ബെംഗളൂരു തുരങ്കപാത; ലാൽബാഗിനെ എങ്ങനെ ബാധിക്കും? ജിയോളജിക്കൽ സർവേ പഠനം തുടങ്ങി, റിപ്പോർട്ട് 21ന്
ബെംഗളൂരു: നഗരം ഏറെനാളായി കാത്തിരിക്കുന്നതും അതിലേറെ എതിർപ്പുകൾ നേരിടുന്നതുമായ പദ്ധതികളിൽ ഒന്നാണ് തുരങ്കപാത. ഇത് പ്രധാനമായും ഉണ്ടാക്കിയേക്കാവുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളും ഉയർന്ന ചിലവുമാണ് പലരെയും പിന്നോട്ട് വലിക്കുന്ന ഘടകങ്ങൾ. അത്തരത്തിൽ ഇപ്പോഴിതാ പാതയുമായി ബന്ധപ്പെട്ട് ലാൽബാഗ് ഉദ്യാനത്തിന് ഉണ്ടായേക്കാവുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് പഠനം നടത്തുകയാണ് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ.
കഴിഞ്ഞ ദിവസം ജിഎസ്‌ഐ ഓഫീസിൽ വെച്ച് പൗരസംഘടനകളുമായും റസിഡന്റ്സ് വെൽഫെയർ അസോസിയേഷനുകളുമായും നടന്ന യോഗത്തിലാണ് ഈ വിവരം പങ്കുവെച്ചത്. ജിഎസ്ഐ ദക്ഷിണ മേഖല അഡീഷണൽ ഡയറക്‌ടർ ജനറലും (എഡിജി) വിഭാഗം മേധാവിയുമായ വിജയ് വിഷ്‌ണുപന്ത് മുകൾ അറിയിച്ചത് പ്രകാരം, ഏപ്രിൽ 21-ഓടെ സമിതിയുടെ സാങ്കേതിക കണ്ടെത്തലുകൾ കേന്ദ്ര സർക്കാരിന് സമർപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

3000 ദശലക്ഷം വർഷം പഴക്കമുള്ള ലാൽബാഗിലെ ഈ പാറ രൂപീകരണത്തിന് ഭൂമിക്കടിയിലെ നിർമ്മാണങ്ങൾ പരിഹരിക്കാനാവാത്ത നാശമുണ്ടാക്കുമെന്ന പരിസ്ഥിതി പ്രവർത്തകരുടെയും പൗരൻമാരുടെയും ആശങ്കകൾ ഉയർന്നതോടെയാണ് യോഗം ചേർന്നത്. ഈ ഭാഗം ഒരു ദേശീയ ഭൂമിശാസ്ത്ര സ്‌മാരകമാണ്. ഈ റിപ്പോർട്ട് അനുസരിച്ചായിരിക്കും പാതയുടെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾ.
ഹെബ്ബാൾ-സിൽക്ക് ബോർഡ് റോഡ് തുരങ്കപാത
നഗരത്തിന്റെ ഹൃദയത്തിലൂടെ, ലാൽബാഗ് ബൊട്ടാണിക്കൽ ഗാർഡന് സമീപത്തുകൂടി കടന്നുപോകുന്ന 16.74 കിലോമീറ്റർ നീളമുള്ള ഭൂഗർഭ പാതയാണ് ഈ പദ്ധതി. ഏകദേശം 18,000-19,000 കോടി രൂപയാണ് ഇതിന്റെ നിർമ്മാണ ചിലവ്. വേഗതയേറിയ യാത്രയാണ് അധികൃതട് വാഗ്‌ദാനം ചെയ്യുന്നത്, എന്നാൽ കടുത്ത പാരിസ്ഥിതിക പ്രശ്‌നങ്ങളെക്കുറിച്ച് വിമർശകർ ഏറെനാളായി മുന്നറിയിപ്പ് നൽകുന്നു.
ഇരട്ട ട്യൂബുകളുള്ള ഈ തുരങ്കം ഹെബ്ബാളിലെ എസ്റ്റീം മാൾ ജംഗ്ഷനെയും തെക്കുള്ള സെൻട്രൽ സിൽക്ക് ബോർഡ് ജംഗ്ഷനെയും തമ്മിൽ ബന്ധിപ്പിക്കും. വടക്ക്-തെക്ക് ഭാഗങ്ങളിലെ തിരക്കേറിയ പാതയിലൂടെ, മേഘ്രി സർക്കിൾ, റേസ് കോഴ്‌സ്, ലാൽബാഗ് തുടങ്ങിയ പ്രദേശങ്ങളെ സ്‌പർശിച്ചാണ് ഇത് കടന്നുപോകുന്നത്. ബെംഗളൂരു സ്‌മാർട്ട് ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡ് ആണ് ഈ ബൃഹത്തായ പദ്ധതിയുടെ നിർവഹണ ചുമതല വഹിക്കുന്നത്. ലാൽബാഗ് ബൊട്ടാണിക്കൽ ഗാർഡന് സമീപം പത്ത് ലെയ്ൻ ഭൂഗർഭ പാതയാണ് ആസൂത്രണം ചെയ്‌തിള്ളത്.
