന്നാൽ ഈ വർഷം ജനുവരിയിൽ പുറത്തിറക്കിയ കരട് ചട്ടങ്ങളിൽ ഉൾപ്പെടുത്തിയ 'സേവിംഗ്‌സ് ക്ലോസ്' വലിയ വിവാദത്തിനിടയാക്കിയിരുന്നു.
2022 മുതൽ 2025 വരെയുള്ള കാലയളവിൽ ആരംഭിച്ചതോ ഭരണാനുമതി ലഭിച്ചതോ ആയ എല്ലാ പദ്ധതികളും ബിഎംഎൽടിഎയുടെ നിർബന്ധിത പരിശോധനയിൽ നിന്ന് ഒഴിവാക്കുമെന്നായിരുന്നു വ്യവസ്ഥ. ബെംഗളൂരുവിലെ ടണൽ റോഡ്, എലിവേറ്റഡ് കോറിഡോർ, പ്രധാന ഫ്ലൈഓവർ വികസനങ്ങൾ എന്നിവയെല്ലാം ഈ കാലയളവിലാണ് സർക്കാർ പ്രഖ്യാപിക്കുകയും നടപടികൾ ആരംഭിക്കുകയും ചെയ്‌തിട്ടുള്ളത്.
പരിസ്ഥിതി പ്രവർത്തകർ, പൗരസംഘടനകൾ എന്നിവർ ഈ വ്യവസ്ഥയ്‌ക്കെതിരെ ശക്തമായി രംഗത്തെത്തിയിരുന്നു. നഗരത്തിലെ ഏറ്റവും ചെലവേറിയതും ദീർഘകാല പ്രത്യാഘാതമുണ്ടാക്കുന്നതുമായ പദ്ധതികൾ ബിഎംഎൽടിഎയുടെ ശാസ്ത്രീയ വിലയിരുത്തലിന് പുറത്താകുന്നത് നിയമത്തിന്റെ തത്വങ്ങൾക്ക് വിരുദ്ധമാണെന്നാണ് അവരുടെ വാദം. കോടിക്കണക്കിന് രൂപ ചെലവ് വരുന്ന ടണൽ റോഡ് പദ്ധതി പൊതുഗതാഗത വികസനത്തിന് പകരം സ്വകാര്യ വാഹനങ്ങൾക്ക് കൂടുതൽ പ്രോത്സാഹനം നൽകുമെന്ന ആശങ്കയും അവർ ഉയർത്തിയിരുന്നു.
എങ്കിലും ജൂലൈ 2-ന് പുറത്തിറക്കിയ അന്തിമ വിജ്ഞാപനത്തിലും സർക്കാർ ഈ വ്യവസ്ഥയിൽ മാറ്റം വരുത്തിയില്ല. ചട്ടങ്ങൾ പ്രാബല്യത്തിൽ വരുന്നതിന് മുമ്പ് എടുത്ത എല്ലാ തീരുമാനങ്ങളും, നൽകിയ ഭരണാനുമതികളും, ടെൻഡർ നടപടികളും, പുരോഗമിക്കുന്ന നിർമാണ പ്രവർത്തനങ്ങളും, തീർപ്പാകാത്ത നടപടിക്രമങ്ങളും പുതിയ ചട്ടങ്ങൾ ബാധിക്കില്ലെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ ബിഎംഎൽടിഎ രൂപീകരിക്കുന്നതിന് മുമ്പ് അംഗീകാരം നേടിയ പദ്ധതികൾ പഴയ രീതിയിൽ തന്നെ മുന്നോട്ടുപോകും.
ഇതോടെ ബെംഗളൂരുവിൽ നിർദേശിച്ചിട്ടുള്ള 18 കിലോമീറ്റർ നീളമുള്ള ടണൽ റോഡ് പദ്ധതി, വിവിധ എലിവേറ്റഡ് കോറിഡോറുകൾ, പ്രധാന റോഡ് വികസന പദ്ധതികൾ എന്നിവയ്ക്ക് ബിഎംഎൽടിഎയുടെ പ്രത്യേക അനുമതിയോ പുനഃപരിശോധനയോ ആവശ്യമില്ല. നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനും യാത്രാസമയം ചുരുക്കുന്നതിനുമാണ് സർക്കാർ ഈ പദ്ധതികൾ മുന്നോട്ടുവയ്ക്കുന്നത്. എന്നാൽ ഇത്തരം പദ്ധതികളുടെ ഫലപ്രാപ്‍തി, പരിസ്ഥിതി ആഘാതം, സാമ്പത്തിക ബാധ്യത എന്നിവ ഇനി ചോദ്യ ചിഹ്നമാവും.
അതേസമയം, പുതിയ ചട്ടങ്ങൾ ഭാവിയിൽ ആരംഭിക്കുന്ന ഗതാഗത പദ്ധതികൾക്ക് ബാധകമായിരിക്കും. ഇനി മുതൽ പുതിയ പദ്ധതികൾ ബിഎംഎൽടിഎയുടെ പരിഗണനയ്ക്ക് വിധേയമാകേണ്ടതുണ്ടെങ്കിലും, ഇതിനകം പ്രഖ്യാപിക്കുകയും അംഗീകാരം ലഭിക്കുകയും ചെയ്‌ത മെഗാ പദ്ധതികളിലെ ഇളവ് പ്രതിപക്ഷത്തിൽ നിന്ന് എതിർപ്പുണ്ടാവാൻ കാരണമാവുമെന്ന് ഉറപ്പാണ്.












Click it and Unblock the Notifications