അശോക പില്ലറിൽ നിന്ന് രണ്ട് എൻട്രി പാതകൾ ലാൽബാഗ് തടാകത്തോട് ചേർന്നായിരിക്കും. ഏകദേശം 1.1 കിലോമീറ്റർ നീളമുള്ള മറ്റൊരു രണ്ട് ലെയ്ൻ റാമ്പ്, ഉദ്യാനത്തിലെ പുരാതന പെനിൻസുലാർ ഗ്നൈസ് പാറക്കെട്ടിനടിയിലൂടെ കടന്ന് മാരിഗൗഡ ജംഗ്ഷനിൽ എത്തിച്ചേരും. ലാൽബാഗ് സന്ദർശിക്കുന്നവരുടെ എണ്ണം വളരെയധികമാണ് പച്ചപ്പ് നിറഞ്ഞ ഈ സ്ഥലങ്ങൾക്ക് ഈ ഉദ്യാനത്തിനടിയിലൂടെയുള്ള തുരങ്കം ഭാവിയിൽ വെല്ലുവിളിയാവുമോ എന്നാണ് ചോദ്യം.
മണിക്കൂറിൽ 80 കിലോമീറ്റർ വേഗത ലക്ഷ്യമിടുന്ന ഈ പദ്ധതി ഉപരിതല ജംഗ്ഷനുകളിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കും. ബിൽഡ്-ഓപ്പറേറ്റ്-ട്രാൻസ്‌ഫർ (ബിഒടി) മാതൃകയിൽ പദ്ധതി നടപ്പിലാക്കാൻ സംസ്ഥാന മന്ത്രിസഭ അനുമതി നൽകിയിട്ടുണ്ട്. ഒരു പ്രത്യേക സ്ഥാപനമായിരിക്കും നിർമ്മാണ, നിരീക്ഷണ, കൈമാറ്റ ചുമതലകൾ നിർവഹിക്കുക.
അതിനിടെ പദ്ധതിയുടെ സാമ്പത്തിക വശം ഗൗരവമായ ചർച്ചകൾക്ക് വിഷയമായിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ കണക്കനുസരിച്ച് ഏകദേശം 17,698 കോടി രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. എന്നാൽ ലേലങ്ങളിൽ അദാനി ഗ്രൂപ്പ് സമർപ്പിച്ച ഏറ്റവും കുറഞ്ഞ തുക 22,267 കോടി രൂപയായി ഉയർന്നു. സർക്കാർ വിഹിതം 40 ശതമാനം ആയി നിജപ്പെടുത്തുമെന്നും, ബാക്കിയുള്ള നിക്ഷേപം സ്വകാര്യ പങ്കാളികൾ വഹിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
അതിനാൽ തന്നെ ഉപയോക്താക്കൾക്ക് ഉയർന്ന ടോൾ നിരക്കുകൾക്ക് സാധ്യതയുണ്ട്. 16.6 കിലോമീറ്റർ ദൂരത്തിന് കാറുകൾക്ക് ഏകദേശം 330 രൂപ വരെ ടോൾ ഈടാക്കുമെന്നായിരുന്നു കണക്ക്. ഇത് ഹെബ്ബാളിനും സിൽക്ക് ബോർഡിനുമിടയിലെ മെട്രോ യാത്രാനിരക്കിനെക്കാൾ വളരെ കൂടുതലാണ്. വർധിച്ചുവരുന്ന ജീവിതച്ചെലവുകൾക്കിടയിൽ ഈ നിരക്ക് പലരിലും വലിയ ആശങ്കയുണ്ടാക്കുന്നു. പദ്ധതിക്ക് ആവശ്യമായ പാരിസ്ഥിതിക, ആസൂത്രണ പഠനങ്ങളിലെ പോരായ്‌മകളിലും ആശങ്ക ഉയരുന്നുണ്ട്.












Click it and Unblock the Notifications